അണ്ടർ 17 ലോകകപ്പ് ഫുട്ബാൾ ഇനി എട്ടിന്റെ കളി
text_fieldsപ്രീ ക്വാർട്ടറിൽ ഫ്രാൻസിനെതിരെ പെനാൽറ്റി ഷൂട്ടൗട്ടിൽ ജയം നേടിയ ബ്രസീൽ താരങ്ങളുടെ ആഹ്ലാദം
ദോഹ: കൗമാര ലോകകപ്പിന്റെ ആരവത്തിൽ ഖത്തർ മുങ്ങിനിൽക്കുമ്പോൾ ദോഹയിലെ ആസ്പയർ സോൺ ഇനി തീപാറും പോരാട്ടങ്ങളുടെ വേദിയാകും. വാശിയേറിയ പ്രീക്വാർട്ടർ മത്സരങ്ങളിൽ ബ്രസീൽ, പോർചുഗൽ, ഇറ്റലി അടക്കമുള്ള ടീമുകൾ മുന്നേറിയതോടെ അണ്ടർ 17 ലോകകപ്പിന്റെ ക്വാർട്ടർ ചിത്രം തെളിഞ്ഞു. നവംബർ 21ന് വാശിയേറിയ ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ ആസ്പയർ സോൺ മൈതാനത്ത് അരങ്ങേറും. യുറോപ്യൻ കരുത്തരായ പോർചുഗൽ ഇറ്റലി, ഓസ്ട്രിയ, സ്വിറ്റ്സർലൻഡ് എന്നിവർ ക്വാർട്ടറിലേക്ക് യോഗ്യത നേടിയപ്പോൾ ഏഷ്യയിൽനിന്ന് ഏക രാജ്യമായി ജപ്പാൻ മാത്രമാണുള്ളത്. ആഫ്രിക്കൻ ഫുട്ബാൾ രാജാക്കൻമാരായ മൊറോക്കോക്കും ഒപ്പം കന്നി ലോകകപ്പ് ക്വാർട്ടറിലേക്ക് ബുർകിനഫാസൊയും സീറ്റ് ഉറപ്പിച്ചു. ലാറ്റിനമേരിക്കയിൽനിന്ന് ബ്രസീൽ മാത്രമാണ് ഇക്കുറി ലോകകപ്പിന്റെ അവസാന എട്ടിലേക്ക് കടന്നത്.
നവംബർ 21ന് വൈകീട്ട് 3.30ന് ഓസ്ട്രിയയും ജപ്പാനും തമ്മിലാണ് ആദ്യ ക്വാർട്ടർ മത്സരം. ഇറ്റലി-ബുർകിനഫാസോ മത്സരം 4.30നും പോർചുഗൽ-സ്വിറ്റ്സർലൻഡ് മത്സരം 5.45നും നടക്കും. വൈകീട്ട് 6.45ന് വാശിയേറിയ ബ്രസീൽ-മൊറോക്കോ മത്സരവും അരങ്ങേറും.
ജപ്പാൻ -ഓസ്ട്രിയ
മൊറോക്കോയും പോർചുഗലും അടങ്ങുന്ന ഗ്രൂപ് ‘ബി’യിൽനിന്ന് ഇരുവരെയും തോൽപിച്ച് ഒന്നാം സ്ഥാനക്കാരായാണ് ജപ്പാൻ നോക്കൗട്ട് റൗണ്ടിലേക്ക് കടന്നത്. നോക്കൗണ്ട് റൗണ്ടിൽ സൗത്ത് ആഫ്രിക്കയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് നിഷ്പ്രയാസം കീഴടക്കി വന്ന ജപ്പാന് എന്നാൽ പ്രീ ക്വാർട്ടറിൽ ഉത്തര കൊറിയ കനത്ത വെല്ലുവിളി ഉയർത്തി. സമനിലയിൽ കലാശിച്ച മത്സരത്തിൽ 5-4ന് പെനാൽറ്റി ഷൂട്ടൗട്ടിലൂടെയാണ് ക്വാർട്ടറിലേക്ക് ഏഷ്യൻ കരുത്തരായി ജപ്പാൻ മുന്നേറിയത്. എതിരാളികളായ ഓസ്ട്രിയ ഗ്രൂപ് ഘട്ടത്തിൽ എല്ലാ മത്സരങ്ങളും ജയിച്ചാണ് എത്തിയിരിക്കുന്നത്. നോക്കൗട്ടിൽ തുനീഷ്യയെ രണ്ട് ഗോളിന് തോൽപിച്ച്, പ്രീക്വാർട്ടറിൽ യൂറോപ്യൻ ശക്തികളായ ഇംഗ്ലണ്ടിനെ എണ്ണംപറഞ്ഞ നാല് ഗോളിനാണ് ഓസ്ട്രിയ പിടിച്ചുകെട്ടിയത്. ലോകകപ്പിൽ ഇതുവരെ തോൽക്കാത്ത ഓസ്ട്രിയക്ക് കരുത്തരായ ജപ്പാൻ വെല്ലുവിളിതന്നെയാണ്.
ഇറ്റലി- ബുർകിനഫാസോ
ഗ്രൂപ് ഘട്ടത്തിലും നോക്കൗട്ടിലും വലിയ പരിക്കുകളില്ലാതെയാണ് ഇറ്റലി ക്വാർട്ടറിലേക്ക് എത്തിയത്. ആതിഥേയരായ ഖത്തർ അടങ്ങുന്ന ഗ്രൂപ് ‘എ’യിൽനിന്ന് ഒന്നാം സ്ഥാനക്കാരായി നോക്കൗട്ടിലെത്തി. ചെക്ക് പബ്ലിക്കിനെയും ഉസ്ബകിസ്താനെയും വലിയ വെല്ലുവിളികളില്ലാതെ തോൽപിച്ച് ക്വാർട്ടറിലെത്തിയ ഇറ്റലിക്ക് ബുർകിനഫാസോ വെല്ലുവിളിയാകും. നിലവിലെ ചാമ്പ്യന്മാരായ ജർമനിയെ കെട്ടുകെട്ടിച്ചാണ് ബുർകിനഫാസോയുടെ ലോകകപ്പിലെ സ്വപ്നക്കുതിപ്പ്. ഗ്രൂപ് ഘട്ടത്തിൽ യു.എസ്.എയോട് മാത്രം തോറ്റ ബുർകിനഫാസോ പിന്നീടങ്ങോട്ട് ഉണർന്നുകളിച്ചു. പ്രീ ക്വാർട്ടറിൽ യുഗാണ്ടയെ പെനാൽറ്റി ഷൂട്ടൗട്ടിൽ തളച്ചാണ് ക്വാർട്ടറിലേക്കുള്ള മുന്നേറ്റം. ലോകകപ്പിൽ അവിശ്വസനീയ മുന്നേറ്റം നടത്തിവരുന്ന ബുർകിനഫാസോ ഇറ്റലിയെ അട്ടിമറിച്ചാലും അത്ഭുതപ്പെടാനില്ല.
പോർചുഗൽ -സ്വിറ്റ്സർലൻഡ്
മൊറോക്കോയെയും ന്യൂ കാലിഡോണിയയെും ആറ് ഗോളിന് കീഴടക്കി ലോകകപ്പിൽ ഗംഭീര തുടക്കവുമായി എത്തിയ പറങ്കിപ്പടക്ക് ജപ്പാന്റെ മുന്നിൽ പക്ഷേ, കാലിടറി. എന്നാൽ, പിന്നീടങ്ങോട്ട് പോർചുഗൽ പതറിയില്ല. ബെൽജിയത്തെയും മെക്സിക്കോയെയും തോൽപിച്ച് ക്വാർട്ടറിലേക്ക് കടന്ന പോർചുഗലിനെ കാത്തിരിക്കുന്നത് യൂറോപ്പിലെത്തന്നെ മറ്റൊരു ടീമായ സ്വിറ്റ്സർലൻഡാണ്. ലോകകപ്പിൽ ഇതുവരെ തോൽക്കാത്ത മറ്റൊരു ടീമാണ് സ്വിറ്റ്സർലൻഡ്. ഗ്രൂപ് ഘട്ടത്തിൽ മെക്സിക്കോയെയും ഐവറി കോസ്റ്റിനെയും തോൽപിച്ച്, നോക്കൗട്ടിൽ ഈജിപ്തിനെയും അയർലൻഡിനെയും കീഴടക്കിയാണ് ക്വാർട്ടറിലേക്കുള്ള വരവ്. യൂറോപ്യൻ നാട്ടങ്കമായി മാറുന്ന സ്വിസ് പോരിൽ പറങ്കികൾക്ക് പിഴക്കില്ലെന്ന് പ്രതീക്ഷിക്കാം.
ബ്രസീൽ -മൊറോക്കോ
അണ്ടർ 17 ലോകകപ്പ് ടൂർണമെന്റിലെ ഫേവറേറ്റുകളായ രണ്ട് ടീമുകളുടെ പോരാട്ടമാണ് ബ്രസീൽ-മൊറോക്കോ മത്സരം. ആദ്യ രണ്ട് മത്സരങ്ങളിൽ ജപ്പാനോടും പോർചുഗലിനോടും തോൽവി ഏറ്റുവാങ്ങിയ മൊറോക്കോ മൂന്നാം മത്സരത്തിൽ ന്യൂ കലിഡോണിയക്കെതിരെ റെക്കോഡ് ജയം (16-0) നേടിയാണ് നോക്കൗട്ടിലേക്ക് കടന്നത്. യു.എസ്.എയെ പെനാൽറ്റി ഷൂട്ടൗട്ടിലും മാലിയെ 3-2നും തോൽപിച്ചാണ് മൊറോക്കൻ അറ്റ്ലസ് സിംഹങ്ങൾ ബ്രസീലിനെതിരെ ക്വാർട്ടറിലിറങ്ങുന്നത്. എന്നാൽ, ബ്രീസിലിന് ക്വാർട്ടറിലേക്കുള്ള വഴി അത്ര എളുപ്പമായിരുന്നില്ല. ഗ്രൂപ് ഘട്ടത്തിൽ ഹോണ്ടുറസിനെയും ഇന്തോനേഷ്യയെയും തോൽപിച്ച ബ്രസീലിന് മൂന്നാം മത്സരത്തിൽ സാംബിയയോട് സമനില വഴങ്ങേണ്ടിവന്നു. പരഗ്വേയോടും ഫ്രാൻസിനോടും പെനാൽറ്റി ഷൂട്ടൗട്ട് വരെ നീണ്ട പോരാട്ടത്തിന് ഒടുവിലാണ് ക്വാർട്ടറിലേക്കുള്ള ബർത്ത് ഉറപ്പിച്ചത്. ആരാധക പിന്തുണകൊണ്ടും കളിക്കളത്തിലെ മികവുകൊണ്ടും ടൂർണമെന്റിലെത്തന്നെ ഏറ്റവും ക്ലാസിക് പോരാട്ടമാകും ബ്രസീൽ -മൊറോക്കോ ഏറ്റുമുട്ടൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

