അണ്ടർ 23 ഏഷ്യൻ കപ്പ്; വിയറ്റ്നാമിനെ വീഴ്ത്തി ഇറാഖിന് സെമി
text_fieldsഇറാഖ്- വിയറ്റ്നാം ക്വാർട്ടർ ഫൈനലിൽനിന്ന്
ദോഹ: അണ്ടർ 23 ഏഷ്യൻ കപ്പ് ഫുട്ബാൾ രണ്ടാം സെമിയിൽ ജപ്പാനും ഇറാഖും തമ്മിൽ ഏറ്റുമുട്ടും. വെള്ളിയാഴ്ച രാത്രി നടന്ന അവസാന ക്വാർട്ടറിൽ വിയറ്റ്നാമിനെ വീഴ്ത്തിയാണ് ഇറാഖ് സെമിഫൈനലിലേക്ക് യോഗ്യത ഉറപ്പിച്ചത്. അൽ ജനൂബ് സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ മത്സരത്തിൽ ഇറാഖിന്റെ മുന്നേറ്റങ്ങളെ വിയറ്റ്നാം വരിഞ്ഞുകെട്ടിയെങ്കിലും കളിയുടെ 64ാം മിനിറ്റിൽ പിറന്ന പെനാൽറ്റി ഗോളിലൂടെ മേധാവിത്വം സ്ഥാപിച്ചായിരുന്നു ഇറാഖ് കളി തങ്ങളുടേതാക്കിയത്. രണ്ടു സെമിഫൈനൽ മത്സരങ്ങളും തിങ്കളാഴ്ച നടക്കും. വൈകുന്നേരം അഞ്ചിന് നടക്കുന്ന സെമിയിൽ ഇന്തോനേഷ്യ ഉസ്ബകിസ്താനെ നേരിടുമ്പോൾ, രാത്രി 8.30ന് ജപ്പാനും ഇറാഖും തമ്മിൽ ഏറ്റുമുട്ടും. അബ്ദുല്ല ബിൻ ഖലീഫ, ജാസിം ബിൻ ഹമദ് സ്റ്റേഡിയങ്ങളിലാണ് മത്സരങ്ങൾ. ഫൈനലിസ്റ്റുകൾക്ക് ഒളിമ്പിക്സിന് നേരിട്ട് ഇടം ഉറപ്പിക്കാമെന്നതിനാൽ സെമി അങ്കം നിർണായകമായി മാറും.

