ആയോധനകലാ മികവുമായി യു.എം.എ.ഐ 40ാം വാർഷികത്തിലേക്ക്
text_fieldsയു.എം.എ.ഐ പ്രതിനിധികൾ വാർത്തസമ്മേളനത്തിൽ
ദോഹ: ആയോധനകലാ പരിശീലന രംഗത്ത് ഖത്തറിലും ജി.സി.സി രാജ്യങ്ങളിലും ഇന്ത്യയിലുമായി ശ്രദ്ധേയരായ യുനൈറ്റഡ് മാർഷ്യൽ ആർട്സ് അകാദമി ഇന്റർനാഷനൽ നാൽപതാം വാർഷികം ആഘോഷിക്കുന്നു. ഹമദ് മെഡിക്കൽ കോർപറേഷനുമായി സഹകരിച്ച് മേയ് 30 വെള്ളിയാഴ്ച നടക്കുന്ന രക്തദാന ക്യാമ്പോടുകൂടി വാർഷികാഘോഷങ്ങൾക്ക് തുടക്കംകുറിക്കുമെന്ന് യു.എം.എ.ഐ പ്രതിനിധികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഉച്ചക്ക് രണ്ടു മണി മുതൽ നടക്കുന്ന ക്യാമ്പിൽ നൂറുകണക്കിനു പേർ പങ്കാളികളാകും.
ഡിസംബർ ആദ്യ വാരംവരെ നീണ്ടുനിൽക്കുന്ന വാർഷികാഘോഷ പരിപാടിയിൽ പൊതുജനങ്ങൾക്കും കുട്ടികൾക്കുമുൾപ്പെടെ വിവിധ മത്സര പരിപാടികളും സംഘടിപ്പിക്കും. കരാട്ടേ, കളരി, കുങ്ഫു ചാമ്പ്യൻഷിപ്പുകൾക്ക് പുറമെ ബാഡ്മിന്റൺ ടൂർണമെന്റ്, വടംവലി, ചെസ്, പഞ്ചഗുസ്തി, സ്കൂൾ തലങ്ങളിൽ കലാകായിക മത്സരങ്ങൾ, കലാ സാംസ്കാരിക സദസ്സുകൾ, ലഹരി ബോധവത്കരണ ക്ലാസുകൾ, ആരോഗ്യ സെമിനാറുകൾ തുടങ്ങിയവ സംഘടിപ്പിക്കും.
ഗ്രാൻഡ് മാസ്റ്റർ സിഫു ഡോ. ആരിഫ് സി.പിയുടെ നേതൃത്വത്തിൽ 1985ൽ കോഴിക്കോട് പാലാഴിലാണ് യു.എം.എ.ഐ അക്കാദമിക്ക് തുടക്കംകുറിച്ചത്. ടെക്നിക്കൽ ഡയറക്ടർ ഷിഹാൻ നൗഷാദ് കെ. മണ്ണോളിയുടെ നേതൃത്വത്തിൽ 1999 മുതൽ ദോഹയിലും യു.എം.എ.ഐ സജീവമായി പ്രവർത്തിച്ചുവരുന്നു. നിലവിൽ പത്ത് കേന്ദ്രങ്ങളിലായി 2500 പേർ പരിശീലനം നടത്തുന്നുണ്ട്. യു.എ.ഇ, ഒമാൻ കുവൈത്ത് തുടങ്ങി ജി.സി.സി രാജ്യങ്ങൾ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ പ്രവർത്തിച്ചുവരുന്ന യു.എം.എ.ഐക്കു കീഴിൽ 42 രാജ്യങ്ങളിൽനിന്നുള്ളവർക്ക് കായികാഭ്യാസ പരിശീലനം നൽകിവരുന്നുണ്ട്. കായിക പരിശീലനത്തോടൊപ്പം ജീവ കാരുണ്യ പ്രവർത്തനങ്ങളിലും സജീവമാണെന്ന് സംഘാടകർ അറിയിച്ചു.
വാർത്തസമ്മേളനത്തിൽ യുനൈറ്റഡ് മാർഷ്യൽ ആർട്സ് അക്കാദമി പബ്ലിക് റിലേഷൻ ഓഫിസർ സി.കെ. ഉബൈദ്, ഡയറക്ടർ നൗഷാദ് മണ്ണോളി, സെക്രട്ടറി ഷബീർ പി.പി വാണിമേൽ, അസി. കോഓഡിനേറ്റർ ഹനീഫ വി.ടി എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

