യു.എം.എ.ഐ 40ാം വാർഷിക സമാപനം വെള്ളിയാഴ്ച
text_fieldsയുനൈറ്റഡ് മാർഷ്യൽ ആർട്സ് അക്കാദമി ഇന്റർനാഷനൽ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ സംസാരിക്കുന്നു
ദോഹ: യുനൈറ്റഡ് മാർഷ്യൽ ആർട്സ് അക്കാദമി ഇന്റർനാഷനൽ 40ാം വാർഷികാഘോഷങ്ങൾ വെള്ളിയാഴ്ച സമാപിക്കും. ആറുമാസക്കാലം നീണ്ടുനിന്ന ആഘോഷങ്ങൾക്കാണ് ഗറാഫ ഇൻഡോർ സ്റ്റേഡിയത്തിൽ വൈകീട്ട് ആറുമണി മുതൽ സമാപനമാവുന്നത്. 2025 മേയ് 30ന് ഹമദ് മെഡിക്കൽ കോർപറേഷനുമായി സഹകരിച്ചു നടത്തിയ ബ്ലഡ് ഡോണേഷൻ ക്യാമ്പോട് കൂടിയാണ് ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചത്. തുടർന്ന് വനിതകൾക്കായി വെയിറ്റ് ലോസ് മത്സരവും കുട്ടികൾക്ക് ചിത്രരചനാ മത്സരവും സംഘടിപ്പിച്ചു. മുതിർന്നവർക്കായി ഇന്റർനാഷനൽ പഞ്ചഗുസ്തി മത്സരവും വടംവലി മത്സരവും സംഘടിപ്പിച്ചിരുന്നു.
വ്യാഴാഴ്ച വൈകീട്ട് അഞ്ചു മണി മുതൽ വെള്ളിയാഴ്ച വൈകീട്ട് അഞ്ചു മണി വരെ കരാട്ടെ, കുങ്ഫു, വുഷു ചാമ്പ്യൻഷിപ്പുകൾ നടക്കും. സിറ്റി എക്സ്ചേഞ്ച് മുഖ്യ പ്രായോജകരായി വെള്ളിയാഴ്ച നടക്കുന്ന സമാപന ഇവന്റിൽ ഖത്തർ ബോക്സിങ് ആൻഡ് റെസ്ലിങ് ഫെഡറേഷൻ പ്രസിഡന്റും ഖത്തറിലെ ആദ്യ പ്രഫഷനൽ ബോക്സറുമായ ശൈഖ് ഫഹദ് ഖാലിദ് ആൽഥാനി മുഖ്യാതിഥിയായി പങ്കെടുക്കും.
ഖത്തർ കരാട്ടേ ഫെഡറേഷൻ പ്രതിനിധികൾ ഉൾപ്പെടെ വിവിധ മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങൾ ചടങ്ങിൽ സംബന്ധിക്കും. 40 വർഷം പൂർത്തിയായ യുനൈറ്റഡ് മാർഷ്യൽ ആർട്സ് അക്കാദമി ഇന്റർനാഷനലിന്റെ ഗ്രാൻഡ് മാസ്റ്ററും ഫൗണ്ടറുമായ സിഫു ഡോ. ആരിഫ് സി.പിയെ ചടങ്ങിൽ ആദരിക്കും.
ഇന്ത്യൻ നാഷനൽ താരങ്ങൾ ഉൾപ്പെടെ അവതരിപ്പിക്കുന്ന വിവിധ മാർഷ്യൽ ആർട്സ് പ്രദർശനം, പ്രമുഖ ഗായകർ നേതൃത്വം കൊടുക്കുന്ന സംഗീതവിരുന്ന്, തന്നൂറ തുടങ്ങി വിവിധ കലാ, കായിക പരിപാടികൾ സമാപന ചടങ്ങിൽ നടക്കും. മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്ക് ഫ്രീ പാസ് മുഖേനയാണ് ചടങ്ങിലേക്ക് പ്രവേശനം. ചടങ്ങിന്റെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
യു.എം.എ.ഐ ഫൗണ്ടറും ഗ്രാൻഡ് മാസ്റ്ററുമായ സിഫു ഡോ. ആരിഫ് സി.പി, യു.എം.എ.ഐ ഖത്തർ ഡയറക്ടർ ഷിഹാൻ നൗഷാദ് കെ. മണ്ണോളി, സിറ്റി എക്സ്ചേഞ്ച് ഹെഡ് ഓഫ് ഓപറേഷൻ ഷാനിബ് ഷംസുദ്ദീൻ, യു.എം.എ.ഐ ഖത്തർ പി.ആർ ഇൻചാർജും വാർഷിക പരിപാടിയുടെ ചീഫ് കോഓഡിനേറ്ററുമായ സി.കെ. ഉബൈദ്, കുങ്ഫു അസിസ്റ്റന്റ് കോഓഡിനേറ്റർ ശരീഫ് തിരുവള്ളൂർ, പ്രോഗ്രാം കോഓഡിനേറ്റർ അബ്ദുല്ല പൊയിൽ, യു.എം.എ.ഐ സെക്രട്ടറി ഷബിർ വാണിമേൽ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

