യു.എസ്-ഇറാൻ സംഘർഷം: സൈനികർക്ക് നിർദേശവുമായി യു.എസ്
text_fieldsദോഹ/വാഷിങ്ടൺ: യു.എസ്-ഇറാൻ സംഘർഷം കൂടുതൽ വഷളാകുന്ന സാഹചര്യത്തിൽ ഖത്തറിലെ അൽ ഉദൈദ് വ്യോമത്താവളത്തിൽനിന്ന് മുതർന്ന ഉദ്യോഗസ്ഥരോട് പുറത്തുപോകാൻ നിർദേശം. ബുധനാഴ്ച വൈകീട്ടോടെയാണ് ഇതുസംബന്ധിച്ച നിർദേശം നൽകിയതെന്ന് മൂന്ന് യു.എസ് നയതന്ത്രഞ്ജരെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. യു.എസ് ഭീഷണിക്ക് പ്രത്യാക്രമണം നടത്തുമെന്ന് കഴിഞ്ഞ ദിവസം ഇറാൻ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് സൈനികർക്ക് മുന്നറിയിപ്പ് നൽകിയത്. പ്രതിഷേധക്കാരെ പിന്തുണക്കുമെന്നും പ്രക്ഷോഭകരെ നേരിട്ടാൽ ആക്രമണം നടത്തുമെന്നുമുള്ള യു.എസ് ഭീഷണിക്കുപിന്നാലെയാണ് ഇറാന്റെ പ്രതികരണമുണ്ടായത്.
അതേസമയം, നിലവിൽ മേഖലയിലുള്ള സംഘർഷം കണക്കിലെടുത്താണ് അൽ ഉദൈദ് വ്യോമത്താവളത്തിൽനിന്ന് ഉദ്യോഗസ്ഥരെ മാറ്റിയതെന്ന് ഖത്തർ ഇന്റർനാഷനൽ മീഡിയ ഓഫിസ് അറിയിച്ചു. അടിസ്ഥാന സൈനിക സൗകര്യങ്ങൾ ഉൾപ്പെടെ പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും മീഡിയ ഓഫിസ് വ്യക്തമാക്കി.
എന്നാൽ, കഴിഞ്ഞ വർഷം ഇറാൻ മിസൈൽ ആക്രമണത്തിന് മണിക്കൂറുകൾക്ക് മുമ്പ് നടന്നതുപോലെ വലിയ തോതിലുള്ള സൈനികരെ ഒഴിപ്പിക്കുന്നതിന്റെ സൂചനകളൊന്നും ഇല്ലെന്നും സൈനികർ പങ്കുവെച്ചതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. ഇതിനിടെ യു.എസ്-ഇറാൻ സംഘർഷം മേഖലയിൽ ദുരന്തഫലമുണ്ടാക്കുമെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവ് ഡോ. മാജിദ് അൽ അൻസാരി കഴിഞ്ഞ ദിവസം വാർത്തസമ്മേളനത്തിൽ വിശദീകരിച്ചു.
മേഖലയിൽ സംഘർഷ സാഹചര്യങ്ങൾ വർധിച്ചുവരുന്ന സന്ദർഭത്തിൽ, സംഭാഷണത്തിലൂടെയും സമാധാനപരമായ മാർഗങ്ങളിലൂടെയും തർക്കങ്ങൾ പരിഹരിക്കുന്നതിന് എല്ലാ ശ്രമങ്ങളും നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇറാൻ സുപ്രീം നാഷനൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി അലി ലാരിജാനി ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം ആൽഥാനിയെ ഇന്നലെ ഫോണിൽ ബന്ധപ്പെട്ടിരുന്നു. സംഭാഷണത്തിനിടെ മേഖലയിലെ പുതിയ സംഭവവികാസങ്ങൾ ഇരുവരും ചർച്ച ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

