യു.എ.ഇ പ്രസിഡൻറ് ഖത്തറിൽ; സഹകരണം ശക്തമാകും
text_fieldsയു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദിനെ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി സ്വീകരിക്കുന്നു
ദുബൈ: യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ ഔദ്യോഗിക സന്ദർശനത്തിന് ലോകകപ്പ് ഫുട്ബാൾ മാമാങ്കം അരങ്ങേറുന്ന ഖത്തറിലെത്തി. ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ ക്ഷണമനുസരിച്ചാണ് ശൈഖ് മുഹമ്മദിന്‍റെ സന്ദർശനമെന്ന് യു.എ.ഇ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. തിങ്കളാഴ്ച രാവിലെ ദേഹാ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങിയ യു.എ.ഇ പ്രസിഡൻറിനെ ഖത്തർ അമീർ നേരിട്ടെത്തി സ്വീകരിച്ചു. അറബ് രാജ്യങ്ങളുടെ ഖത്തർ ഉപരോധം പിൻവലിച്ച ശേഷം ആദ്യമായാണ് യു.എ.ഇ പ്രസിഡന്‍റിന്‍റെ സന്ദർശനമെന്ന പ്രത്യേകതയുണ്ട്.
നേരത്തെ, ഫിഫ ലോകകപ്പിന്‍റെ തുടക്കത്തിൽ ശൈഖ് മുഹമ്മദ് ശൈഖ് തമീമിനെ അഭിനന്ദിക്കുകയും വിജയകരമായ ടൂർണമെന്‍റിന് ആതിഥേയത്വം വഹിക്കുന്നതിന് എല്ലാ പിന്തുണയും അറിയിക്കുകയും ചെയ്തിരുന്നു. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ലോകകപ്പ് ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുകയും ചെയ്തിരുന്നു.
ഗൾഫ് ഐക്യവും സംയുക്ത പ്രവർത്തനവും ശക്തിപ്പെടുത്തുന്നതിനുള്ള മറ്റൊരു ചുവടുവെപ്പാണ് സന്ദർശനമെന്ന് യു.എ.ഇ പ്രസിഡന്‍റിന്‍റെ നയതന്ത്ര ഉപദേഷ്ടാവ് അൻവർ ഗർഗാഷ് ട്വിറ്ററിൽ കുറിച്ചു.
യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദിനെ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി സ്വീകരിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

