ട്വൻറി 20 യോഗ്യത: ജയിച്ചിട്ടും ഖത്തർ പുറത്ത്
text_fieldsട്വൻറി 20 ലോകകപ്പ് ക്രിക്കറ്റ് ഏഷ്യൻ ‘എ’ യോഗ്യതാ റൗണ്ടിൽ കുവൈത്ത്, ഖത്തർ മത്സരം
ദോഹ: 2022 ട്വൻറി 20 ലോകകപ്പ് ക്രിക്കറ്റ് ഏഷ്യൻ 'എ' യോഗ്യതാ റൗണ്ടിലെ അവസാന മത്സരത്തിൽ കുവൈത്തിനെ തോൽപിച്ചിട്ടും ഖത്തറിന് േഗ്ലാബൽ ക്വാളിഫയർ നഷ്ടമായി. നിർണായക മത്സരത്തിൽ രണ്ട് വിക്കറ്റിനായിരുന്നു ഖത്തർ കുവൈത്തിനെ കീഴടക്കിയത്. ഇതോടെ ആറ് പോയൻറുമായി ബഹ്റൈനും ഖത്തറും ഒന്നാമതെത്തി. എന്നാൽ, റൺറേറ്റിലെ നേരിയ മുൻതൂക്കം ബഹ്റൈന് ഗ്രൂപ്പ് ചാമ്പ്യന്മാരായി േഗ്ലാബൽ ക്വാളിഫയറിൽ മത്സരിക്കാനുള്ള അവസരം നൽകി.
ഏഷ്യൻ ടൗൺ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റുചെയ്ത കുവൈത്ത് നിശ്ചിത 20 ഒാവറിൽ ഒമ്പത് വിക്കറ്റിന് 126 റൺസ് നേടി. മറുപടി ബാറ്റിങ്ങിൽ 11.5 ഒാവറിൽ എട്ടുവിക്കറ്റ് നഷ്ടത്തിൽ ഖത്തർ വിജയതീരം കണ്ടു.
കുവൈത്തിനായി മീത് ഭാസ്കർ 17 പന്തിൽ 25 റൺസും മലയാളി താരം ഷിറാസ് ഖാൻ 27 പന്തിൽ 25 റൺസും അദ്നാൻ ഇദ്രീസ് 17 പന്തിൽ 21 റൺസും നേടി. ഖത്തർ ബൗളിങ് നിരയിൽ 18 റൺസിന് മൂന്ന് വിക്കറ്റ് നേടിയ മുസാവർ ഷാ, 24 റൺസിന് മൂന്ന് വിക്കറ്റ് നേടിയ മുഹമ്മദ് മുറാദ് എന്നിവർ തിളങ്ങി.
16 പന്തിൽ 37 റൺസ് നേടിയ ആൻഡ്രി ബെറിൻജർ, 19 പന്തിൽ 31 റൺസ് നേടിയ കമ്രാൻ ഖാൻ, എട്ട് പന്തിൽ 19 റൺസ് നേടിയ മുഹമ്മദ് തൻവീർ എന്നിവരുടെ തകർപ്പൻ ബാറ്റിങ്ങാണ് ഖത്തറിന് നിർണായക ജയം സമ്മാനിച്ചത്. മലയാളി താരം ഷിറാസ് ഖാൻ 33 റൺസിന് മൂന്ന് വിക്കറ്റ് നേടി ബൗളിങ്ങിലും തിളങ്ങി. മറ്റൊരു മലയാളി താരം എഡിസൻ സിൽവയും നേടി ഒരു വിക്കറ്റ്.