ഖത്തറിൽ നിന്നുള്ള സംഘടനകളുെട രണ്ടാം ചാർട്ടേർഡ് വിമാനവും പറന്നു
text_fieldsദോഹ: കോവിഡിൻെറ പശ്ചാത്തലത്തിൽ ഖത്തറിൽ നിന്ന് സംഘടനകൾ ഏർപ്പെടുത്തിയ രണ്ടാം ചാർട്ടേർഡ് വിമാനവും ഇന്ത്യയിലേക്ക് പറന്നു. കോൺഗ്രസിൻെറ പ്രവാസി സംഘടനയായ ഇൻകാസിൻെറ വിമാനം തിങ്കളാഴ്ച പുലർച്ചെ 2.15ഓടെ ദോഹയിൽ നിന്ന് പുറപ്പെട്ട് 9.30ഓടെ കൊച്ചിയിൽ എത്തിയിരുന്നു. 170 യാത്രക്കാരാണ് ഇൻഡിഗോ വിമാനത്തിൽ നാടണഞ്ഞത്.
ഖത്തറിൽ നിന്ന് ഒരു സംഘടനയുടെ ചാർട്ടേർഡ് വിമാനം ആദ്യമായി തങ്ങൾക്ക് ഏർപ്പെടുത്താൻ കഴിഞ്ഞതിലും അതിൽ വിജയിച്ചതിലും ഏറെ അഭിമാനമുണ്ടെന്ന് ഇൻകാസ് പ്രസിഡൻറ് സമീർ ഏറാമല പറഞ്ഞു. ചാർട്ടേർഡ് വിമാനം പറത്തുക എന്നത് ഏറെ ശ്രമകരമായ ദൗത്യമാണെന്നും ഖത്തറിലെ ഇന്ത്യൻ എംബസി അടക്കമുള്ള വിവിധ അധികൃതർ ഏറെ സഹായങ്ങളാണ് ഇക്കാര്യത്തിൽ നൽകിയതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ കോൺഗ്രസ് നേതാക്കളും പിന്തുണയുമായി കൂടെ നിന്നു. രാഹുൽ ഗാന്ധിയുടെ പിന്തുണയും ഏറെ ഉപകാരപ്പെട്ടു. ഖത്തറിലെ നേതാക്കളുടെയും പ്രവർത്തകരുടെയും സഹായവും പ്രവർത്തനവും നിർണായകമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അർഹരായ ചില യാത്രക്കാർക്ക് സൗജന്യനിരക്കിലാണ് ടിക്കറ്റ് അനുവദിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ എംബസിയുടെ അനുബന്ധ സംഘടനയായ ഇന്ത്യൻ കമ്മ്യൂണിറ്റി ബെനവലൻറ് ഫോറം (ഐ.സി.ബി.എഫ്) ഏർപ്പെടുത്തിയ ആദ്യവിമാനം തിങ്കളാഴ്ച രാവിലെ 11.05നാണ് ദോഹയിൽ നിന്ന് പുറപ്പെട്ടത്. ഇന്ത്യൻ സമയം വൈകുന്നേരം ആറ് മണിക്ക് ബംഗളൂരു വിമാനത്താവളത്തിൽ എത്തും. 179 മുതിർന്നവരും അഞ്ച് കുഞ്ഞുങ്ങളുമടക്കം ആകെ 184 യാത്രക്കാരാണ് ‘ഗോ എയർ’ വിമാനത്തിൽ ഉള്ളത്. യാത്രക്കാർ ബംഗളൂരുവിൽ എത്തിക്കഴിഞ്ഞാൽ അവർക്കുള്ള ഹോട്ടൽ ക്വാറൻറീൻ അടക്കമുള്ള സൗകര്യങ്ങൾക്കുള്ള പ്രാഥമിക കാര്യങ്ങളടക്കം ചെയ്തിട്ടുണ്ടെന്ന് ഐ.സി.ബി.എഫ് പ്രസിഡൻറ് പി.എൻ. ബാബുരാജൻ പറഞ്ഞു.
കർണാടക സർക്കാറുമായി ബന്ധപ്പെട്ട നടപടികൾ നേരത്തേ തന്നെ പൂർത്തിയാക്കിയിരുന്നു. പുറകിലെ വരിയിലുള്ള ചില സീറ്റുകൾ ഒഴിച്ചിട്ടിരുന്നു. യാത്രക്കിടയിൽ ഏതെങ്കിലും തരത്തിൽ രോഗലക്ഷണങ്ങൾ കാണിക്കുന്നവരെ മാറ്റിയിരുത്താനുള്ള താൽകാലിക സമ്പർക്ക വിലക്ക് സ്ഥലമാണ് ഇത്തരത്തിൽ സീറ്റുകൾ ഒഴിച്ചിട്ട് ക്രമീകരിച്ചത്. 980 റിയാൽ ആണ് ബംഗളൂരിവിലേക്കുള്ള ടിക്കറ്റ് നിരക്ക്. ആകെയുള്ളതിൽ പത്ത് സീറ്റുകൾ അർഹരായ സാമ്പത്തികപ്രയാസമനുഭവിക്കുന്നവർക്കാണ് നൽകിയത്.
ഇന്ത്യൻ എംബസിയിൽ പേര് ചേർത്തവരിൽ നിന്ന് തെരഞ്ഞെടുത്തവരെയാണ് പരിഗണിച്ചത്. കണ്ണൂരിലേക്കും കൊച്ചിയിലേക്കുമുള്ള വിമാനങ്ങൾ ജൂൺ 20നുള്ളിൽ പറത്താൻ കഴിയുമെന്നാണ് പ്രതീക്ഷ. കണ്ണൂർ വിമാനം 19ന് പോകാനാണ് ഐ.സി.ബി.എഫ് ശ്രമിക്കുന്നത്.
അതേസമയം, ഖത്തറിൽ നിന്ന് മറ്റ് വിവിധ സംഘടനകൾ ഒരുക്കുന്ന ചാർട്ടേർഡ് വിമാനങ്ങളും പറത്താനുള്ള ശ്രമങ്ങൾ ഊർജിതമായി നടക്കുകയാണ്.
ഇതുവരെ 40000ലധികം പ്രവാസികളാണ് ഇന്ത്യയിലേക്ക് മടങ്ങുന്നതിന് ഇന്ത്യൻ എംബസിയിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ജൂൺ ഒമ്പതു വരെ ഖത്തറിൽ നിന്നും ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്കായി 21 വിമാനങ്ങളാണ് വന്ദേഭാരത് മിഷനിൽ പുറപ്പെട്ടത്. ഇതിൽ 3506 പേർക്ക് മാത്രമാണ് നാടണയാനായത്. 98 കുഞ്ഞുങ്ങളും ഇതിലുൾപ്പെടും. ഇതിനാലാണ് അർഹരായ ആളുകളെ നാട്ടിലെത്തിക്കാനായി വിവിധ സംഘടനകൾ ചാർട്ടേർഡ് വിമാനങ്ങൾക്കായി ശ്രമം നടത്തുന്നത്. ചാർട്ടേർഡ് വിമാനത്തിൽ യാത്ര ചെയ്യുന്നവർക്ക് മുൻകൂർ കോവിഡ് ടെസ്റ്റ് നിർബന്ധമാക്കിയ നടപടി കേരളസർക്കാർ ഉടൻ പിൻവലിക്കുമെന്നാണ് പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
