ദോഹ: ഔദ്യോഗിക സന്ദർശനത്തിനായി അമേരിക്കയിലെത്തിയ ഉപപ്രധാനമന്ത്രിയും പ്രതിരോധ സഹമന്ത്രിയുമായ ഡോ. ഖാലിദ് ബിൻ മുഹമ്മദ് അൽ അത്വിയ്യ വാഷിംഗ്ടണിൽ യു.എസ് സെനറ്റ് അംഗങ്ങളുമായി കൂടി ക്കാഴ്ച നടത്തി.
മിസോറി സെനറ്റ് അംഗമായ റോയ് ബ്ലൻറുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഖത്തറും അമേരിക്കയും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും വിവിധ മേഖലകളിലെ സഹകരണവും ചർച്ച ചെയ്തു.
ജി സി സി പ്രതിസന്ധിയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ രാഷ്ട്രീയ സാഹചര്യങ്ങളും ഇരുനേതാക്കളും കൂടിക്കാഴ്ചക്കിടെ വിലയിരുത്തി.
സൗത്ത് കരോളിനയിൽ നിന്നുള്ള സെനറ്റ് അംഗമായ ലിൻഡ്സി ഗ്രഹാമുമായും ഖത്തർ പ്രതിരോധ സഹമന്ത്രി കൂടിക്കാഴ്ച നടത്തി. ഖത്തർ അമേരിക്ക നയതന്ത്രബന്ധത്തിന് പുറമേ, ഇരുരാജ്യങ്ങളും വിവിധ മേഖലകളിൽ തുടരുന്ന സഹകരണം, ജി സി സി പ്രതിസന്ധി, സിറിയൻ പ്രതിസന്ധി തുടങ്ങിയ വിഷയങ്ങളും കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു. അമേരിക്കയിലെ ഖത്തർ മിലിട്ടറി അറ്റാഷേ ബ്രിഗേഡിയർ ജനറൽ യൂസുഫ് മുഹമ്മദ് അൽ കുവാരിയും കൂടിക്കാഴ്ചകളിൽ സംബന്ധിച്ചിരുന്നു.