പാർക്ക് ആൻഡ് റൈഡ് ഉപയോഗിക്കൂ; ഗതാഗതക്കുരുക്ക് ഒഴിവാക്കൂ
text_fieldsഅൽ ഖസ്സാർ മെട്രോ സ്റ്റേഷനോട് ചേർന്നുള്ള പാർക്ക് ആൻഡ് റൈഡ് സൂചന ബോർഡ്
ദോഹ: റോഡുകളിലെ തിരക്ക് ഒഴിവാക്കാൻ, പ്രത്യേകിച്ചും വിശേഷദിവസങ്ങളിലും വലിയ പരിപാടികൾ നടക്കുന്ന സമയങ്ങളിലും വാഹനമോടിക്കുന്നവർ പാർക്ക് ആൻഡ് റൈഡ് സേവനം ഉപയോഗപ്പെടുത്തണമെന്ന് ഖത്തർ റെയിൽ. ദോഹ മെട്രോയുടെ 12 സ്റ്റേഷനുകളിൽ പാർക്ക് ആൻഡ് റൈഡ് സേവനം ലഭ്യമാണെന്നും പ്രധാന ദിവസങ്ങളിലും വിശേഷസാഹചര്യങ്ങളിലും റോഡുകളിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന് ഈ സേവനം ഉപയോഗപ്പെടുത്തണമെന്നും ഖത്തർ റെയിൽ ട്വീറ്റ് ചെയ്തു. 12 ഇടങ്ങളിലായി 18,500 പാർക്കിങ് സ്പേസുകൾ ലഭ്യമാണെന്നും ഇവിടെ വാഹനങ്ങൾ പാർക്ക് ചെയ്ത് ഗതാഗതത്തിനായി ദോഹ മെട്രോ ഉപയോഗപ്പെടുത്തണമെന്നും ഗതാഗതക്കുരുക്ക് പേടിക്കേണ്ടതില്ലെന്നും ഖത്തർ റെയിൽ വ്യക്തമാക്കി. ജൂൺ 13, 14 ദിവസങ്ങളിലായി ഫിഫ ലോകകപ്പിലേക്കുള്ള ഇൻറർകോണ്ടിനൻറൽ പ്ലേ ഓഫ് നടക്കുന്നതുമായി ബന്ധപ്പെട്ടാണ് ഖത്തർ റെയിലിന്റെ ട്വീറ്റ്. ജൂൺ 13ന് ആസ്ട്രേലിയ പെറുവുമായും 14ന് കോസ്റ്ററീക്ക ന്യൂസിലൻഡുമായും ഏറ്റുമുട്ടും. റയ്യാനിലെ അഹ്മദ് ബിൻ അലി സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ.
അൽ വക്റ, എജുക്കേഷൻ സിറ്റി, ലുസൈൽ, അൽ ഖസ്സാർ എന്നീ വലിയ പാർക്ക് ആൻഡ് റൈഡ് കേന്ദ്രങ്ങളുൾപ്പെടെ 12 സ്റ്റേഷനുകളിലാണ് സേവനം ലഭ്യമാക്കിയിരിക്കുന്നത്. ഗതാഗത മന്ത്രാലയത്തിന്റെ പബ്ലിക് ബസ് ഇൻഫ്രാസ്ട്രക്ചർ പ്രോഗ്രാമിന്റെ കീഴിലെ പ്രധാന പദ്ധതികളിലൊന്നാണ് പാർക്ക് ആൻഡ് റൈഡ്. മെട്രോ സ്റ്റേഷനുകൾക്ക് സമീപം സൗജന്യ വാഹന പാർക്കിങ് സേവനമാണ് ഇതിലൂടെ നൽകുന്നത്. ഇവിടെ പാർക്ക് ചെയ്ത് സമയം ലാഭിച്ചും ചെലവുചുരുക്കിയും ദോഹ മെട്രോ ഉപയോഗിച്ച് വിവിധ കേന്ദ്രങ്ങളിലേക്ക് സഞ്ചരിക്കാം. രാജ്യത്തുടനീളം എല്ലാവർക്കും എളുപ്പത്തിലും താങ്ങാവുന്നതുമായ ഉയർന്ന നിലവാരത്തിലുള്ള ഗതാഗത സേവനങ്ങളും ആധുനിക പാർക്കിങ് സൗകര്യങ്ങളും ലഭ്യമാക്കുന്നതിനുള്ള ഗതാഗത മന്ത്രാലയത്തിന്റെ ഭാഗമായാണ് പാർക്ക് ആൻഡ് റൈഡ്. ലോകകപ്പ് സ്റ്റേഡിയങ്ങളിൽ എത്തിച്ചേരുന്നതിന് പൊതുഗതാഗതം പ്രയോജനപ്പെടുത്താൻ സൗകര്യമൊരുക്കുന്ന പദ്ധതി കൂടിയാണ് പാർക്ക് ആൻഡ് റൈഡ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

