ഊർജ മേഖലയിലെ സഹകരണം: കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരിയും ഖത്തർ ഊർജ സഹമന്ത്രിയും കൂടിക്കാഴ്ച നടത്തി
text_fieldsദോഹ: കേന്ദ്ര പെട്രോളിയം -പ്രകൃതിവാതക മന്ത്രി ഹർദീപ് സിങ് പുരി ഖത്തർ ഊർജ സഹമന്ത്രിയും എനർജി പ്രസിഡന്റും സി.ഇ.ഒയുമായ സഅദ് ബിൻ ഷെരീദ അൽ കഅബിയുമായി കൂടിക്കാഴ്ച നടത്തി. ഊർജ മേഖലയിലെ സഹകരണം വർധിപ്പിക്കാൻ താൽപര്യം പ്രകടിപ്പിച്ച ഖത്തർ ഊർജ സഹമന്ത്രി സഅദ് ബിൻ ഷെരീദ അൽ കഅബി, ഇന്ത്യക്ക് ഊർജം നൽകുന്നതിൽ ഖത്തർ പ്രതിജ്ഞാബദ്ധമായി തുടരുമെന്നും വ്യക്തമാക്കി.
വ്യാപാരം, നിക്ഷേപം, ഊർജം തുടങ്ങി വിവിധ മേഖലകളിലെ തന്ത്രപ്രധാനമായ ബന്ധങ്ങളെക്കുറിച്ച് ഇരുമന്ത്രിമാരും ചർച്ച ചെയ്തു. മേഖലയിലെ സമാധാനവും സ്ഥിരതയും എത്രയും വേഗം പുനഃസ്ഥാപിക്കപ്പെടുമെന്നും ഇന്ത്യ -ഖത്തർ ബന്ധം കൂടുതൽ ശക്തമാകുമെന്നും ഇരുവരും പ്രത്യാശ പ്രകടിപ്പിച്ചു.
ഏപ്രിൽ എട്ടിന് അംഗീകരിച്ച രണ്ടാഴ്ചത്തെ വെടിനിർത്തലിനെ ഇരുമന്ത്രിമാരും സ്വാഗതം ചെയ്തു. ആഗോള ഊർജ വിതരണത്തിലെ തടസ്സങ്ങൾ നീക്കണമെന്നും ചരക്ക് നീക്കത്തിന് സുഗമമായ പാത ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യവും ഇരുവരും ഊന്നിപ്പറഞ്ഞു. മേഖലയിലെ സംഘർഷങ്ങളുടെ സാഹചര്യത്തിൽ, ഊർജ വിതരണത്തെക്കുറിച്ചുള്ള ആശങ്കകൾക്കിടയിലാണ് കേന്ദ്രമന്ത്രിയുടെ ഖത്തർ സന്ദർശനം. രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി വ്യാഴാഴ്ചയാണ് കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി ദോഹയിലെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

