ലൈസൻസില്ലാതെ സേവനം; രണ്ട് വിദേശികൾ പിടിയിൽ
text_fieldsദോഹ: ലൈസൻസില്ലാതെ കോസ്മെറ്റിക് മെഡിക്കൽ സേവനങ്ങൾ നടത്തിയ രണ്ട് വിദേശ പൗരന്മാരെ പിടികൂടി പൊതുജനാരോഗ്യ മന്ത്രാലയം.ആവശ്യമായ പ്രഫഷനൽ ലൈസൻസുകളില്ലാതെ പ്രവർത്തിച്ചതിന് ഇരുവരേയും നാടുകടത്താനുള്ള നടപടിയും സ്വീകരിക്കും. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ പരസ്യം ചെയ്താണ് ഇവർ സേവനങ്ങളുമായി ആളുകളിലേക്ക് എത്തിയിരുന്നത്. ഈ പരസ്യങ്ങൾ പരിശോധിച്ചാണ് നിയമലംഘകരെ തിരിച്ചറിഞ്ഞ് പിടികൂടിയതെന്ന് മന്ത്രാലയം വ്യക്തമാക്കി.
രാജ്യത്ത് പ്രവേശിക്കുന്നത് വിലക്കിയ വ്യക്തികളുടെ പട്ടികയിൽ പിടികൂടിയവരുടെ പേരുകൾ ഉൾപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. പൊതുജനങ്ങളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള നിരന്തരമായ പ്രതിബദ്ധതയുടെ ഭാഗമാണ് ഈ നടപടികളെന്ന് മന്ത്രാലയം ഊന്നിപ്പറഞ്ഞു.ലൈസൻസുള്ളതും അംഗീകൃതവുമായ ആരോഗ്യ സേവനങ്ങളാണ് പൊതുജനങ്ങൾക്ക് ലഭിക്കുന്നതെന്ന് മന്ത്രാലയം ഉറപ്പാക്കുന്നു. ലൈസൻസും മറ്റ് അംഗീകാരവും പരിശോധിക്കാതെ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്ന പരസ്യങ്ങളിൽ വഞ്ചിതരാകരുതെന്ന് മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർഥിച്ചു.
ലൈസൻസുള്ള ആരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് മാത്രമേ സേവനങ്ങൾ നേടാവൂ എന്നും മന്ത്രാലയം ഓർമിപ്പിച്ചു. രാജ്യത്തെ ആരോഗ്യ സ്ഥാപനങ്ങളുടെയും പ്രാക്ടീഷനർമാരുടെയും ലൈസൻസ് നില പരിശോധിക്കാൻ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴി സാധിക്കും.മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ (https://dhp.moph.gov.qa/) പ്രവേശിച്ച് Find a Registered Healthcare Practitioner എന്ന ലിങ്ക് വഴി ലൈസൻസ് പരിശോധിക്കാം. ലൈസൻസില്ലാത്ത ആരോഗ്യ രീതികൾ ശ്രദ്ധയിൽപെട്ടാൽ ghcc@moph.gov.qa എന്ന ഇ-മെയിൽ വിലാസത്തിൽ റിപ്പോർട്ട് ചെയ്യാവുന്നതുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

