സൗദിക്ക് ക്വാർട്ടർ ബെർത്ത്
text_fields1. ജപ്പാൻ-യു.എ.ഇ മത്സരത്തിൽനിന്ന് 2. തായ്ലൻഡിനെതിരായ ഗോൾ നേട്ടം ആഘോഷിക്കുന്ന സൗദി ടീം അംഗങ്ങൾ
ദോഹ: തുടർച്ചയായ രണ്ടാം ജയവുമായി നിലവിലെ ചാമ്പ്യന്മാരായ സൗദി അറേബ്യ, കരുത്തരായ ദക്ഷിണ കൊറിയ, ജപ്പാൻ ടീമുകൾ അണ്ടർ 23 ഏഷ്യൻ കപ്പ് ഫുട്ബാൾ ക്വാർട്ടർ ഫൈനൽ ടിക്കറ്റുറപ്പിച്ചു. ഗ്രൂപ് ‘സി’യിലെ തങ്ങളുടെ രണ്ടാം മത്സരത്തിൽ സൗദി അറേബ്യ അഞ്ച് ഗോളിന്റെ തകർപ്പൻ ജയവുമായി തായ്ലൻഡിനെ തരിപ്പണമാക്കിയാണ് ഗ്രൂപ്പിലെ ആറാം പോയന്റും സ്വന്തമാക്കിയത്. ഖലീഫ ഇന്റർനാഷനൽ സ്റ്റേഡിയത്തിൽ, നാട്ടുകാരുടെ ആവേശത്തിനിടെ നടന്ന മത്സരത്തിൽ സൗദി കളി പൂർണമായും തങ്ങളുടേതാക്കി. നാലാം മിനിറ്റിൽ അയ്മൻ അഹ്മദിലൂടെയായിരുന്നു ഗോൾ വേട്ടയുടെ തുടക്കം. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ അയ്മന്റെ അസിസ്റ്റിൽ അഹ്മദ് അൽ ഗഹ്മദി, അബ്ദുല്ല റാദിഫ് എന്നിവർ ലീഡ് ഇരട്ടിയാക്കി. രണ്ടാം പകുതിയിൽ വീണ്ടും സ്കോർ ചെയ്ത റാദിഫ് 52,78 മിനിറ്റുകളിലായി പന്ത് ലക്ഷ്യത്തിലെത്തിച്ച് ഹാട്രിക് തികച്ചു. ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ സൗദി അറേബ്യ 4-2ന് തജികിസ്താനെ തോൽപിച്ചിരുന്നു. ഗ്രൂപ് ‘ബി’യിൽ ചൈനയെ 2-0ത്തിന് തോൽപിച്ചാണ് ദക്ഷിണ കൊറിയ രണ്ടാം ജയവുമായി ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചത്. അബ്ദുല്ല ബിൻ ഖലീഫ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ലീ യുങ് ജുൻ ഇരട്ട ഗോൾ നേടി. മറ്റൊരു മത്സരത്തിൽ ജപ്പാൻ യു.എ.ഇയെ തോൽപിച്ച് രണ്ടാം ജയവുമായി മുന്നേറി.

