യുക്രെയ്ൻ: സമാധാനത്തിലൂടെ പരിഹരിക്കണമെന്ന് ഖത്തർ
text_fieldsയു.എൻ ജനറൽ അസംബ്ലിയിൽ ഖത്തർ സ്ഥിരം പ്രതിനിധി ശൈഖ അൽയാ അഹ്മദ് ബിൻ സൈഫ് ആൽഥാനി
സംസാരിക്കുന്നു
ദോഹ: യുക്രെയ്ൻ പ്രതിസന്ധി സമാധാനപരമായ മാർഗങ്ങളിലൂടെ പരിഹരിക്കണമെന്ന് ഖത്തർ. തർക്കങ്ങളും ഭിന്നതകളും പരിഹരിക്കുന്നതിന് മുഴുവൻ കക്ഷികളും സംയമനം പാലിക്കണമെന്നും പ്രതിസന്ധി കൂടുതൽ രൂക്ഷമാകുന്നത് ഒഴിവാക്കാനായി സമാധാനവും നയതന്ത്രപരവുമായ മാർഗങ്ങൾ സ്വീകരിക്കണമെന്നും ഖത്തർ ആവശ്യപ്പെട്ടു.
യുക്രെയ്നിൽ തുടരുന്ന സംഭവവികാസങ്ങളിലും മാനുഷിക പ്രത്യാഘാതങ്ങളിലും ഖത്തർ ആശങ്ക അറിയിക്കുകയും മേഖലയിലെ സമാധാനത്തിനും സുരക്ഷക്കും കനത്ത ആഘാതമാകുകയും ചെയ്യുമെന്ന് മുന്നറിയിപ്പും നൽകി. യുക്രെയ്നിലെ സാഹചര്യം വിലയിരുത്തുന്നതിന് ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയുടെ അടിയന്തര സമ്മേളനത്തിൽ യു.എന്നിലെ ഖത്തർ സ്ഥിരം പ്രതിനിധി അംബാസഡർ ശൈഖ അൽയാ അഹ്മദ് ബിൻ സൈഫ് ആൽഥാനിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
മറ്റൊരു സായുധ സംഘട്ടനത്തിന്റെ പ്രത്യാഘാതത്തിനും വേദനക്കുമാണ് ലോകം സാക്ഷ്യംവഹിച്ചുകൊണ്ടിരക്കുന്നതെന്നും യുക്രെയ്ൻ ആക്രമണം ഖത്തർ ആശങ്കയോടെയാണ് നോക്കിക്കാണുന്നതെന്നും ലോകത്തുടനീളം ഇതിന്റെ പ്രത്യാഘാതം വലുതായിരിക്കുമെന്നും ശൈഖ ആൽഥാനി പ്രസ്താവനയിൽ വ്യക്തമാക്കി. യുക്രെയ്ന്റെ പരമാധികാരത്തെയും സ്വാതന്ത്ര്യത്തെയും ഐക്യത്തെയും അന്താരാഷ്ട്രതലത്തിൽ അംഗീകരിച്ച അതിർത്തികളെയും ഖത്തർ മാനിക്കുന്നുവെന്നും അവർ ചൂണ്ടിക്കാട്ടി.
അന്താരാഷ്ട്ര നിയമ തത്ത്വങ്ങളെയും യു.എൻ ചാർട്ടറും ആധാരമാക്കി നിർമാണാത്മക സമാധാന ചർച്ചകളിലൂടെ മാത്രമേ പ്രതിസന്ധിക്ക് പരിഹാരമുള്ളൂവെന്നാണ് ബോധ്യപ്പെട്ടതെന്നും ഇരുകക്ഷികളുടെയും നിയമാനുസൃത ആശങ്കകളെ അഭിമുഖീകരിച്ചുകൊണ്ടുള്ള ചർച്ചകളാണാവശ്യമെന്നും ഖത്തർ വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

