ഇരട്ടഗോളുമായി ഉമർ; ആവേശജയത്തോടെ അൽഅറബി വീണ്ടും ഒന്നാമത്
text_fieldsഅൽഅറബിക്കെതിരെ ഗോൾ നേടിയപ്പോൾ അൽഅഹ്ലി താരങ്ങളുടെ ആഹ്ലാദം
ദോഹ: കളി തീരാൻ 12 മിനിറ്റുമാത്രം ബാക്കിനിൽക്കെ ഒരുഗോളിന് പിന്നിട്ടുനിന്ന അൽഅറബിക്ക് രക്ഷകനായി ഉമർ അൽസോമ. 79, 87 മിനിറ്റുകളിലായി ഉമർ നേടിയ ഇരട്ട ഗോളുകളുടെ പിൻബലത്തിൽ അൽ അഹ്ലിയെ 2-1ന് കീഴ്പ്പെടുത്തിയ അൽഅറബി ക്യു.എൻ.ബി ഖത്തർ സ്റ്റാർസ് ലീഗിൽ പോയന്റ് നിലയിൽ ഒന്നാംസ്ഥാനത്ത് തിരിച്ചെത്തി.
പരാജയഭീതിയിൽ ലോകകപ്പ് ഫുട്ബാളിനായി നിർത്തിവെച്ചശേഷം ക്യു.എൻ.ബി സ്റ്റാർസ് ലീഗ് ബുധനാഴ്ച പുനരാരംഭിച്ചപ്പോൾ അൽ ഗറാഫയെ ഏകപക്ഷീയമായ മൂന്നു ഗോളുകൾക്ക് തകർത്ത അൽ ദുഹൈൽ ലീഗിൽ ഒന്നാം സ്ഥാനത്തെത്തിയിരുന്നു. 17 പോയന്റുമായി ഒന്നാമതായിരുന്ന അൽ ദുഹൈലിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയ അൽഅറബിക്ക് 19 പോയന്റുണ്ട്.
എട്ടു കളികളിൽ ആറും ജയിച്ച അൽഅറബി ഒരു കളിയിൽ സമനില വഴങ്ങുകയും ഒരു മത്സരത്തിൽ പരാജയപ്പെടുകയും ചെയ്തു. എട്ടു കളികളിൽ അഞ്ചു ജയവും രണ്ടു സമനിലയും ഒരു തോൽവിയുമാണ് അൽ ദുഹൈലിനുള്ളത്. ഏഴു കളികളിൽ 15 പോയന്റുള്ള അൽ വക്റയാണ് മൂന്നാം സ്ഥാനത്ത്.
ഹമദ് ബിൻ ഖലീഫ സ്റ്റേഡിയത്തിൽ നടന്ന കളിയിൽ 28ാം മിനിറ്റിൽ അൽഅറബിയുടെ പ്രതിരോധനിരയുടെ പിഴവ് മുതലെടുത്ത് യസാൻ അൽ നൈമത്ത് അൽ അഹ്ലിയെ മുന്നിലെത്തിക്കുകയായിരുന്നു. പിന്നീട് ആക്രമണം ശക്തമാക്കിയ അൽഅറബി നിരവധി അവസരങ്ങൾ തുറന്നെടുത്തെങ്കിലും വല കുലുക്കാനായില്ല. ഒടുവിൽ 79ാം മിനിറ്റിൽ ഇബ്രാഹിം നാസർ കല്ലയുടെ ക്രോസിൽ ക്ലോസ് റേഞ്ചിൽനിന്ന് വലയിലേക്ക് പന്തുതട്ടിയിട്ടാണ് ഉമർ അൽസോമ ടീമിനെ ഒപ്പമെത്തിച്ചത്.
കളി തീരാൻ മൂന്നു മിനിറ്റ് മാത്രമിരിക്കേ, 30 വാര അകലെ നിന്നുതിർത്ത ലോങ്റേഞ്ചറിലൂടെ അൽസോമ ആവേശജയത്തിലേക്ക് അൽഅറബിയെ നയിക്കുകയായിരുന്നു.
വ്യാഴാഴ്ച വൈകീട്ട് നടന്ന കളിയിൽ അൽറയ്യാൻ സീസണിലെ തങ്ങളുടെ ആദ്യജയം നേടിയിരുന്നു. എതിരില്ലാത്ത രണ്ടുഗോളുകൾക്ക് അൽ സൈലിയയെയാണ് പരാജയപ്പെടുത്തിയത്. ഇടവേളക്കുശേഷം ഉസാമ അൽ തൈരിയും യോഹാൻ ബോലിയുമാണ് അൽ റയ്യാന്റെ ഗോളുകൾ നേടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

