ദോഹകേന്ദ്രം നിർത്താൻ ടെക്സസ് സർവകലാശാല; നിരാശാപ്പെടുത്തുന്ന നടപടിയെന്ന് ഖത്തർ ഫൗണ്ടേഷൻ
text_fieldsദോഹയിൽ ടെക്സസ് എ.എം യൂനിവേഴ്സിറ്റി
ദോഹ: ഖത്തറിലെ പഠന ഗവേഷണകേന്ദ്രമായ എജുക്കേഷൻ സിറ്റിയിലെ ടെക്സസ് എ.എം സർവകലാശാല കേന്ദ്രം 2028ഓടെ അടച്ചുപൂട്ടാനുള്ള തീരുമാനം നിരാശജനകമെന്ന് ഖത്തർ ഫൗണ്ടേഷൻ. 2003 മുതൽ എജുക്കേഷൻ സിറ്റിയുടെ ഭാഗമായി പ്രവർത്തിക്കുന്ന വിദേശ സർവകലാശാലയായ ടെക്സസ് എ.എം കേന്ദ്രം അവസാനിപ്പിക്കാൻ കഴിഞ്ഞ ദിവസമാണ് യൂനിവേഴ്സിറ്റി ബോർഡ് തീരുമാനിച്ചത്.
അതേസമയം, ചില കേന്ദ്രങ്ങളുടെ കുപ്രചാരണങ്ങൾ സർവകലാശാലയെ സ്വാധീനിച്ചതായും വിദ്യാർഥികളുടെ താൽപര്യങ്ങൾ അവഗണിച്ചുവെന്നും ഖത്തർ ഫൗണ്ടേഷൻ പ്രതികരിച്ചു. സ്ഥാപനത്തിന്റെ താൽപര്യങ്ങളെ ഹാനികരമാക്കാൻ ലക്ഷ്യമിട്ടുള്ള തെറ്റായ പ്രചാരണങ്ങൾക്ക് സർവകലാശാല വഴങ്ങിയെന്നും ഖത്തർ ഫൗണ്ടേഷൻ ആരോപിച്ചു.
ടെക്സസ് എ.എം സർവകലാശാല പോലുള്ള ഒരു ലോകോത്തര സ്ഥാപനം ഇത്തരമൊരു പ്രചാരണത്തിന് ഇരയാകുന്നതും രാഷ്ട്രീയ താൽപര്യങ്ങൾ തീരുമാനത്തെ സ്വാധീനിക്കുന്നത് നിരാശജനകമാണെന്നും ഫൗണ്ടേഷൻ പ്രസ്താവിച്ചു.
തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ തീരുമാനമെടുക്കുന്നതിന് മുമ്പ് യാഥാർഥ്യം അന്വേഷിക്കാൻ സർവകലാശാലക്ക് മുന്നിൽ ഖത്തർ ഫൗണ്ടേഷൻ തടസ്സം നിന്നിട്ടില്ലെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
പശ്ചിമേഷ്യയിലെ അസ്ഥിരത കാരണം ദോഹ കാമ്പസ് അടക്കുകയാണെന്നതാണ് യൂനിവേഴ്സിറ്റി ബോർഡിനെ ഉദ്ധരിച്ച് ‘ടെക്സസ് ട്രിബ്യൂൺ’ റിപ്പോർട്ട് ചെയ്തത്.
അതേസമയം, ഗസ്സ മുനമ്പിലെ ഇസ്രായേൽ ആക്രമണത്തെത്തുടർന്ന് അമേരിക്കൻ സർവകലാശാല കാമ്പസുകളിൽ ജൂത വിരുദ്ധത വർധിച്ചതായി ബ്ലൂംബെർഗ് ഏജൻസി വ്യക്തമാക്കി.
അഞ്ച് അമേരിക്കൻ സർവകാശാലകൾക്കൊപ്പം 2003ലാണ് എജുക്കേഷൻ സിറ്റിയിൽ ടെക്സസ് എ.എം സർവകലാശാല ഖത്തറിലും പ്രവർത്തനമാരംഭിച്ചത്.
വിദ്യാർഥികളുടെ താൽപര്യങ്ങൾക്കപ്പുറം മറ്റ് വിഷയങ്ങൾ പരിഗണിച്ചാണ് തീരുമാനങ്ങളെന്നും, എന്നാൽ ഇത് ഖത്തർ ഫൗണ്ടേഷന്റെ ഉന്നത വിദ്യാഭ്യാസ കാഴ്ചപ്പാടിനെ ഒരിക്കലും ബാധിക്കില്ലെന്നും ഫൗണ്ടേഷൻ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

