ഖത്തറിന്റെ ചരിത്രവും പൈതൃകവുമായി സർവകലാശാല ലൈബ്രറി
text_fieldsഖത്തർ യൂനിവേഴ്സിറ്റി ലൈബ്രറിയിലെ ശേഖരത്തിൽനിന്ന്
ദോഹ: അറേബ്യൻ മണ്ണിലെ കൊച്ചു ഭൂമി എങ്ങനെ ലോകത്തോളം തലയെടുപ്പുള്ള മണ്ണായി മാറി. സംസ്കാരത്തിലും സമ്പത്തിലും പൈതൃകത്തിലും നയതന്ത്രത്തിലും ലോകത്തിനു മുന്നിൽ നടക്കുന്ന കൊച്ചു രാജ്യത്തിന്റെ കുതിപ്പും വളർച്ചയും ചരിത്രവും നിങ്ങൾക്ക് അറിയാൻ ആഗ്രഹമുണ്ടോ? അങ്ങനെയുള്ള ചരിത്രാന്വേഷികൾക്കു മുന്നിൽ വാതിൽ തുറക്കുകയാണ് ഖത്തർ സർവകലാശാല ലൈബ്രറി.
രാജ്യത്തിന്റെ സാംസ്കാരികവും ചരിത്രപരവുമായ പൈതൃകം പ്രദർശിപ്പിക്കാനും അതോടൊപ്പം ഖത്തറിന്റെ പല കാലങ്ങളെയും വരാനിരിക്കുന്ന നാളുകളെയും കുറിച്ച് സവിശേഷമായ അവലോകനം നൽകാനും സഹായിക്കുന്ന പ്രത്യേക പദ്ധതിയുമായി ഖത്തർ ലൈബ്രറി. ‘ഖത്തർ ത്രൂ ദി ഐസ് ഓഫ് ഹെർ മെജസ്റ്റി’ എന്നതലക്കെട്ടിൽ 27 പംക്തികളായി ശേഖരിച്ച വിജ്ഞാന സ്രോതസ്സുകളുടെയും പത്രങ്ങളുടെയും ശേഖരം ഉൾക്കൊള്ളുന്ന സമാഹാരത്തെ അടിസ്ഥാനമാക്കിയാണ് ഖത്തർ പൈതൃകം പ്രദർശിപ്പിക്കാനുള്ള പദ്ധതി സർവകലാശാല ലൈബ്രറി തയാറാക്കിയിരിക്കുന്നത്.
ഖത്തർ സർവകലാശാല ലൈബ്രറിയുടെ പ്രമുഖ സംരംഭങ്ങളിലൊന്നായി ഈ പദ്ധതി വേറിട്ടുനിൽക്കുന്നുവെന്ന് ഖത്തർ സർവകലാശാല പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.27 പംക്തികളായി സമാഹരിച്ച പത്രങ്ങളുടെയും ഗ്രന്ഥങ്ങളുടെയും മറ്റും മഹനീയ ശേഖരമാണിതെന്നും അതിനെ അടിസ്ഥാനമാക്കിയാണ് പദ്ധതി തയാറാക്കിയിരിക്കുന്നതെന്നും ലൈബ്രറി യൂസർ സർവിസ് മേധാവി ഫാത്തിമ അൽ നഈമി പറഞ്ഞു. ലൈബ്രറിയെ സമ്പന്നമാക്കുകയും ലൈബ്രറിയുടെ സൂചികയിലൂടെ ചരിത്രപരമായ വിവരങ്ങളിലേക്ക് ഗവേഷകർക്ക് പ്രവേശനം സുഗമമാക്കുകയും ചെയ്യുന്നുവെന്നും അൽ നഈമി കൂട്ടിച്ചേർത്തു.
പത്രങ്ങൾ, മറ്റു പ്രസിദ്ധീകരണങ്ങൾ, ഗ്രന്ഥങ്ങൾ എന്നിവയുടെ ലേഖനങ്ങളെ അടിസ്ഥാനമാക്കിയാണ് പദ്ധതിയെന്ന് അസി. ഇൻഫർമേഷൻ സർവീസ് സ്പെഷലിസ്റ്റ് അസ്മ നസീർ പറഞ്ഞു. ശൈഖ് അബ്ദുല്ല ബിൻ ജാസിം ആൽഥാനിയുടെ ഓഫിസ് സെക്രട്ടറി സാലിഹ് സുലൈമാൻ അൽ മനാ 1990ൽ ഈജിപ്ഷ്യൻ പത്രമായ അൽ ഇംറാന്റെ പത്രാധിപരായ അബ്ദുൽ മസീഹ് അൻദാകിക്ക് എഴുതിയ കത്ത്, പ്രമുഖ കുവൈത്തി ചരിത്രകാരനായിരുന്ന സൈഫ് മർസൂഖ് അൽ ഷംലാൻ ഈജിപ്ഷ്യൻ മാഗസിനായ അൽ മുസാവറിൽ എഴുതിയ ലേഖനം, ശൈഖ് ജാസിം ബിൻ മുഹമ്മദ് ആൽഥാനിയെക്കുറിച്ച ലേഖനങ്ങൾ, ലബനീസ് ചരിത്രകാരനായ അമീൻ റിഹാനിയുടെ ലേഖനങ്ങൾ എന്നിവ ശേഖരങ്ങളിൽപെടുന്നുവെന്നും അസ്മാ നസീർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

