ഖത്തറിന് പിന്തുണ ആവർത്തിച്ച് യു.എസ്
text_fieldsഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൽ ബിൻ ജാസിം ആൽഥാനി, യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്, സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ എന്നിവരോടൊപ്പം
ദോഹ: ദോഹയിലെ ഇസ്രായേൽ ആക്രമണത്തിന് പിന്നാലെ, ഖത്തറിന് പിന്തുണ ആവർത്തിച്ച് യു.എസ്. മേഖലയിലെ പ്രശ്നങ്ങൾക്ക് നയതന്ത്ര സംഭാഷണങ്ങൾ മാത്രമാണ് പോംവഴിയെന്ന് യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് പറഞ്ഞു. ഗസ്സയിലെ വെടിനിർത്തലും ഉഭയകക്ഷി സുരക്ഷാ ഉടമ്പടികളും ഇരുപക്ഷവും ചർച്ച ചെയ്തു.
ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൽ ബിൻ ജാസിം ആൽഥാനിയുമായി വാഷിങ്ടണിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് യു.എസ് നിലപാട് വ്യക്തമാക്കിയത്.
ദോഹ ആക്രമണത്തിൽ അന്താരാഷ്ട്ര തലത്തിൽ ഇസ്രായേൽ ഒറ്റപ്പെടുന്ന സാഹചര്യത്തിൽ സന്ദർശനത്തിന് ഏറെ രാഷ്ട്രീയ പ്രാധാന്യമുണ്ട്. യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്, സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, പശ്ചിമേഷ്യൻ ദൂതൻ സ്റ്റീവ് വിറ്റ്കോഫ് എന്നിവരുമായാണ് ഖത്തർ പ്രധാനമന്ത്രി ഉഭയകക്ഷി വിഷയങ്ങൾ ചർച്ച ചെയ്തത്. അന്താരാഷ്ട്ര മേഖലയിൽ ഖത്തർ നടത്തുന്ന മധ്യസ്ഥശ്രമങ്ങളെ അമേരിക്ക അഭിനന്ദിച്ചു.
രാജ്യത്തിന്റെ സുരക്ഷയും പരമാധികാരവും സംരക്ഷിക്കാൻ ഖത്തർ എല്ലാ നടപടികളും കൈക്കൊള്ളുമെന്ന് ഖത്തർ പ്രധാനമന്ത്രി വ്യക്തമാക്കി. പ്രസിഡന്റ് ട്രംപിന്റെ അത്താഴവിരുന്നിലും പ്രധാനമന്ത്രി പങ്കെടുത്തു.
നേരത്തേ, ആക്രമണത്തെ യു.എസ് അടക്കം രക്ഷാസമിതിയിലെ എല്ലാ അംഗങ്ങളും അപലപിച്ചിരുന്നു. ഇസ്രായേൽ ആക്രമണത്തെ അപലപിച്ച് ഫ്രാൻസ്, ജർമനി, യു.കെ രാഷ്ട്രങ്ങൾ സംയുക്ത പ്രസ്താവന പുറത്തിറക്കിയത് ശ്രദ്ധിക്കപ്പെട്ടു. അവശേഷിക്കുന്ന ബന്ദികളെ മോചിപ്പിച്ച് ഗസ്സയിലെ യുദ്ധത്തിന് അറുതി വരുത്താനുള്ള ശ്രമങ്ങളെ തകർക്കുന്നതാണ് ആക്രമണമെന്ന് പ്രസ്താവന കുറ്റപ്പെടുത്തി.
അതിനിടെ, ഖത്തറിന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഐക്യദാർഢ്യം തുടരുകയാണ്. രാജ്യത്തിന് ഐക്യദാർഢ്യം അറിയിക്കാനായി ദോഹയിലെത്തിയ ഹംഗറി, റുവാണ്ട, ഇന്തോനേഷ്യ രാഷ്ട്രനേതാക്കൾ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുമായി കൂടിക്കാഴ്ച നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

