ഖത്തറിലെ ഡ്യൂട്ടി ഫ്രീ ഷോപ്പുകളിൽ യു.പി.ഐ സേവനം
text_fieldsക്യു.എൻ.ബിയിൽ നടന്ന ചടങ്ങിൽ ഖത്തറിലെ ഇന്ത്യൻ അംബാസഡർ വിപുൽ, ക്യു.എൻ.ബി,
ഖത്തർ എയർവേസിലെ ഉന്നത ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തപ്പോൾ
ദോഹ: ഖത്തറിലെത്തുന്ന ഇന്ത്യൻ യാത്രക്കാർക്ക് ഡ്യൂട്ടി ഫ്രീ സ്റ്റോറുകളിൽ തടസ്സമില്ലാത്ത പേമെന്റുകൾ നടത്താനും അതുവഴി ഷോപ്പിങ് അനുഭവം കൂടുതൽ മികച്ചതാക്കാനും ലക്ഷ്യമിട്ട് യു.പി.ഐ സേവനം ലഭ്യമാക്കുന്നു. എൻ.പി.സി.ഐ ഇന്റർനാഷനൽ പേമെന്റ്സ് ലിമിറ്റഡുമായി (എൻ.ഐ.പി.എൽ) സഹകരിച്ച് ഖത്തർ നാഷനൽ ബാങ്ക് (ക്യു.എൻ.ബി) പോയന്റ് ഓഫ് സെയിൽ (പി.ഒ.എസ്) ടെർമിനലുകൾ വഴി ക്യു.ആർ കോഡ് അടിസ്ഥാനമാക്കിയുള്ള യൂനിഫൈഡ് പേമെന്റ്സ് ഇന്റർഫേസ് (യു.പി.ഐ) സേവനം ആരംഭിച്ചു.
നെറ്റ്സ്റ്റാർസിന്റെ പേമെന്റ് സൊല്യൂഷനാണ് സേവനത്തിനായി ഉപയോഗിക്കുന്നത്. ഖത്തർ എയർവേസ് ഗ്രൂപ്പിന്റെ ഭാഗമായ ഖത്തർ ഡ്യൂട്ടി ഫ്രീ സ്റ്റോറുകൾ യു.പി.ഐ ഇടപാടുകൾ നടത്തുന്ന ഖത്തറിലെ ആദ്യത്തെ സ്ഥാപനമായി മാറി. ക്യു.എൻ.ബിയിൽ നടന്ന പ്രത്യേക ചടങ്ങിൽ ഖത്തറിലെ ഇന്ത്യൻ അംബാസഡർ വിപുൽ, ക്യു.എൻ.ബി, ഖത്തർ എയർവേസിലെയും ഉന്നത ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. ഇന്ത്യയിൽനിന്നുള്ള യാത്രക്കാർക്ക് പേമെന്റ് സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനും ഉഭയകക്ഷി സഹകരണവും ശക്തിപ്പെടുത്തുന്നതിനും ഇത് വഴിയൊരുക്കും.
രാജ്യത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ എത്തുന്ന സഞ്ചാരികൾക്ക് തടസ്സമില്ലാതെ യു.പി.ഐ പേമെന്റുകൾ നടത്താൻ ഇത് അവസരം നൽകുന്നു. പണം കൈയിൽ കരുതുന്നത് ഒഴിവാക്കിയും കറൻസി കൈമാറ്റം ചെയ്യുന്നതിനുള്ള ബുദ്ധിമുട്ടുകൾ ഇല്ലാതാക്കിയും, തത്സമയ ഇടപാടുകൾ നടത്താൻ ഇത് യാത്രക്കാരെ സഹായിക്കുന്നു. ഖത്തറിൽ യു.പി.ഐ സംവിധാനത്തിന് തുടക്കമാകുന്നതിലൂടെ പരസ്പര പ്രവർത്തനക്ഷമത പ്രോത്സാഹിപ്പിക്കുകയും യു.പി.ഐയുടെ ആഗോള വ്യാപനം വർധിപ്പിക്കുകയും ചെയ്യും. കൂടാതെ, ഭാവിയിൽ രാജ്യത്തെ റീട്ടെയിൽ, ടൂറിസം മേഖലകൾക്ക് ഗുണം ചെയ്യുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.
ഖത്തറിൽ യു.പി.ഐ അവതരിപ്പിക്കാൻ കഴിഞ്ഞതിൽ അതീവ സന്തുഷ്ടരാണെന്ന് ക്യു.എൻ.ബി ഗ്രൂപ് ചീഫ് ബിസിനസ് ഓഫിസർ യൂസുഫ് മഹ്മൂദ് അൽ നീമ പറഞ്ഞു. പേമെന്റ് രംഗത്തെ നവീകരണത്തിൽ മുന്നിൽ നിൽക്കുന്നതിൽ അഭിമാനിക്കുന്നു. ഈ നേട്ടം ഇന്ത്യൻ യാത്രക്കാർക്ക് കൂടുതൽ സൗകര്യങ്ങൾ നൽകുക മാത്രമല്ല, പണരഹിത ഇടപാടുകൾ പ്രോത്സാഹിപ്പിച്ചും റീട്ടെയിൽ, ടൂറിസം മേഖലകളെ ഉത്തേജിപ്പിച്ചും പേമെന്റ് സംവിധാനത്തിൽ പ്രവർത്തനക്ഷമത ശക്തിപ്പെടുത്തിയും ഖത്തറിന്റെ വിപണിക്ക് നേട്ടങ്ങൾ നൽകുമെന്നും അദ്ദേഹം പറഞ്ഞു. ആഗോളതലത്തിൽ യു.പി.ഐയുടെ സ്വീകാര്യത വർധിപ്പിക്കാനും പരസ്പരം പ്രവർത്തിക്കുന്ന ഒരു ആഗോള പേമെന്റ് ശൃംഖല സൃഷ്ടിക്കാനുമാണ് ലക്ഷ്യമിടുന്നതെന്ന് എൻ.പി.സി.ഐ ഇന്റർനാഷനൽ സി.ഇ.ഒ റിതേഷ് ശുക്ല പറഞ്ഞു. ക്യു.എൻ.ബിയുമായുള്ള പങ്കാളിത്തം ഈ യാത്രയിലെ മറ്റൊരു ഒരു ചുവടുവെപ്പാണ്. ദശലക്ഷക്കണക്കിന് ഇന്ത്യൻ യാത്രക്കാർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ ഡിജിറ്റൽ ഇടപാടുകൾ നടത്താനും പണത്തെ ആശ്രയിക്കുന്നത് കുറക്കാനും ഇതിലൂടെ സാധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

