യു.എൻ കാലാവസ്ഥ ഉച്ചകോടി: രാഷ്ട്ര നേതാക്കളുമായി കൂടിക്കാഴ്ച നടത്തി അമീർ
text_fieldsഖത്തർ അമീർ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനൊപ്പം
ദോഹ: ഐക്യരാഷ്ട്രസഭ കാലാവസ്ഥ വ്യതിയാന ഉച്ചകോടിയിൽ പങ്കെടുക്കാനായി ഗ്ലാസ്ഗോയിലെത്തിയ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി രാഷ്ട്ര നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. തിങ്കളാഴ്ച രാവിലെ ഗ്ലാസ്ഗോ വിമാനത്താവളത്തിലെത്തിയ അമീറിനെ എലിസബത്ത് രാജ്ഞിയുടെ പ്രതിനിധി ലോഡ് പീറ്റർ മക്കാർത്തി സ്വീകരിച്ചു. മുതിർന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥ സംഘത്തിനൊപ്പമായിരുന്നു ഖത്തർ അമീറിനെ വരവേറ്റത്. കുവൈത്ത് പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ സബാഹ്, ജർമൻ ചാൻസലർ അംഗലാ മെര്‍കല്‍, കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ, ഇറ്റാലിയൻ പ്രധാനമന്ത്രി മരിയോ ദ്രാഗി, ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ, യുക്രെയ്ൻ പ്രസിഡൻറ് വ്ലാദിമിർ സെലൻസ്കി, ഈജിപ്ത് പ്രസിഡൻറ് അബ്ദുൽ ഫത്താഹ് അൽസീസി, മൗറിത്വാനിയ മുഹമ്മദ് ഔലുദ് അൽ ഗസ്വാനി, ആഫ്രിക്കൻ യൂനിയൻ പ്രസിഡൻറ്, ശ്രീലങ്ക, അർമീനിയ തുടങ്ങിയ രാഷ്ട്രങ്ങളുടെ നേതാക്കൾ എന്നിവരെ കണ്ടു.
നവംബർ 12 വരെ നടക്കുന്ന രാജ്യാന്തര ഉച്ചകോടിയിൽ 120 രാഷ്ട്ര നേതാക്കളാണ് പങ്കെടുക്കുന്നത്. ആഗോളതാപനം കുറക്കാനും കാലാവസ്ഥ വ്യതിയാനം തടയാനുമുള്ള നിര്‍ണായക പ്രഖ്യാപനങ്ങളും കരാറുകളും ഉച്ചകോടിയിലുണ്ടായേക്കും. കോൺഫറൻസ് ഓഫ് പാർട്ടീസ് ടു ദ യു.എൻ. ഫ്രെയിംവർക്ക് കൺവെൻഷൻ ഓൺ ക്ലൈമറ്റ് ചെയ്ഞ്ചിെൻറ (സി.ഒ.പി.) 26ാം സമ്മേളനമാണിത്.