മികവിന്റെ മേള; ആത്മവിശ്വാസത്തോടെ കൊടിയിറക്കം -സി.ഇ.ഒ
text_fieldsജാസിം അബ്ദുൽ അസീസ് അൽ ജാസിം
ദോഹ: നാളെയുടെ ഫുട്ബാൾ താരങ്ങളുടെ മിന്നുന്ന പോരാട്ടത്തിന് വിജയകരമായി വേദിയൊരുക്കിയതിന്റെ ആത്മവിശ്വാസത്തിൽ അണ്ടർ 23 എ.എഫ്.സി ഏഷ്യൻ കപ്പ് സംഘാടക സമിതി. ലോകകപ്പും ഏഷ്യൻ കപ്പും അരങ്ങേറിയ മണ്ണിൽ മികച്ച നിലവാരത്തോടെയും കാണികളുടെ പങ്കാളിത്തവുമായി അണ്ടർ 23 ഏഷ്യൻ കപ്പും കൊടിയിറങ്ങിയെന്ന് ഏഷ്യൻ കപ്പ് പ്രാദേശിക സംഘാടക സമിതി (എൽ.ഒ.സി) സി.ഇ.ഒ ജാസിം അബ്ദുൽ അസീസ് അൽ ജാസിം പറഞ്ഞു.
ലോകോത്തര കായിക അടിസ്ഥാന സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിയായിരുന്നു യൂത്ത് ചാമ്പ്യൻഷിപ്പെന്നും അദ്ദേഹം വ്യക്തമാക്കി. ഏഷ്യൻ ഫുട്ബാളിന്റെ ജൂനിയർ താരങ്ങളും ഒളിമ്പിക്സിൽ പന്തുതട്ടാൻ യോഗ്യത നേടിയവരും മത്സരിക്കുന്നത് കാണുമ്പോൾ ഏറെ സന്തോഷമുണ്ടെന്ന് അൽ ജാസിം പറഞ്ഞു. മാനവ പൈതൃകത്തെ അടിസ്ഥാനമാക്കിയാണ് ഓരോ ടൂർണമെൻറിനും ആതിഥേയരാകുന്നത്. നിരവധി പ്രധാന കായിക മത്സരങ്ങളുടെയും ടൂർണമെന്റുകളുടെയും വിജയകരമായ ആതിഥേയത്വത്തിന് ഇത് വലിയ സംഭാവന നൽകി -അണ്ടർ 23 ടൂർണമെൻറിനു പിന്നാലെ അൽ ജാസിം പറഞ്ഞു. ഏപ്രിൽ 15ന് ആരംഭിച്ച് മേയ് മൂന്നിന് അവസാനിച്ച എ.എഫ്.സി അണ്ടർ-23 ഏഷ്യൻ കപ്പ് ഖത്തർ ലോകകപ്പിന് വേദിയായ സ്റ്റേഡിയങ്ങളിൽ ഉൾപ്പെടെയാണ് നടന്നത്. 16 ടീമുകളാണ് ടൂർണമെൻറിൽ മാറ്റുരച്ചത്. ആതിഥേയരായ ഖത്തർ ക്വാർട്ടറിൽ കാലിടറിയപ്പോൾ ജേതാക്കളായ ജപ്പാൻ, റണ്ണറപ്പായ ഉസ്ബകിസ്താൻ, മൂന്നാം സ്ഥാനം നേടിയ ഇറാഖ് എന്നിവർ ഈ വർഷം പാരിസിൽ നടക്കുന്ന ഒളിമ്പിക്സിലേക്ക് നേരിട്ട് യോഗ്യത നേടി.

