ഖത്തറിന് സമനില; ഇന്തോനേഷ്യ ക്വാർട്ടറിൽ
text_fieldsഖത്തറും ആസ്ട്രേലിയയും തമ്മിലെ മത്സരത്തിൽ നിന്ന്
ദോഹ: അണ്ടർ 23 ഏഷ്യൻ കപ്പ് ഫുട്ബാൾ ക്വാർട്ടർ ഫൈനൽ ഉറപ്പിച്ചതിനു പിന്നാലെ, ഗ്രൂപ്പിലെ മൂന്നാം മത്സരത്തിനിറങ്ങിയ ഖത്തറിന് ആസ്ട്രേലിയക്കെതിരെ സമനില. ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ് ‘എ’യിലെ മത്സരത്തിൽ ഖത്തറിനെ ഗോൾരഹിത സമനിലയിലാണ് ആസ്ട്രേലിയ തളച്ചത്. അതേസമയം, ടൂർണമെന്റിലെ രണ്ടാം സമനിലയുമായി രണ്ടു പോയന്റ് നേടാനായെങ്കിലും ആസ്ട്രേലിയക്ക് നോക്കൗട്ടിലേക്ക് മുന്നേറാൻ കഴിഞ്ഞില്ല.
അബ്ദുല്ല ബിൻ ഖലീഫ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇന്തോനേഷ്യക്ക് പിന്തുണയുമായെത്തിയ ആരാധകർ
മറ്റൊരു മത്സരത്തിൽ ജോർഡനെ 4-1ന് വീഴ്ത്തിയ ഇന്തോനേഷ്യ തങ്ങളുടെ മിന്നും കളിമികവുമായി ഗ്രൂപ്പിൽനിന്നും രണ്ടാം സ്ഥാനക്കാരായി ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. അബ്ദുല്ല ബിൻ ഖലീഫ സ്റ്റേഡിയത്തിൽ ആരവങ്ങളുമായെത്തിയ സ്വന്തം കാണികൾക്കു നടുവിലായിരുന്നു ഇന്തോനേഷ്യയയുടെ ത്രസിപ്പിക്കുന്ന ജയം. മാഴ്സലിനോ ഫിലിപ്പസ് ഇരട്ട ഗോളുകളുമായി ഇന്തോനേഷ്യൻ വിജയ ശിൽപിയായി മാറി. വിതാൻ സുലൈമാൻ, കുമാങ് ത്രിസന്ദ പുത്ര എന്നിവർ ഓരോ ഗോളുകളും നേടി. ഗ്രൂപ്പിൽനിന്നും ഏഴ് പോയന്റുമായി ഖത്തറും, ആറ് പോയന്റുമായി ഇന്തോനേഷ്യയും ക്വാർട്ടർ ടിക്കറ്റ് വാങ്ങി.

