ഖത്തർ സന്ദർശിച്ച് യു.എ.ഇ പ്രസിഡന്റ്
text_fieldsദോഹ: ഖത്തർ തലസ്ഥാനമായ ദോഹയിൽ സൗഹൃദ സന്ദർശനം നടത്തി യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ. ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നേരിട്ടെത്തി യു.എ.ഇ പ്രസഡന്റിനെയും സംഘത്തെയും സ്വീകരിച്ചു.
തുടർന്ന് ദോഹയിലെ അമീരി ദീവാനിൽ നടന്ന കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങളും തമ്മിലെ ശക്തമായ ബന്ധവും ഖത്തർ മണ്ണിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിന്റെ പ്രത്യാഘാതങ്ങളും ചർച്ചയായി. ഖത്തറിന് യു.എ.ഇയുടെ ഐക്യദാർഢ്യമറിയിച്ച ശൈഖ് മുഹമ്മദ്, പരമാധികാരവും അതിർത്തിയും ജനങ്ങളുടെ സുരക്ഷയും സംരക്ഷിക്കുന്നതിൽ ഖത്തർ സ്വീകരിക്കുന്ന എല്ലാ ശ്രമങ്ങൾക്കും സമ്പൂർണ പിന്തുണയും അറിയിച്ചു.ഖത്തറിന്റെ പരമാധികാരത്തിന്റെയും എല്ലാ അന്താരാഷ്ട്ര നിയമങ്ങളുടെയും മാനദണ്ഡങ്ങളുടെയും ലംഘനമാണ് ക്രിമിനൽ ആക്രമണമെന്ന് വിശേഷിപ്പിച്ച അദ്ദേഹം, ഇത്തരം പ്രവർത്തനങ്ങൾ മേഖലയുടെ സുരക്ഷ, സ്ഥിരത, സമാധാന സാധ്യതകൾ എന്നിവക്ക് ഭീഷണിയാണെന്ന് വ്യക്തമാക്കി. മേഖലയിൽ സമാധാനവും സ്ഥിരതയും പ്രോത്സാഹിപ്പിക്കുന്നതിനായി ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി നടത്തിയ ശ്രമങ്ങളെ ശൈഖ് മുഹമ്മദ് പ്രശംസിക്കുകയും ചെയ്തു.
ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, അബൂദബി ഉപഭരണാധികാരിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ ശൈഖ് തഹ്നൂൻ ബിൻ സായിദ് ആൽ നഹ്യാൻ, ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലഫ്. ജനറൽ ശൈഖ് സെയ്ഫ് ബിൻ സായിദ് ആൽ നഹ്യാൻ, പ്രസിഡൻഷ്യൽ കോർട്ട് ഡെപ്യൂട്ടി ചെയർമാൻ ശൈഖ് ദിയാബ് ബിൻ മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ എന്നിവരുൾപ്പെടെ ഉന്നതതല പ്രതിനിധി സംഘം പ്രസിഡന്റിനൊപ്പമുണ്ടായിരുന്നു. നേരത്തെ അമീറിന്റെ വ്യക്തിഗത പ്രതിനിധി ശൈഖ് ജാസിം ബിൻ ഹമദ് ആൽഥാനിയും യു.എ.ഇ പ്രസിഡന്റിനെ സ്വീകരിക്കാൻ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയിരുന്നു.
പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി, ഉപപ്രധാനമന്ത്രിയും പ്രതിരോധകാര്യ സഹമന്ത്രിയുമായ ശൈഖ് സൗദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ഹസൻ ബിൻ അലി ആൽഥാനി, ആഭ്യന്തര മന്ത്രിയും ആഭ്യന്തര സുരക്ഷാ സേനയുടെ (ലഖ് വിയ) കമാൻഡറുമായ ശൈഖ് ഖലീഫ ബിൻ ഹമദ് ബിൻ ഖലീഫ ആൽഥാനി, അമീരി ദിവാൻ ചീഫ് അബ്ദുല്ല ബിൻ മുഹമ്മദ് അൽ ഖുലൈഫി തുടങ്ങിയവരും യു.എ.ഇ സംഘത്തെ സ്വീകരിക്കാൻ വിമാനത്താവളത്തിലെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

