അൾട്രാമാരത്തൺ ഡിസംബർ 5ന്
text_fields90 കി.മീ ദൈർഘ്യമുള്ള ഖത്തർ ഈസ്റ്റ് ടു വെസ്റ്റ് അൾട്രാമാരത്തൺ പ്രഖ്യാപനത്തിൽനിന്ന്
ദോഹ: ദോഹ കോർണിഷ് മുതൽ ദുഖാൻ ബീച്ച് വരെ 90 കിലോമീറ്റർ ദൈർഘ്യമുള്ള ഖത്തർ ഈസ്റ്റ് ടു വെസ്റ്റ് അൾട്രാമാരത്തൺ ഈ വർഷം ഡിസംബർ അഞ്ചിന് നടക്കുമെന്ന് ഖത്തർ സ്പോർട്സ് ഫോർ ഓൾ ഫെഡറേഷൻ (ക്യു.എസ്.എഫ്.എ) അറിയിച്ചു. ഖത്തർ അൾട്രാ റണ്ണേഴ്സുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന അൾട്രാമാരത്തണിൽ 18 വയസ്സിനും അതിന് മുകളിലുമുള്ള സ്ത്രീകൾക്കും പുരുഷന്മാർക്കും പങ്കെടുക്കാം.
കായിക രംഗത്ത് ബഹുജന പങ്കാളിത്ത സംസ്കാരം വളർത്തിയെടുക്കുന്നതിനും പൊതുജനങ്ങൾക്കിടയിൽ ശാരീരിക ക്ഷമത പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള രാജ്യത്തിന്റെ ശ്രമങ്ങളെ അടയാളപ്പെടുത്തുകയാണ് ക്യു.എസ്.എഫ്.എയുടെ ഈസ്റ്റ്-വെസ്റ്റ് അൾട്രാമാരത്തൺ.
കഴിഞ്ഞ വർഷം നടന്ന ഈസ്റ്റ് ടു വെസ്റ്റ് അൾട്രാമാരത്തണിന്റെ ഏഴാമത് പതിപ്പിൽ മാത്രം 1500 പേരാണ് പങ്കെടുത്തത്. 90 കിലോമീറ്റർ ദൈർഘ്യമുള്ള ഈ മാരത്തണിൽ മുൻ വർഷത്തേക്കാളേറെ പങ്കാളിത്തമാണ് പ്രതീക്ഷിക്കുന്നതെന്നും ശാരീരിക ക്ഷമതയുള്ള പുരുഷ, വനിത അമച്വർ അത്ലറ്റുകൾക്ക് മത്സരത്തിൽ പങ്കെടുക്കാമെന്നും ക്യു.എസ്.എഫ്.എ എക്സിക്യൂട്ടിവ് ഡയറക്ടറും സംഘാടക സമിതി തലവനുമായ അബ്ദുല്ല അൽ ദോസരി പറഞ്ഞു.
ദോഹ കോർണിഷിലെ ഷെറാട്ടൺ ഹോട്ടൽ പാർക്കിൽനിന്ന് ആരംഭിക്കുന്ന ഓട്ടം, അൽ ഷഹാനിയയും അൽ നസ്രാനിയയും കടന്ന് അൽ ഉവൈന, അൽ ഖുബൈബ് എന്നിവിടങ്ങളിലൂടെ ദുഖാൻ ബീച്ചിലെ ഫിനിഷിങ് ലൈനിലാണ് അവസാനിക്കുന്നത്. അഞ്ച് നിയുക്ത ഹൈഡ്രേഷൻ സ്റ്റോപ്പുകൾ ഇതിനായി അനുവദിക്കും.
പങ്കെടുക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും മത്സരാർഥികൾക്കാവശ്യമായ സഹായം എത്തിക്കുന്നതിനുമായി ഓട്ടത്തിലുടനീളം ആംബുലൻസുകളും പൊലീസ് യൂനിറ്റുകളും സജ്ജമാക്കും. 12 മണിക്കൂർ മുതൽ 16 മണിക്കൂർ വരെയാണ് ഓട്ടം പൂർത്തിയാക്കാൻ പ്രതീക്ഷിക്കുന്ന സമയം. മുൻവർഷത്തെ പതിപ്പിൽ 73 രാജ്യങ്ങളിൽനിന്നായി 733 പുരുഷന്മാരും 267 സ്ത്രീകളും ഉൾപ്പെടെ 1500 മത്സരാർഥികളാണ് പങ്കെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

