ഇന്നലെ മുടങ്ങിയത് രണ്ട് വിമാനങ്ങൾ
text_fieldsദോഹ: എയർ ഇന്ത്യൻ എക്സ്പ്രസ് ജീവനക്കാരുടെ മിന്നൽ സമരത്തിന്റെ രണ്ടാം ദിവസവും കേരളത്തിൽനിന്ന് ദോഹയിലേക്കുള്ള രണ്ട് സർവിസുകൾ മുടങ്ങി. രാവിലെ കോഴിക്കോടുനിന്ന് പുറപ്പെട്ട് 11.35 ഓടെ ദോഹയിൽ എത്തേണ്ട ഐ.എക്സ് 375, വൈകുന്നേരം ഏഴിന് കൊച്ചിയിൽനിന്ന് പുറപ്പെട്ട് രാത്രി ഒമ്പത് മണിയോടെ എത്തേണ്ട ഐ.എക്സ് 475 വിമാനങ്ങളാണ് വ്യാഴാഴ്ചയും പണിമുടക്കിയത്. സമരത്തിന്റെ ആദ്യദിനമായ ബുധനാഴ്ച കോഴിക്കോട്-ദോഹ വിമാനവും കണ്ണൂർ -ദോഹ വിമാനവും റദ്ദാക്കിയിരുന്നു. അതേസമയം, എയർ ഇന്ത്യ എക്സ്പ്രസിനു പകരം ബുധനാഴ്ച എയർ ഇന്ത്യ വിമാനം കൊച്ചിയിൽനിന്ന് യാത്രക്കാരുമായി ദോഹയിലെത്തുകയും രാത്രി 9.50ഓടെ തിരികെ പുറപ്പെടുകയും ചെയ്തു.
എന്നാൽ, വ്യാഴാഴ്ച തിരുവനന്തപുരം-ദോഹ വിമാനം വൈകുന്നേരം 3.44ഓടെ ദോഹയിലെത്തുകയും അഞ്ച് മണിയോടെ തിരിച്ച് തിരുവനന്തപുരത്തേക്ക് പറക്കുകയും ചെയ്തു. കണ്ണൂർ-ദോഹ വിമാനം വ്യാഴാഴ്ചകളിൽ സർവിസില്ല. ആദ്യദിനം കൃത്യമായ സർവിസ് നടത്തിയ കൊച്ചി-ദോഹ വിമാനം മുടങ്ങിയത് നിരവധി യാത്രക്കാർക്കാണ് നാട്ടിലും ദോഹയിലും തിരിച്ചടിയായത്. രണ്ടു വിമാനങ്ങൾ മുടങ്ങിയതോടെ നേരത്തേ ടിക്കറ്റ് ബുക്ക് ചെയ്ത 400 ഏറെ പേരുടെ യാത്രയും മുടങ്ങി. വെള്ളിയാഴ്ച വാരാന്ത്യ അവധിയായതിനാൽ, വ്യാഴാഴ്ചയോടെ നാട്ടിലേക്ക് പുറപ്പെടാനിരുന്ന പ്രവാസികൾ ടിക്കറ്റ് ബുക്ക് ചെയ്തവരിലുണ്ട്. അതേസമയം, വിമാനം റദ്ദാക്കലിനെതുടർന്ന് ഇൻഡിഗോയും മറ്റു വിദേശ എയർലൈൻസുകൾ വഴിയും ടിക്കറ്റെടുത്ത് യാത്ര പൂർത്തിയാക്കിയവരുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

