ഹോസ്പിറ്റാലിറ്റി-ടൂറിസം നായക പട്ടികയിൽ ഖത്തറിൽ നിന്ന് രണ്ടുപേർ
text_fields1-സഅ്ദ് ബിൻ അലി അൽ ഖർജി (ചെയർമാൻ ഖത്തർ ടൂറിസം), 2-എൻജി. ബദ്ർ മുഹമ്മദ് അൽ മീർ (സി.ഇ.ഒ ഖത്തർ എയർവേസ്)
ദോഹ: ഹോസ്പിറ്റാലിറ്റി, ടൂറിസം മേഖലയിൽ മിഡിൽ ഈസ്റ്റിലെ നായക പട്ടികയിൽ ഇടംപിടിച്ച് ഖത്തർ എയർവേസിന്റെയും ഖത്തർ ടൂറിസത്തിന്റെയും സാരഥികൾ. മിഡിൽ ഈസ്റ്റ് ഇകണോമി പുറത്തിറക്കിയ മേഖലയിലെ 30 ടൂറിസം, ഹോസ്പിറ്റാലിറ്റി ലീഡേഴ്സ് പട്ടികയിലാണ് ഖത്തർ ടൂറിസം ചെയർമാൻ സഅ്ദ് ബിൻ അലി അൽ ഖർജിയും, ഖത്തർ എയർവേസ് സി.ഇ.ഒ എൻജി. ബദ്ർ മുഹമ്മദ് അൽ മീറും ഇടംനേടിയത്.
സർക്കാർ ടൂറിസം നായകർ, എയർലൈൻസ് മേധാവികൾ, ഹോട്ടൽ ശൃംഖലകളുടെ അധിപൻമാർ എന്നിവരാണ് മേഖലയിലെ ഏറ്റവും കരുത്തരായ വിനോദസഞ്ചാര നായകരുടെ പട്ടികയിൽ ഇടംനേടിയത്.
കഴിഞ്ഞ ഏതാനും വർഷങ്ങളായി ഖത്തർ ടൂറിസത്തിന്റെയും ഖത്തർ എയർവേസിന്റെയും ചുക്കാൻ പിടിക്കുന്ന സഅ്ദ് അൽ ഖർജിയും ബദ്ർ മുഹമ്മദ് അൽ മീറും ശക്തമായ നായകത്വവുമായി ശ്രദ്ധേയരായിരുന്നു.
ഖത്തർ എയർവേസിനെ ലോകത്തെയും മിഡിൽ ഈസ്റ്റിലെയും ഏറ്റവും മികച്ച എയർലൈൻസ് ആയി മാറ്റുന്നതിൽ ബദ്ർ മുഹമ്മദ് അൽ മീറിന്റെ നേതൃപാടവം പ്രശംസിക്കപ്പെട്ടു. അയാട്ടയുടെ പരിസ്ഥിതി അസസ്മെന്റ് പ്രോഗ്രാം സർട്ടിഫിക്കറ്റും എലർലൈൻസിന് നേടാൻ കഴിഞ്ഞു. 2023 നവംബറിലാണ് ബദ്ർ മുഹമ്മദ് അൽ മീർ ഖത്തർ എയർവേസ് സി.ഇ.ഒ ആയി സ്ഥാനമേറ്റത്.
ആദ്യ സാമ്പത്തിക വർഷംതന്നെ 610 കോടിയുടെ ലാഭത്തിൽ വിമാന കമ്പനിയെ നയിക്കാനും കഴിഞ്ഞു. ടൂറിസം മേഖലയിൽ രാജ്യത്തിന്റെ ശക്തമായ കുതിപ്പിന് വഴിയൊരുക്കാൻ ഖത്തർ ടൂറിസത്തിലൂടെ ചെയർമാൻ സഅ്ദ് ബിൻ അലി അൽ ഖർജിക്ക് കഴിഞ്ഞു. പ്രതിവർഷം സന്ദർശകരുടെ എണ്ണം 60 ലക്ഷത്തിലെത്തിക്കാൻ ലക്ഷ്യമിടുന്ന, രാജ്യത്തിന്റെ ആഭ്യന്തര ഉൽപാദനത്തിൽ വിനോദസഞ്ചാര മേഖലയുടെ വിഹിതം ഏഴ് ശതമാനത്തിൽ നിന്ന് 12 ശതമാനമായി ഉയർത്താനും സഅ്ദ് അൽ ഖർജിക്ക് സാധ്യമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

