അണ്ടർ 17 ലോകകപ്പ്; ഫുട്ബാൾ കൗമാരോത്സവത്തിന് ഇനി നൂറുദിനങ്ങൾ
text_fieldsദോഹ: കായിക ലോകത്തിന്റെ ആസ്ഥാനമായി മാറിയ ഖത്തറിൽ ഇനി ഫുട്ബാൾ കൗമാരോത്സവത്തിന്റെ ദിനങ്ങൾ. അണ്ടർ 17 ലോകകപ്പ് ഫുട്ബാൾ കിക്കോഫിന് ഇനി നൂറുദിനങ്ങൾ. ചരിത്രത്തിൽ ആദ്യമായി 48 ടീമുകൾ പങ്കെടുക്കുന്ന അണ്ടർ 17 ലോകകപ്പ് നവംബർ മൂന്നു മുതൽ 27 വരെ ആസ്പയർ സോണിൽ നടക്കും.
ഖലീഫ ഇന്റർനാഷനൽ സ്റ്റേഡിയത്തിലാണ് ലോകകപ്പിന്റെ ഫൈനൽ മത്സരം. ഫുട്ബാൾ ടൂർണമെന്റ് എന്നതിനപ്പുറം ആരാധകർക്ക് ഒരൊറ്റ ഫാൻസോണിൽ ഉത്സവാന്തരീക്ഷത്തോടെയുള്ള ലോകകപ്പ് മത്സരങ്ങൾക്കാണ് ഖത്തർ വേദിയൊരുക്കുന്നത്. 2029വരെ തുടർച്ചയായി ഖത്തർ തന്നെയാണ് അണ്ടർ 17 ലോകകപ്പിന് ആതിഥേയത്വം വഹിക്കുക. വർഷം തോറും ടൂർണമെന്റ് നടത്താനുള്ള ഫിഫയുടെ തീരുമാനത്തിന്റെ ഭാഗമായാണ് തുടർച്ചയായി ഖത്തർ ആതിഥേയത്വം വഹിക്കുന്നത്.
2022 ലോകകപ്പ് ഫുട്ബാളിനായി ഒരുക്കിയ സ്റ്റേഡിയങ്ങളും മറ്റു അടിസ്ഥാന സൗകര്യങ്ങളും ഉപയോഗപ്പെടുത്തിയാണ് രാജ്യത്ത് മത്സരങ്ങൾ നടക്കുന്നത്. 2023ൽ ഇന്തോനേഷ്യയിലായിരുന്നു ഏറ്റവും ഒടുവിലായി അണ്ടർ 17 ലോകകപ്പ് നടന്നത്. കലാശപ്പോരിൽ ഫ്രാൻസിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ കീഴടക്കി ജർമനിയാണ് കിരീടം സ്വന്തമാക്കിയത്.
യുവ കളിക്കാർക്ക് തിളങ്ങാനുള്ള അവസരം -അൽമോസ് അലി
പുതിയ തലമുറയിലെ കളിക്കാർക്ക് ആഗോള വേദിയിൽ തിളങ്ങാനുള്ള മികച്ച അവസരമായിരിക്കും ഫിഫ അണ്ടർ 17 ലോകകപ്പെന്ന് ഖത്തർ ഫുട്ബാൾ താരം അൽമോസ് അലി. ഫിഫ അണ്ടർ 17 ലോകകപ്പ് യുവ കളിക്കാർക്ക് വലിയ പ്രചോദനമായിരിക്കും. അവർ കളിക്കളത്തിൽ മികച്ച പ്രകടനം നടത്താൻ ശ്രമിക്കും. അവരുടെ ഭാവിയെ സംബന്ധിച്ചിടത്തോളം ഇത് എത്രത്തോളം പ്രധാനമാണെന്ന് അവർക്കറിയാം -അൽമോസ് അലി കൂട്ടിച്ചേർത്തു.
നവംബർ മൂന്നു മുതൽ 27വരെ ആസ്പയർ സോണിലാണ് ടൂർണമെന്റ് നടക്കുന്നത്. ഖലീഫ ഇന്റർനാഷനൽ സ്റ്റേഡിയത്തിൽ ഫൈനൽ മത്സരവും അരങ്ങേറും. ആസ്പയർ അക്കാദമിയിലെ പൂർവ വിദ്യാർഥിയായ അൽമോസ് അലി ഖത്തറിന്റെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനാണ്. 123 മത്സരങ്ങളിൽനിന്നായി 60 ഗോളുകൾ അദ്ദേഹം നേടിയിട്ടുണ്ട്. ടൂർണമെന്റ് നടക്കുന്ന ആസ്പയർ സോണിന്റെ പ്രധാന ഭാഗമാണ് അക്കാദമി. 2004 ൽ സ്ഥാപിതമായതുമുതൽ മികച്ച താരങ്ങളെയും ഒളിമ്പിക് ചാമ്പ്യന്മാരെയും വളർത്തിയെടുക്കാൻ ആസ്പയർ അക്കാദമിക്ക് കഴിഞ്ഞിട്ടുണ്ട്. എക്കാലത്തെയും മികച്ച ഹൈജംപ് താരങ്ങളിൽ ഒരാളായ മുതാസ് ബർഷാം അതിലൊരാളാണ്. ഈ വേദിയിൽ ടൂർണമെന്റ് അരങ്ങേറുമ്പോൾ, അത് ഖത്തറിന്റെ കായിക രംഗത്ത് അക്കാദമി ചെയ്ത മാതൃകാപരമായ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായിരിക്കും.
അലി അൽമോസ്
ഒരു യുവ കളിക്കാരനും വിദ്യാർഥിയുമായി ആസ്പയർ അക്കാദമിയുടെ ഭാഗമായതിലൂടെ, പഠനവും ഫുട്ബാളും സമന്വയിപ്പിച്ച് മുന്നോട്ടുപോകാൻ സാധിച്ചു. അതുവഴി മുഴുവൻ സമയവും കായികരംഗത്ത് ശ്രദ്ധ കേന്ദ്രീകരിക്കാൻ അവർ പ്രോത്സാഹനം നൽകിയെന്നും അൽമോസ് അലി പറഞ്ഞു.2014 ൽ ഏഷ്യൻ ചാമ്പ്യൻഷിപ്പ് നേടിയ ഖത്തറിന്റെ അണ്ടർ 20 ടീമിൽ അലി അംഗമായിരുന്നു. ഈ ടീമിലെ മുഴുവൻ കളിക്കാരും ആസ്പയർ അക്കാദമിയിലെ കളിക്കാരായിരുന്നു. തുടർന്ന്, 2019 ലും 2023 ലും തുടർച്ചയായി രണ്ട് എ.എഫ്.സി ഏഷ്യൻ കപ്പുകളിൽ ഖത്തറിന്റെ സീനിയർ ദേശീയ ടീമിനെ നയിക്കാനും അലിക്ക് സാധിച്ചിട്ടുണ്ട്.
ഞങ്ങൾ യൂറോപ്പ്, ആഫ്രിക്ക, അമേരിക്ക എന്നിവിടങ്ങളിലെ മികച്ച ടീമുകൾക്കെതിരെ കളിച്ചു. അത്തരം ശക്തരായ ടീമുകളുമായി മത്സരിക്കുക എന്നത് ഞങ്ങൾക്ക് പ്രധാനമായിരുന്നു -അലി കൂട്ടിച്ചേർത്തു. ഇറ്റലി, ദക്ഷിണാഫ്രിക്ക, ബൊളീവിയ എന്നിവർ ഉൾപ്പെടുന്ന ഗ്രൂപ് എയിലാണ് ആതിഥേയരായ ഖത്തർ ഇടം പിടിച്ചിരിക്കുന്നത്. നവംബർ മൂന്നിന് ഇറ്റലിക്കെതിരെയാണ് ഖത്തറിന്റെ ആദ്യ മത്സരം. 1991ൽ നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ഖത്തറിന്റെ ഏറ്റവും മികച്ച പ്രകടനം മെച്ചപ്പെടുത്താനായിരിക്കും ടീം ശ്രമിക്കുക -അലി പറഞ്ഞു. ഖത്തറിനെ കൂടാതെ സൗദി അറേബ്യ, യു.എ.ഇ, ഈജിപ്ത്, തുനീഷ്യ, മൊറോക്കോ തുടങ്ങിയ അറബ് രാജ്യങ്ങളും ടൂർണമെന്റിൽ മാറ്റുരക്കും.
ഗ്രൂപ്പുകൾ
- ഗ്രൂപ് എ: ഖത്തർ, ഇറ്റലി, ദക്ഷിണാഫ്രിക്ക, ബൊളീവിയ
- ഗ്രൂപ് ബി: ജപ്പാൻ, മൊറോക്കോ, ന്യൂകാലിഡോണിയ, പോർചുഗൽ
- ഗ്രൂപ് സി: സെനഗാൾ, ക്രൊയേഷ്യ, കോസ്റ്ററീക, യു.എ.ഇ
- ഗ്രൂപ് ഡി: അർജന്റീന, ബെൽജിയം, തുനീഷ്യ, ഫിജി
- ഗ്രൂപ് ഇ: ഇംഗ്ലണ്ട്, വെനിസ്വേല, ഹെയ്തി, ഈജിപ്ത്
- ഗ്രൂപ് എഫ്: മെക്സികോ, ദക്ഷിണ കൊറിയ, ഐവറി കോസ്റ്റ്, സ്വിറ്റ്സർലൻഡ്
- ഗ്രൂപ് ജി: ജർമനി, കൊളംബിയ, ഉത്തര കൊറിയ, എൽസാൽവഡോർ.
- ഗ്രൂപ് എച്ച്: ബ്രസീൽ, ഹോണ്ടുറസ്, ഇന്തോനേഷ്യ, സാംബിയ.
- ഗ്രൂപ് ഐ: അമേരിക്ക, ബുർകിന ഫാസോ, തജികിസ്താൻ, ചെക് റിപ്പബ്ലിക്
- ഗ്രൂപ് ജെ: പരഗ്വേ, ഉസ്ബകിസ്താൻ, പാനമ, അയർലൻഡ്
- ഗ്രൂപ് കെ: ഫ്രാൻസ്, ചിലി, കാനഡ, യുഗാണ്ട
- ഗ്രൂപ് എൽ: മാലി, ന്യൂസിലൻഡ്, ഓസ്ട്രിയ, സൗദി അറേബ്യ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

