അണ്ടർ 17 ലോകകപ്പ്; ഗോൾ മഴ വർഷിച്ച് കാനറിപ്പടയുടെ തുടക്കം
text_fieldsഹോണ്ടുറാസിനെതിരെ ഗോൾ നേടിയ ബ്രസീൽ താരങ്ങളുടെ ആഹ്ലാദം
ദോഹ: അഞ്ചാം അണ്ടർ 17 കിരീട ലക്ഷ്യവുമായി ഖത്തറിൽ കളിക്കാനിറങ്ങിയ കാനറിപ്പടക്ക് ഖത്തറിന്റെ മണ്ണിൽ ഗോൾ മഴ വർഷിച്ച് തുടക്കം. ഗ്രൂപ് എച്ചിൽ ആദ്യ മത്സരത്തിനിറങ്ങിയ ബ്രസീൽ ഹോണ്ടുറാസിനെ എതിരില്ലാത്ത ഏഴു ഗോളുകൾക്ക് പരാജയപ്പെടുത്തി. ടൂർണമെന്റിൽ തുടക്കത്തിൽ തന്നെ എതിരാളികളുടെ വല കുലുക്കിയ ബ്രസീൽ (റുവാൻ പാബ്ലോ -9) താരങ്ങൾ മത്സരത്തിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ചു.
ആദ്യ പകുതി പൂർത്തിയാക്കുന്നതിനു മുമ്പുതന്നെ ബ്രസീൽ താരം ഡെൽ (15, 45+4) ഇരട്ട ഗോളുകൾ ഹോണ്ടുറാസിന്റെ വലയിലേക്ക് അടിച്ചുകയറ്റിയിരുന്നു. ആർതർ റയാൻ (19), വിറ്റോർ ഹ്യൂഗോ (59), ആഞ്ചലോ (74), ഗബ്രിയേൽ മെക് (90) എന്നിവരും തുടർച്ചയായി ഗോളുകളടിച്ച് ഏകപക്ഷീയ വിജയമുറപ്പാക്കി. അതേസമയം, ഹെയ്തിക്കെതിരെ മിന്നുന്ന നാലു ഗോളുകൾ നേടി ഗ്രൂപ് ഇയിൽ ഈജിപ്ത് ജേതാക്കളായി.
ബിലാൽ ആറ്റിയ (3), അബ്ദുൽ അസീസ് എൽസോഗ്ബി (11), ഹംസ അബ്ദുൽ കരീം (27), ഒമർ കമാൽ (72)എന്നിവരെല്ലാം മിന്നിത്തിളങ്ങി ഗോൾ നേടിയപ്പോൾ, നിക്കോളായ് പിയറി ഹെയ്തിക്കുവേണ്ടി ആശ്വാസ ഗോൾ നേടി. മറ്റൊരു മത്സരത്തിൽ, ഐവറി കോസ്റ്റിനെതിരെ (4-1) ആദ്യ മത്സരത്തില്‍ മികച്ച വിജയം നേടി സ്വിറ്റ്സര്‍ലന്‍ഡ്. കളിയുടെ 12ാം മിനിറ്റിൽ ക്യാപ്റ്റന്‍ ഗില്‍ സഫെറി സ്വിറ്റ്സര്‍ലന്‍ഡിന്റെ സ്കോറിങ് ബോർഡ് ചലിപ്പിച്ചു. ഇടവേളക്കു മുമ്പ് അഡ്രിയന്‍ ലൂക്ക്സ് ലീഡ് ഇരട്ടിയാക്കി. ഹാഫ് ടൈമിനുശേഷമിറങ്ങിയ സ്വിറ്റ്സര്ലന്ഡിനുവേണ്ടി ജിയാക്കോമോ കൊളോട്ടോ (52), ജില് സ്റ്റീല്‍ (67) എന്നിവരും ഗോൾ നേടി.
ഗ്രൂപ് എഫിൽ നടന്ന ശക്തമായ മത്സരത്തിൽ സൗത്ത് കൊറിയ- മെക്സികോയെ (2-1) പരാജയപ്പെടുത്തി. ടൂർണമെന്റിന്റെ ആദ്യ പാതിയിൽ ഇരു ടീമുകളും ഓരോ ഗോൾ നേടി പിരിയുകയായിരുന്നു. എന്നാൽ, രണ്ടാം പാതിയുടെ തുടക്കത്തിൽതന്നെ നാം ഇയാൻ (49) സൗത്ത് കൊറിയയുടെ വിജയ ഗോൾ കണ്ടെത്തി. കൊളംബിയക്കെതിരെ ആവേശകരമായ തുടക്കം ലഭിച്ചെങ്കിലും ജർമനിക്ക് സമനിലയിൽ പിരിയേണ്ടിവന്നു. ടൂർണമെന്റിന്റെ 40 വർഷത്തെ ചരിത്രത്തിൽ മൂന്നാമത്തെ വേഗതയേറിയ ഗോൾ ജർമനിയുടെ താരം ടോണി ലാങ്സ്റ്റൈനർ വെറും 16 സെക്കൻഡിൽ നേടി, ജർമനിയുടെ ആക്രമണങ്ങൾക്കു തുടക്കം കുറിച്ചെങ്കിലും കൊളംബിയയുടെ പ്രതിരോധത്തിനു മുന്നിൽ പിടിച്ചുനിൽക്കാനായില്ല. 57ാം മിനിറ്റിൽ ജുവാൻ കാറ്റാനോ കൊളംബിയക്കുവേണ്ടി സമനില ഗോൾ നേടി.
കരുത്തരായ ഇംഗ്ലണ്ടിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് വെനസ്വല നിഷ്പ്രഭമാക്കി. അതേസമയം, 2023 ലെ ആതിഥേയരായ ഇന്തോനേഷ്യയെ 3-1 സാംബിയയും തകർത്തു
ഇന്നത്തെ മത്സരങ്ങൾ
3:30 pm തജികിസ്താൻ -ചെക് റിപ്പബ്ലിക് (ഗ്രൂപ്പ് ഐ)
3:30 pm പനാമ - അയർലൻഡ് (ഗ്രൂപ് ജെ)
4:00 pm പരഗ്വേ -ഉസ്ബകിസ്താൻ (ഗ്രൂപ് ജെ)
4:30 pm ഓസ്ട്രിയ -സൗദി അറേബ്യ (ഗ്രൂപ് എൽ)
5:45 pm മാലി -ന്യൂസിലൻഡ് (ഗ്രൂപ് എൽ)
6:15 pm യു.എസ്.എ -ബുർകിന ഫാസോ (ഗ്രൂപ് ഐ)
6:45 pm ഫ്രാൻസ് -ചിലി (ഗ്രൂപ് കെ)
6:45 pm കാനഡ -യുഗാണ്ട (ഗ്രൂപ് കെ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

