ഖത്തറിന് സുരക്ഷയൊരുക്കാൻ യു.എസ്
text_fieldsദോഹ: ഖത്തറിന്റെ സുരക്ഷ ഉറപ്പാക്കാൻ അസാധാരണ ഉത്തരവ് പുറപ്പെടുവിച്ച് യു.എസ് പ്രസിഡന്റ്. ഖത്തറിനെ അറബ് രാജ്യത്തെ സുപ്രധാന സുരക്ഷാ പങ്കാളിയായി പ്രഖ്യാപിക്കുന്ന എക്സിക്യൂട്ടീവ് ഉത്തരവിൽ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒപ്പുവെച്ചു. സെപ്റ്റംബർ ഒമ്പതിന് ദോഹയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഖത്തറുമായുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ട്രംപിന്റെ എക്സിക്യൂട്ടീവ് ഉത്തരവ്.
ഖത്തറിനെതിരെയുള്ള ആക്രമണം തങ്ങൾക്കെതിരെ കൂടിയുള്ള ആക്രമണമായി കണക്കാക്കുമെന്ന് എന്ന് ഉത്തരവിൽ പറയുന്നു. ഖത്തറിന്റെ ഭൂപ്രദേശം, പരമാധികാരം, നിർണായക അടിസ്ഥാന സൗകര്യങ്ങൾ എന്നിവക്ക് മേലുള്ള സായുധ ആക്രമണം യു.എസിന്റെ കൂടി സുരക്ഷക്കും സമാധാനത്തിനും മേലുള്ള ഭീഷണിയായി കണക്കാക്കും. സൈനിക മേഖലയിൽ അടക്കം വർഷങ്ങളായി പരസ്പര സഹകരണമുള്ള രാജ്യങ്ങളാണ് യു.എസും ഖത്തറും. ആഗോള സംഘർഷങ്ങളിൽ മധ്യസ്ഥൻ എന്ന നിലയിൽ ഖത്തർ യു.എസുമായി ചേർന്നു പ്രവർത്തിക്കുന്നുണ്ട്.
ഈ ചരിത്രം മാനിച്ചും, വിദേശത്തു നിന്നുള്ള ഭീഷണി കണക്കിലെടുത്തും ഖത്തറിന്റെ സുരക്ഷ ഉറപ്പുവരുത്തേണ്ടത് യു.എസിന്റെ നയമാണ്. ഖത്തറിനെതിരെ ആക്രമണമുണ്ടാകുന്നപക്ഷം, നയതന്ത്രം, സാമ്പത്തികം, ആവശ്യമെങ്കിൽ സൈനികമടക്കമുള്ള നിയമപരവും ഉചിതവുമായ നടപടികൾ യു.എസ് കൈക്കൊള്ളുമെന്നും ഉത്തരവിൽ വ്യക്തമാക്കി.
നാറ്റോ ഇതര സഖ്യകക്ഷിക്കുവേണ്ടി ആദ്യമായാണ് യു.എസ് ഇത്തരത്തിലൊരു എക്സിക്യൂട്ടീവ് ഉത്തരവ് പുറപ്പെടുവിക്കുന്നത്. ട്രംപിന്റെ ഇടപെടലിൽ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു കഴിഞ്ഞ ദിവസം ഖത്തർ പ്രധാനമന്ത്രിയെ വിളിച്ച് ആക്രമണത്തിൽ മാപ്പു ചോദിച്ചിരുന്നു. ഇനിയൊരു ആക്രമണമുണ്ടാകില്ലെന്നും നെതന്യാഹു ഉറപ്പുനൽകിയിരുന്നു.
അതേസമയം, യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവെച്ച എക്സിക്യൂട്ടീവ് ഉത്തരവിനെ ഖത്തർ സ്വാഗതം ചെയ്തു. സംഘർഷങ്ങൾ പരിഹരിക്കുന്നതിനും ആഗോള സമാധാനവും സുരക്ഷയും കൈവരിക്കുന്നതിനുമായി ഇരുരാജ്യങ്ങളും തമ്മിലുള്ള ദീർഘകാല ബന്ധത്തിന്റെ തെളിവാണ് ഈ ഉത്തരവെന്ന് വിദേശകാര്യ മന്ത്രാലയം വിശദീകരിച്ചു. പ്രതിരോധ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള സുപ്രധാന ചുവടുവെപ്പാണ്. മേഖലയിൽ സമാധാനം ഉറപ്പാക്കുന്നതിനായി അമേരിക്ക വഹിക്കുന്ന പങ്കിനെ പ്രശംസിച്ച ഖത്തർ, നയതന്ത്ര മേഖലകളിൽ ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതിന് ഈ നടപടി സഹായകമാകുമെന്നും ആവർത്തിച്ചു.
ഖത്തർ അമീറിനെ ഫോണിൽ വിളിച്ച് ഡോണൾഡ് ട്രംപ്
ദോഹ: ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയെ ഫോണിൽ വിളിച്ച് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സംഭാഷണത്തിൽ, ഗസ്സയിലെ യുദ്ധം അവസാനിപ്പിക്കാനുള്ള ട്രംപിന്റെ പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചെയ്തു. വിഷയത്തിൽ, യു.എസിന്റെ സമാധാന ശ്രമങ്ങൾക്ക് അമീർ പിന്തുണ അറിയിച്ചു. മേഖലയിൽ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുകയും ഫലസ്തീൻ ജനതയുടെ അവകാശങ്ങൾ സംരക്ഷിക്കുകയും ചെയ്യുന്ന നീതിയുക്തമായ കരാറിൽ എത്താൻ കഴിയുമെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു. കൂടാതെ, ഉഭയകക്ഷി സഹകരണവും വിവിധ മേഖലകളിലെ ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ ബന്ധങ്ങൾ ഇരുവരും അവലോകനം ചെയ്തു.
ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി, ഡോണൾഡ് ട്രംപ്
കഴിഞ്ഞദിവസം ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ നേതൃത്വത്തിൽ നടത്തുന്ന സമാധാന ശ്രമങ്ങളെ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അഭിനന്ദിച്ചിരുന്നു. മേഖലയിൽ സമാധാനവും സ്ഥിരതയും കൈവരിക്കാൻ നിരന്തരം ഇടപെടുന്ന ഒരു അത്ഭുത വ്യക്തിത്വമാണ് അമീർ എന്നും അദ്ദേഹം വിശേഷിപ്പിച്ചു. പശ്ചിമേഷ്യയിൽ സമാധാനവും സ്ഥിരതയും ഉറപ്പാക്കുന്നതിനു വേണ്ടിയുള്ള ശ്രമങ്ങളിൽ മധ്യസ്ഥൻ എന്ന നിലയിൽ ഖത്തറിനുള്ള നിർണായകവും തന്ത്രപരവുമായ പങ്ക് അദ്ദേഹം വിശദമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

