ബസ് വഴി വീണ്ടും ഉംറ തീർഥാടനം
text_fieldsഖത്തറിൽനിന്നും ബസ് വഴി പുറപ്പെട്ട ഉംറ തീർഥാടക സംഘം
ദോഹ: അഞ്ചുവർഷത്തിലേറെ നീണ്ട കാത്തിരിപ്പിനുശേഷം, ഖത്തറിൽനിന്നും ബസ് വഴിയുള്ള ആദ്യ ഉംറ സംഘം ബുധനാഴ്ച മക്കയിലേക്ക് യാത്ര പുറപ്പെട്ടു. കോവിഡ് നിയന്ത്രണങ്ങൾ നീങ്ങിയ ശേഷം, കഴിഞ്ഞ സെപ്റ്റംബർ മുതൽ വിമാനമാർഗം ഉംറ സജീവമായിരുന്നുവെങ്കിലും ബസ് മാർഗമുള്ള ആദ്യ ഉംറ തീർഥാടനത്തിനാണ് കഴിഞ്ഞ ദിവസം മുതൽ തുടക്കമായത്. ഖത്തറിലെ പ്രമുഖ ഹജ്ജ് - ഉംറ ഏജൻസിയായ ഹംലത്തുൽ ഹമ്മാദിയുടെ കീഴിൽ 46 പേരടങ്ങിയ സംഘമാണ് ആദ്യ ബസ് തീർഥാടന യാത്രയിലുള്ളത്.
പത്തു ദിവസത്തെ ഉംറ യാത്രയിൽ ആറുദിവസം മക്കയിലും രണ്ടുദിവസം മദീനയിലും രണ്ടുദിവസം യാത്രക്കുമായാണ് ക്രമീകരിച്ചത്. ഇതിനുപുറമെ, മക്കയിലെയും മദീനയിലെയും ചരിത്ര സ്ഥലങ്ങൾ സന്ദർശിക്കുകയും ചെയ്യും.
2017ൽ ഖത്തറിനെതിരെ ഗൾഫ് രാഷ്ട്രങ്ങൾ പ്രഖ്യാപിച്ച ഉപരോധത്തെത്തുടർന്നാണ് ബസ് വഴിയുള്ള ഉംറയാത്ര മുടങ്ങിയത്. ഉപരോധം പിന്നീട് പിൻവലിച്ചെങ്കിലും കോവിഡ് കാരണം പുനഃസ്ഥാപിക്കുന്നത് വൈകി. 2021 സെപ്റ്റംബറിലാണ് വീണ്ടും ഉംറ അനുവദിച്ചു തുടങ്ങുന്നത്. എന്നാൽ, വിമാന മാർഗമായിരുന്നു യാത്ര. ഇത്തവണ പുതിയ ഹിജ്റ വർഷം ആരംഭിച്ചതിനു പിന്നാലെയാണ് ബസ് മാർഗമുള്ള തീർഥാടനത്തിനും അനുമതി നൽകിത്തുടങ്ങിയത്.
വരും ആഴ്ചകളിൽ ബസ് വഴി യാത്രകൾ സജീവമാവും. മലയാളി സംഘടനകളുടെയും ഗ്രൂപ്പുകളുടെയും നേതൃത്വത്തിലും ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. സി.ഐ.സി ഖത്തർ നേതൃത്വത്തിലുള്ള ആദ്യ യാത്രസംഘം സെപ്റ്റംബർ ഏഴിന് പുറപ്പെടുമെന്ന് ഉംറ സെൽ കോഓഡിനേറ്റർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

