ആകാശത്ത് ഇനി ടൈഫൂൺ കരുത്ത്
text_fieldsഅമിരി വ്യോമസേനയുശട യൂറോഫൈറ്റർ ജെറ്റുകൾ ദുഖാൻ എയർബേസിലെത്തിയപ്പോൾ
ദോഹ: ഖത്തറിന്‍റെ ആകാശത്ത് കരുത്താവാൻ അത്യാധുനിക പോർവിമാനമായ ടൈഫൂൺ ജെറ്റ് (അൽ ദാരിയാത്ത്) പറന്നിറങ്ങി. ഖത്തരി അമിരി എയർഫോഴ്സിന്റെ ശക്തിദുർഗമായി മാറുന്ന പോർവിമാന ശ്രേണിയിലേക്കുള്ള യൂറോഫൈറ്റർ ടൈഫൂൺ ജെറ്റ് വിമാനങ്ങളുടെ ആദ്യ ബാച്ചാണ് ശനിയാഴ്ച ഉച്ചകഴിഞ്ഞ് ദുഖാനിലെ എയർബേസിൽ പറന്നിറങ്ങിയത്. രാജ്യത്തിന്‍റെ സുരക്ഷയിൽ പ്രധാനിയാവുന്ന വിമാനത്തിന്‍റെ വരവിന് സാക്ഷിയാവാൻ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയും എത്തിയിരുന്നു. വിമാനങ്ങളുടെയും അമിരി ഫോഴ്സ് സേനകളുടെയും ചിത്രം പങ്കുവെച്ചുകൊണ്ട് അമീർ ട്വീറ്റ് ചെയ്തു. 'ഖത്തരി അമിരി സേനയുടെ കരുത്ത് വർധിപ്പിക്കുന്നതിന്‍റെ ഭാഗമായി ആദ്യ ബാച്ച് ടൈഫൂൺ പോർവിമാനങ്ങൾ ഖത്തറിലെത്തി. മികച്ച അന്താരാഷ്ട്ര നിലവാരത്തിലുള്ള പ്രതിരോധ സംവിധാനങ്ങൾ ഒരുക്കത്തിന്‍റെ തുടർച്ചയായാണ് ഈ നടപടി' - ട്വിറ്ററിലൂടെ അറിയിച്ചു.
എയർബേസിൽ വിമാനങ്ങളെ സ്വീകരിച്ച അമീർ ഇവ പരിശോധിക്കുകയും ചെയ്തു. വിമാനങ്ങളുടെ സാങ്കേതിക മികവിനെ കുറിച്ചും പ്രവര്‍ത്തനങ്ങളെ കുറിച്ചും ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു നല്‍കി. ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ഡോ. ഖാലിദ് ബിൻ മുഹമ്മദ് അൽ അതിയ്യ, ഖത്തർ ആംഡ് ഫോഴ്സ് ചീഫ് ഓഫ് സ്റ്റാഫ് ലഫ്. ജനറൽ സാലിം ബിൻ ഹമദ് ബിൻ അഖീൽ അൽ നാബിത്, അമിരി എയർഫോഴ്സ് കമാൻഡർ ബ്രിഗേഡിയർ ജനറൽ ജാസിം മുഹമ്മദ് അൽ മന്നായി എന്നിവർ ഉൾപ്പെടെ മുതിർന്ന ഉദ്യോഗസ്ഥരും അമീറിനെ അനുഗമിച്ചു. രാജ്യത്തിന്‍റെ പ്രതിരോധ മേഖല കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ബ്രിട്ടനിൽ നിന്നും ഖത്തർ 24 ടൈഫൂൺ പോർവിമാനങ്ങൾ സ്വന്തമാക്കുന്നത്. 2017ൽ 600 കോടി പൗണ്ടിനാണ് ഇതു സംബന്ധിച്ച് കരാറിൽ ഒപ്പുവെച്ചത്.
വിമാന നിർമാണത്തിനു പുറമെ, സംയുക്ത പരിശീലനം, ഓപറേഷൻ, ഇലക്ട്രോണിക് യുദ്ധമേഖല എന്നിവ ഉൾപ്പെടുന്ന ജോയിന്‍റ് ഓപറേഷണൻ സ്ക്വാഡ്രൺ കരാറിലും ധാരണയായിരുന്നു. ഖത്തരി-ബ്രിട്ടീഷ് പൈലറ്റുമാരുടെയും സാങ്കേതിക വിദഗ്ധരുടെയും സംയുക്ത സേവനവും പ്രവർത്തനവുമെല്ലാം ഇതിന്‍റെ ഭാഗമായുണ്ടാവും. ലോകകപ്പ് വേളയിൽ ഖത്തർ ആകാശത്തെ സുരക്ഷക്കായി റോയൽ എയർഫോഴ്സിന്റെ പങ്കാളിത്തവുമുണ്ടാവും. ലോകകപ്പ് സുരക്ഷയൊരുക്കുന്നതിന്‍റെ ഭാഗമായി അമിരി വ്യോമസേന ബ്രിട്ടീഷ് സേനയുമൊത്ത് നേരത്തെ തന്നെ പരിശീലനം പുർത്തിയാക്കിയിരുന്നു.
ബ്രിട്ടൻ, ജർമനി, സ്പെയിൻ, ഇറ്റലി എന്നീ രാജ്യങ്ങൾ സംയുക്തമായാണ് യൂറോഫൈറ്റർ ടൈഫൂൺ ജെറ്റ് നിർമിക്കുന്നത്. ഖത്തർ അമിരി വ്യോമസേനയുടെ എഫ് 15, റാഫേൽ യുദ്ധവിമാനങ്ങളുടെ ശ്രേണിയിലേക്കാണ് ടൈഫൂണും ഉൾപ്പെടുന്നത്. നിരവധി അത്യാധുനിക നിരീക്ഷണ-റഡാർ സംവിധാനങ്ങളും, ആക്രമണ ശേഷിയും ഉൾപെടുന്നതാണ് ടൈഫൂൺ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

