വാക്സിനെടുത്തവർ ഇരുപത് ലക്ഷത്തിലേക്ക്
text_fieldsദോഹ: ഖത്തറിൽ ഒരു ഡോസ് വാക്സിനെങ്കിലും സ്വീകരിച്ചവരുടെ എണ്ണം 20 ലക്ഷത്തിലേക്ക്. ഈദ് അവധിയിലും മുടക്കമില്ലാതെ വാക്സിനേഷൻ നടപടികൾ സജീവമായപ്പോൾ, ഈ വർഷംതന്നെ സമ്പൂർണ വാക്സിനേഷൻ എന്ന ലക്ഷ്യത്തിലേക്ക് അതിവേഗം സഞ്ചരിക്കുകയാണ് ഖത്തർ.
കഴിഞ്ഞ 24 മണിക്കൂറിനിടെ 20,169 ഡോസ് വാക്സിനാണ് രാജ്യത്ത് വിതരണം ചെയ്തത്. ഒരു ഡോസ് വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം ഇതോടെ 19.65 ലക്ഷം ആയി ഉയർന്നു.
ദിവസങ്ങൾക്കകം ഒരു ഡോസെങ്കിലും സ്വീകരിച്ചവരുടെ എണ്ണം 20 ലക്ഷം എന്ന നാഴികക്കല്ലിൽ എത്താനുള്ള ഒരുക്കത്തിലാണ് ആരോഗ്യ മന്ത്രാലയം. ഈദ് ദിനങ്ങളിൽ രാജ്യത്തെ സർക്കാർ, സ്വകാര്യ മേഖലകൾ അവധിയിലായപ്പോഴും വാക്സിനേഷൻ നടപടികൾക്ക് വേഗം കുറച്ചില്ല. ഈ കാലയളവ് തൊഴിലാളികൾ ഉൾപ്പെടെയുള്ള വിഭാഗങ്ങൾക്ക് വാക്സിനേഷന് കൂടുതൽ ഫലപ്രദമായി ഉപയോഗപ്പെടുത്താൻ അവസരം നൽകിയാണ് അധികൃതർ തങ്ങളുടെ സ്വപ്നത്തിലേക്ക് മുന്നേറുന്നത്.
ഇതുവരെയായി 19,65,422 പേർ ഒരു ഡോസ് വാക്സിനെങ്കിലും സ്വീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.36,62,171 ഡോസ് വാക്സിൻ ആകെ നൽകി. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം 16,70,850 പിന്നിട്ടു.ദേശീയ വാക്സിനേഷൻ പരിപാടിയുടെ ഭാഗമായി വാക്സിനേഷന് യോഗ്യരായ 79 ശതമാനം പേരും ഒരു ഡോസ് വാക്സിൻ സ്വീകരിച്ചിട്ടുണ്ട്.
60 വയസ്സിന് മുകളിലുള്ള 98.6 ശതമാനം പേരും ഒരു ഡോസ് വാക്സിനെങ്കിലും സ്വീകരിച്ചപ്പോൾ ഇതിൽ 93.5 ശതമാനം പേരും രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചതായും അധികൃതർ അറിയിച്ചു.വാക്സിൻ സ്വീകരിക്കുന്നവരുടെ എണ്ണം വർധിക്കുന്നതിനനുസരിച്ച് കോവിഡ് പോസിറ്റിവാകുന്നവരുടെ എണ്ണം നിയന്ത്രിക്കാനായിട്ടുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു രോഗിയെപോലും തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിട്ടില്ല. തീവ്രപരിചരണ വിഭാഗത്തിൽ 28 രോഗികളാണ് ആകെ ചികിത്സയിലുള്ളത്.ഒരു ദിവസത്തിനിടെ എട്ട് പേരെയാണ് വിവിധ ആശുപത്രികളിലായി പ്രവേശിപ്പിക്കപ്പെട്ടത്. നിലവിൽ 69 രോഗികളാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

