അണ്ടർ 17 ലോകകപ്പ്: കപ്പുയർത്തി പോർച്ചുഗൽ
text_fieldsഫിഫ അണ്ടർ 17 ഫൈനലിൽ ഓസ്ട്രിയയെ പരാജയപ്പെടുത്തിയ പോർച്ചുഗൽ താരങ്ങളുടെ ആഹ്ലാദം
ലൂസേഴ്സ് ഫൈനലിൽ വിജയിച്ച ഇറ്റലി
ദോഹ: 2022ൽ ലയണൽ മെസ്സിയും അർജന്റീനയും വിശ്വകിരീടമണിഞ്ഞ ഖത്തറിന്റെ മണ്ണിൽ പോർച്ചുഗലിന്റെ യുവ താരങ്ങൾ അണ്ടർ 17 കപ്പുയർത്തി. ഓസ്ട്രിയയുടെ ആക്രമണങ്ങളെ പ്രതിരോധക്കോട്ട തീർത്ത് പോർച്ചുഗൽ, എല്ലാ ശ്രമങ്ങളെയും പരാജയപ്പെടുത്തുന്നതായിരുന്നു കാഴ്ച. ഓസ്ട്രിയയെ എതിരില്ലാത്ത ഒരു ഗോളിനാണ് പരാജയപ്പെടുത്തിയത്. സെമിയിൽ പെനാൽറ്റി ഷൂട്ടൗട്ടിലൂടെ ബ്രസീലിനെ തോൽപിച്ച് പോർച്ചുഗലും മറുവശത്ത് ഇറ്റലിയെ കീഴടക്കി ഓസ്ട്രിയയും തങ്ങളുടെ കന്നി ലോകകപ്പ് ഫൈനലിലാണ് ഖലീഫ സ്റ്റേഡിയത്തിൽ ഏറ്റുമുട്ടിയത്.
ലോകകപ്പിലുടനീളം തോൽവിയറിയാതെ ഫൈനലിൽ എത്തിയ ഓസ്ട്രിയക്ക് പക്ഷേ, പറങ്കിപ്പടയുടെ മുന്നിൽ കീഴടങ്ങുകയായിരുന്നു. തുടക്കത്തിൽതന്നെ ആക്രമണ ശൈലി പോർച്ചുഗൽ താരങ്ങൾ പുറത്തെടുത്തപ്പോൾ ഓസ്ട്രിയ പ്രതിരോധം തീർത്തു. അതേസമയം, പോർച്ചുഗൽ ഗോൾ ലക്ഷ്യമാക്കി ശ്രമം നടത്തി തുടങ്ങിയിരുന്നു. 32ാം മിനിറ്റിൽ മുന്നേറ്റനിരയിലെ അനിസിയോ കബ്രാൾ ആണ് പോർച്ചുഗലിനുവേണ്ടി വിജയ ഗോൾ നേടിയത്. എന്നാൽ, രണ്ടാം പകുതിയിൽ ഓസ്ട്രിയ ആക്രമണം കനപ്പിച്ചെങ്കിലും പോർച്ചുഗലിന്റെ പ്രതിരോധനിരയുടെ കരുത്തിൽ വിഫലമാക്കുകയായിരുന്നു.
അതേസമയം, ലൂസേഴ്സ് ഫൈനലിൽ ബ്രസീലിനെ പെനാൽറ്റി ഷൂട്ടൗട്ടിലൂടെ ഇറ്റലി പരാജയപ്പടുത്തി. നിശ്ചിത സമയത്ത് ഇരുടീമുകളും ഗോളുകളും നേടാതെ പിരിയുകയായിരുന്നു. കളിയുടെ തുടക്കത്തിൽതന്നെ, ഇറ്റലിയുടെ ലിയോനാർഡോ ബോവിയോയ്ക്കെതിരായ അനാവശ്യമായ ഫൗളിൽ റെഡ് കാർഡ് ലഭിച്ച് വിറ്റർ ഫെർണാണ്ടസ് പുറത്തായത് ബ്രസീലിനെ പ്രതിസന്ധിയിലാക്കി. 10 പേരായി ചുരുങ്ങിയ ബ്രസീലിനെതിരെ ഇറ്റലി ഗോൾ ലക്ഷ്യമാക്കി നിരവധി ആക്രമണങ്ങൾ നടത്തിയെങ്കിലും പ്രതിരോധ നിരയിൽ തട്ടി എല്ലാം വിഫലമാകുകയായിരുന്നു. തുടർന്ന് പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട കളിയിൽ 4-2ന് ഇറ്റലി വിജയം സ്വന്തമാക്കി. സെമി ഫൈനലിൽ ഓസ്ട്രിയയോട് പരാജയപ്പെട്ട ഇറ്റലി ബ്രസീലിനെ ഷൂട്ടൗട്ടിൽ തളച്ച് ആശ്വാസവിജയം നേടി.
ഇറ്റലിയുടെ ആൻഡ്രിയ ലുവോംഗോയയുടെ പെനാൽറ്റി പിഴച്ചപ്പോൾ, ബ്രസീലിന്റെ ലൂയിസ് പാച്ചെക്കോ, ലൂയിസ് എഡ്വേർഡോ എന്നിവരുടെ പെനാൽറ്റി ഷോട്ടുകൾ ഗോൾ കീപ്പർ ലോംഗോണി തുടർച്ചയായ സേവ് ചെയ്ത് ഇറ്റലിക്ക് വിജയം സമ്മാനിച്ചു. കൗമാര ഫുട്ബാൾ കൊടിയിറങ്ങിയപ്പോൾ ടുർണമെന്റിലെ വിജയങ്ങളും നേട്ടങ്ങളും എടുത്തുപറയാൻ ഏറെയുണ്ട്. അണ്ടർ 17 ലോകകപ്പിലെ ഏറ്റവും വലിയ വിജയം ഗ്രൂപ് ഘട്ടത്തിൽ ന്യൂ കാലിഡോണിയക്കെതിരെ മൊറോക്കോ നേടിയതും എടുത്തുപറയേണ്ടതാണ്. 16 ഗോളിന് മിന്നുന്ന വിജയം മൊറോക്കോ നേടിയപ്പോൾ, ന്യൂസിലൻഡിനെതിരെ സ്പെയ്നിന്റെ 13-0 വിജയം ഓർമയായി.
മുൻ ചാമ്പ്യന്മാരായ ജർമനിയെ ബുർക്കിനൊ ഫാസൊ അട്ടിമറിച്ചതാണ് പ്രധാന വിജയങ്ങളിലൊന്ന്. ലോകകപ്പിലെ ഒരു മത്സരവും പ്രവചനാതീതമാണെന്ന വസ്തുതക്ക് അടിവരയിടുന്നതായിരുന്നു ആ വിജയം. ആതിഥേയരായ ഖത്തർ, സൗദി, യു.എ.ഇ അടക്കമുള്ളവർ ഗ്രൂപ് ഘട്ടത്തിൽ തന്നെ കളി അവസാനിപ്പിച്ചപ്പോൾ, കരുത്തരായ അർജന്റീന ജർമനി, കൊളംബിയ, ക്രൊയേഷ്യ എന്നിവർ നോക്കൗട്ടിൽ പരാജയപ്പെട്ട് പുറത്തായി. പോർച്ചുഗലിനോട് കരുത്തരായ ബ്രസീലിനും ഓസ്ട്രിയയോട് ഇറ്റലിക്കും സെമിയിൽ അടിയറവ് പറയേണ്ടിവന്നു.
ഒരു മാസത്തോളം നീണ്ട കൗമാര ഫുട്ബാൾ പോരാട്ടങ്ങൾ ഖത്തറിൽ അവസാനിച്ചപ്പോൾ ആസ്പയർ സോണിലെ മൈതാനങ്ങളും ഫാൻ സോണുകളും ഒരു കാർണിവലിന്റെ പ്രതീതിയായിരുന്നു ഫുട്ബാൾ ആരാധകർക്കായി സൃഷ്ടിച്ചത്. 48 ടീമുകൾ പങ്കെടുക്കുന്ന ആദ്യ ലോകകപ്പ് എന്ന പ്രത്യേകതയുമായി വന്ന ടൂർണമെന്റിന് വൻ സ്വീകാര്യതയായിരുന്നു ഖത്തറിന്റെ മണ്ണിൽ ലഭിച്ചത്. ലോകകപ്പ്, മൂന്ന് തവണ ഏഷ്യൻ കപ്പ് ഫുട്ബാൾ, ഫിഫ അറബ് കപ്പ്, ലോകകപ്പ് ഒരുക്കങ്ങളുടെ ഭാഗമായ ക്ലബ് ലോകകപ്പ് എന്നിവയുടെ തുടർച്ചയായാണ് അണ്ടർ 17 ലോകകപ്പും എത്തുന്നത്. രണ്ടു വർഷത്തെ ഇടവേളകളിൽ സംഘടിപ്പിച്ചിരുന്ന അണ്ടർ 17 ലോകകപ്പിനെ വാർഷിക ടൂർണമെന്റാക്കി മാറ്റിയും തുടർച്ചയായി 2029 വരെ ലോകകപ്പുകളുടെ വേദിയായും ഖത്തറിനെ തെരഞ്ഞെടുത്തിട്ടുണ്ട്.
1985ൽ ചൈനയിൽ തുടങ്ങിയ കൗമാര ലോകകപ്പിന് 2017ൽ ഇന്ത്യയും വേദിയൊരുക്കി. 2013ൽ യു.എ.ഇ ആതിഥേയത്വം ഒരുക്കി ആദ്യ ഗൾഫ് രാജ്യമായി മാറി. എന്നാൽ, ഖത്തറിനെ തേടി കൗമാര മേളയെത്തുന്നത് ആദ്യമാണ്. 2019ൽ ബ്രസീലിലും, കോവിഡ് ഇടവേള കഴിഞ്ഞ് 2023ൽ ഇന്തോനേഷ്യയിലുമായാണ് അവസാന ലോകകപ്പുകൾക്ക് പന്തുരുണ്ടത്. അഞ്ചു തവണ കിരീടമണിഞ്ഞ നൈജീരിയയും നാലു തവണ കിരീടമണിഞ്ഞ ബ്രസീലുമാണ് കൗമാര ഫുട്ബാളിലെ സൂപ്പർ ജയന്റ്സ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

