അണ്ടർ 17 ലോകകപ്പ്; ത്രില്ലടിപ്പിക്കാൻ സെമി പോരാട്ടം ഇന്ന്
text_fieldsദോഹ: ഖത്തറിലെ ശൈത്യകാലത്തെ ചൂടുപിടിപ്പിച്ച് കൗമാര താരങ്ങളുടെ കായിക മാമാങ്കം. കൗമാര ലോകകപ്പിന്റെ ആവേശച്ചൂടിൽ ആസ്പയർ സോണിൽ ഇന്ന് സെമി ഫൈനൽ മത്സരങ്ങൾ അരങ്ങേറും. വാശിയേറിയ ക്വാർട്ടർ മത്സരങ്ങളിൽ വിജയിച്ച് കരുത്തരായ ബ്രസീൽ, പോർച്ചുഗൽ, ഇറ്റലി, ഓസ്ട്രിയ അടക്കമുള്ള ടീമുകൾ മുന്നേറിയതോടെ അണ്ടർ 17 ലോകകപ്പിന്റെ സെമിഫൈനൽ ലൈൻ -അപ്പ് തെളിഞ്ഞു. ക്വാർട്ടറിൽ ബ്രസീലിനോട് പരാജയപ്പെട്ട് ഏക അറബ് രാജ്യമായ മൊറോക്കോയും ഓസ്ട്രിയയോട് പരാജയപ്പെട്ട് ഏക ഏഷ്യൻ രാജ്യമായ ജപ്പാനും ടൂർണമെന്റിൽനിന്ന് പുറത്തായി. ഇന്ന് വൈകീട്ട് 4.30ന് ഓസ്ട്രിയയും ഇറ്റലിയും തമ്മിലാണ് ആദ്യ സെമി ഫൈനൽ. രാത്രി ഏഴിന് കരുത്തരായ ബ്രസീൽ -പോർച്ചുഗൽ മത്സരവും അരങ്ങേറും.
കരുത്തരായ ജപ്പാനെ ക്വാർട്ടറിൽ കീഴടക്കിയാണ് ഓസ്ട്രിയ സെമി ഫൈനൽ പ്രവേശനമുറപ്പാക്കിയത്. ഗ്രൂപ്പ് ഘട്ടത്തിൽ എല്ലാ മത്സരങ്ങളും ജയിച്ച ഓസ്ട്രിയ, നോക്കൗട്ടിൽ തുനീഷ്യയെ 2 ഗോളിന് തോൽപിച്ച്, പ്രീക്വാർട്ടറിൽ യുറോപ്യൻ ശക്തികളായ ഇംഗ്ലണ്ടിനെ എണ്ണംപറഞ്ഞ നാല് ഗോളിനാണ് പിടിച്ചുകെട്ടിയത്. ലോകകപ്പിൽ ഇതുവരെ തോൽവിയറിയാത്ത ഓസ്ട്രിയ പ്രതീക്ഷയോടെയാണ് സെമി ഫൈനലിൽ ഇറങ്ങുക. ടൂർണമെന്റിൽ വലിയ പരിക്കുകളില്ലാതെയാണ് ഇറ്റലി സെമി ഫൈനലിൽ എത്തിയത്.
ആതിഥേയരായ ഖത്തർ അടങ്ങുന്ന ഗ്രൂപ് എയിൽ ഒന്നാം സ്ഥാനക്കാരായി നോക്കൗട്ടിലെത്തിയ ഇറ്റലി, ചെക് റിപ്പബ്ലിക്കിനെയും ഉസ്ബകിസ്താനെയും ബുർക്കിന ഫാസൊയെയും കെട്ടുകെട്ടിച്ച കരുത്തിലാകും ഇന്ന് ഓസ്ട്രിയക്കെതിരെ പോരിനിറങ്ങുന്നത്. യൂറോപ്യൻ കരുത്തരായ ആദ്യ സെമി ഫൈനൽ പോര് കനക്കുമെന്ന് ഉറപ്പാണ്.
അണ്ടർ 17 ലോകകപ്പ് ടൂർണമെന്റിലെ ബ്രസീൽ-പോർച്ചുഗൽ സെമി ഫൈനൽ പോരാട്ടവും ഏറെ പ്രതീക്ഷയോടെയാകും കായികലോകം ഉറ്റുനോക്കുക. അഞ്ചാം കിരീട ലക്ഷ്യവുമായി ഖത്തറിലിറങ്ങിയ ബ്രസീൽ, ഗ്രൂപ് ഘട്ടത്തിൽ ഹോണ്ടുറാസിനെയും ഇന്തോനേഷ്യയെയും തോൽപിച്ചാണ് അണ്ടർ 17ൽ കുതിപ്പിന് തുടക്കമിട്ടത്. നോക്കൗട്ടിൽ പരാഗ്വേയോടും പ്രീ ക്വാർട്ടറിൽ ഫ്രാൻസിനോടും പെനാൽറ്റി ഷൂട്ടൗട്ടിലാണ് ബ്രസീൽ വിജയമുറപ്പാക്കിയത്. അവസാന നിമിഷം വരെ നാടകീയത നിറഞ്ഞ ക്വാർട്ടർ മത്സരത്തിൽ മൊറോക്കോയെ കീഴടക്കിയ കരുത്തിലാണ് ഇന്ന് പോർച്ചുഗലിനെതിരെ ബ്രസീൽ സെമി ഫൈനലിൽ ഇറങ്ങുക.
അതേസമയം, ഗ്രൂപ് ഘട്ടത്തിൽ ഗംഭീര തുടക്കവുമായാണ് പോർച്ചുഗൽ കുതിപ്പ് ആരംഭിച്ചത്. നോക്കൗട്ടിൽ ബെൽജിയത്തെയും പ്രീ ക്വാർട്ടറിൽ മെക്സിക്കോയെയും ക്വാർട്ടറിൽ സ്വിറ്റ്സർലൻഡിനെയും തോൽപ്പിച്ചാണ് സെമിയിലെത്തിയത്. ടൂർണമെന്റിലുടനീളം മികച്ച പ്രകടനവുമായി ഇറങ്ങിയ പറങ്കിപ്പട ബ്രസീലിന് കനത്ത വെല്ലുവിളിയാകുമെന്ന് ഉറപ്പാക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

