Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിടപറഞ്ഞ പിതാവ് അമീറിന് ആദരമർപ്പിച്ച് യു.എൻ ജനറൽ അസംബ്ലി

text_fields
bookmark_border
പ്രത്യേക അനുശോചന സമ്മേളനം ചേർന്നു
വിടപറഞ്ഞ പിതാവ് അമീറിന് ആദരമർപ്പിച്ച് യു.എൻ ജനറൽ അസംബ്ലി
cancel

ദോഹ: സമാധാനത്തിനു വേണ്ടി ആഗോളതലത്തിൽ നിലകൊണ്ട നേതാവായിരുന്നു പിതാവ് അമീറെന്ന് യു.എൻ പൊതുസഭ. സംഘർഷങ്ങളിൽ മധ്യസ്ഥത വഹിക്കുന്നതിലും നയതന്ത്രപരമായ ചർച്ചകൾക്ക് വഴിയൊരുക്കുന്നതിലും ലോകരാജ്യങ്ങൾക്ക് ഏറെ വിശ്വാസ്യതയുള്ള പങ്കാളിയായി ഖത്തറിനെ മാറ്റിയതിൽ മുൻ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനിയുടെ ഇടപെടലുകൾക്ക് നിർണായക പങ്കുണ്ട്. ഒരു രാജ്യത്തിന്റെ സ്വാധീനം കേവലം സാമ്പത്തിക നേട്ടങ്ങളിൽ മാത്രം വിലയിരുത്തേണ്ടതല്ലെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. സമാധാനത്തിനും സംഭാഷണങ്ങൾക്കും ആഗോളതലത്തിൽ നൽകുന്ന സംഭാവനകളിലൂടെയാണ് ഇത് നിർണയിക്കേണ്ടതെന്നും അദ്ദേഹം മനസ്സിലാക്കി. ഇതുവഴി നിരവധി സമാധാന ചർച്ചകൾക്കും ധാരണകൾക്കും വഴിതുറക്കാൻ അദ്ദേഹത്തിന് സാധിച്ചു.

മേഖലയിലും അന്താരാഷ്ട്ര തലത്തിലും ജീവകാരുണ്യ പ്രവർത്തനങ്ങൾ വിപുലീകരിക്കാനും, പ്രാദേശിക -അന്തർദേശീയ വിഷയങ്ങളിൽ വിശ്വസ്ത പങ്കാളിയായി രാജ്യത്തെ മാറ്റിയെടുക്കാനും അദ്ദേഹത്തിന്റെ ദീർഘവീക്ഷണത്തോടെയുള്ള ഇടപെടലുകൾക്ക് സാധിച്ചു. ഇത് അന്താരാഷ്ട്ര സമൂഹം എന്നും ഓർമിക്കപ്പെടുമെന്നും യു.എൻ ജനറൽ അസംബ്ലി അഭിപ്രായപ്പെട്ടു.

ഖത്തറിന്റെ മുൻ ഭരണാധികാരിയും ആധുനിക ഖത്തറിന്റെ ശിൽപ്പിയുമായ വിടപറഞ്ഞ പിതാവ് അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനിയുടെ വേർപാടിൽ അനുശോചനം രേഖപ്പെടുത്താനും അദ്ദേഹത്തിന്റെ ഓർമകൾക്ക് ആദരമർപ്പിക്കാനുമായി ഐക്യരാഷ്ട്രസ ജനറൽ അസംബ്ലി സംഘടിപ്പിച്ച പ്രത്യേക സമ്മേളനത്തിൽ സംസാരിച്ച പ്രതിനിധികളാണ് ഇക്കാര്യം വ്യക്തമാക്കിയത്. 81ാമത് സെഷൻ പ്രസിഡന്റ് ഖലീലുർ റഹ്മാന്റെ അധ്യക്ഷതയിൽ ന്യൂയോർക്കിലെ ആസ്ഥാനത്ത് ചേർന്ന സമ്മേളനത്തിൽ യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറെസ്, ഖത്തറിന്റെ സ്ഥിരം പ്രതിനിധി ശൈഖ ആലിയ അഹമ്മദ് ബിൻ സൈഫ് ആൽഥാനി എന്നിവർ പങ്കെടുത്തു.

പി​താ​വ് അ​മീ​ർ ശൈ​ഖ് ഹ​മ​ദ് ബി​ൻ ഖ​ലീ​ഫ ആ​ൽ​ഥാ​നിക്ക് ആദരവുമായി യു.​എ​ൻ ജ​ന​റ​ൽ അ​സം​ബ്ലി സംഘടിപ്പിച്ച പ്ര​ത്യേ​ക അ​നു​ശോ​ച​ന സ​മ്മേ​ള​നത്തിൽ ഖ​ത്ത​റി​ന്റെ സ്ഥി​രം പ്ര​തി​നി​ധി ശൈ​ഖ ആ​ലി​യ അ​ഹ​മ്മ​ദ് ബി​ൻ സൈ​ഫ് ആ​ൽ​ഥാ​നി സംസാരിക്കുന്നു

സമ്മേളനത്തിന്റെ തുടക്കത്തിൽ, പ്രസിഡന്റ് ഖലീലുർ റഹ്മാൻ ഖത്തർ ഭരണകൂടത്തോടും ജനങ്ങളോടും അനുശോചനം അറിയിച്ചു. പിതാവ് അമീറിന്റെ 18 വർഷത്തെ ഭരണകാലം രാജ്യത്ത് വലിയ സാമ്പത്തിക, സാമൂഹിക, സാംസ്കാരിക മാറ്റങ്ങൾക്ക് സാക്ഷ്യം വഹിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസത്തിനും ശാസ്ത്രത്തിനും മാനവിക വികസനത്തിനും അദ്ദേഹം മുൻഗണന നൽകിയെന്നും അദ്ദേഹം വിശദീകരിച്ചു.

ഖത്തറിന്റെ ആഗോള പ്രശസ്തിക്കും ദീർഘകാല സമൃദ്ധിക്കും അടിത്തറയിട്ടത് പിതാവ് അമീറിന്റെ ദീർഘവീക്ഷണമാണെന്ന് യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറെസ് അനുസ്മരിച്ചു. നയതന്ത്രം, വിദ്യാഭ്യാസ, ഊർജ്ജം, മാധ്യമം തുടങ്ങിയ മേഖലകളിൽ ആഗോളതലത്തിൽ നിർണ്ണായക പങ്ക് വഹിക്കുന്ന രാജ്യമാക്കി ഖത്തറിനെ ഉയർത്തിക്കൊണ്ടുവന്നുവെന്നും അദ്ദേഹം വിശദീകരിച്ചു.

അന്താരാഷ്ട്ര സമൂഹം ഫാദർ അമീറിന് നൽകുന്ന വലിയ ആദരവിന്റെ തെളിവാണ് ഈ സമ്മേളനത്തിലെ പങ്കാളിത്തമെന്ന് ഐക്യരാഷ്ട്രസഭയിലെ ഖത്തറിന്റെ സ്ഥിരം പ്രതിനിധി ശൈഖ ആലിയ അഹമ്മദ് ബിൻ സൈഫ് ആൽഥാനി അഭിപ്രായപ്പെട്ടു. 1995 മുതൽ 2013 വരെയുള്ള അദ്ദേഹത്തിന്റെ ഭരണകാലം ശക്തമായ ഭരണഘടനാ സ്ഥാപനങ്ങൾക്കും ആധുനിക വികസനങ്ങൾക്കും തുടക്കമിട്ടു. അദ്ദേഹത്തിന്റെ ദീർഘവീക്ഷണം കേവലം ആഭ്യന്തര കാര്യങ്ങളിൽ മാത്രം ഒതുങ്ങിനിൽക്കുന്നതായിരുന്നില്ല. അന്താരാഷ്ട്ര തലത്തിൽ തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കുന്നതിലും മധ്യസ്ഥത വഹിക്കുന്നതിലും മുൻനിര രാജ്യങ്ങളിലൊന്നായി ഖത്തറിനെ മാറ്റിയത് അദ്ദേഹത്തിന്റെ നയതന്ത്ര മികവാണ്. ലെബനൻ തർക്കത്തിലെ ദോഹ കരാർ, ദാർഫൂർ സമാധാന കരാർ തുടങ്ങിയവ അന്താരാഷ്ട്ര തലത്തിൽ ഖത്തർ വഹിച്ച മധ്യസ്ഥ പങ്കിന്റെ തെളിവുകളാണെന്നും അവർ ഓർമ്മിപ്പിച്ചു.

ജി.സി.സിയെ പ്രതിനിധീകരിച്ച് ബഹ്റൈൻ സ്ഥിരം പ്രതിനിധി ജമാൽ ഫാരിസ് അൽ റുവൈയി, അറബ് ഗ്രൂപ്പിനെ പ്രതിനിധീകരിച്ച് ഒമാൻ സ്ഥിരം പ്രതിനിധി ഉമർ സൈദ് അൽ ഖാതിരി, ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോഓപറേഷനെ (ഒ.ഐ.സി) പ്രതിനിധീകരിച്ച് തുർക്കിയ പ്രതിനിധി അഹ്മദ് യൽദീസ് എന്നിവർ സംസാരിച്ചു. യു.എന്നിലെ മുതിർന്ന ഉദ്യോഗസ്ഥർ, അംഗരാജ്യങ്ങളുടെ പ്രതിനിധികൾ, സ്ഥാനപതിമാർ, നയതന്ത്രജ്ഞർ എന്നിവർ സന്നിഹിതരായിരുന്നു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - UN General Assembly Pays Tribute to Late Father Emir Sheikh Hamad Bin Khalifa Al Thani
Next Story