ഇറാൻ-ഇസ്രായേൽ സംഘർഷം; അമീറിനെ ഫോണിൽ വിളിച്ച് ട്രംപ്
text_fieldsയു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി
ദോഹ: ഇറാനും ഇസ്രായേലും തമ്മിലെ സംഘർഷം മേഖലയിൽ വീണ്ടും അശാന്തി പടർത്തുന്നതിനിടെ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽ ഥാനിയും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും ഫോണിൽ സംസാരിച്ചു. മേഖലയിൽ സംഘർഷം അവസാനിപ്പിക്കാനും സ്ഥിരത നിലനിർത്താനുമുള്ള ശ്രമങ്ങൾക്ക് പിന്തുണയുണ്ടാവുമെന്ന് ട്രംപ് അമീറിനെ അറിയിച്ചു.
വെള്ളിയാഴ്ച പുലർച്ചെ മുതൽ ഇസ്രായേൽ ഇറാനിലെ തലസ്ഥാന നഗരി ഉൾപ്പെടെ പ്രധാന കേന്ദ്രങ്ങൾ ആക്രമിക്കുകയും, തിരികെ ഇസ്രായേൽ നഗരങ്ങളിലേക്ക് ഇറാൻ ആക്രമണം ശക്തമാവുകയും ചെയ്തതിനു പിന്നാലെയായിരുന്നു അമീറും ട്രംപും തമ്മിൽ സംസാരിച്ചത്. ഫോൺ സംഭാഷണത്തിൽ സംഘർഷം വ്യാപിക്കുന്നത് തടയാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നത് ഉൾപ്പെടെ ചർച്ച ചെയ്തു. ചർച്ചകളിലൂടെയും നയതന്ത്ര നീക്കങ്ങളിലൂടെയും സംഘർഷ സാഹചര്യം അവസാനിപ്പിക്കണമെന്ന് നിർദേശിച്ചു.
മേഖലയുടെ സുരക്ഷയും സ്ഥിരതയും നിലനിർത്തുന്നതിനായി പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമങ്ങളിൽ പങ്കാളിയാകാൻ അമേരിക്ക സന്നദ്ധമാണെന്ന് പ്രസിഡന്റ് ട്രംപ് ആവർത്തിച്ചു.വെള്ളിയാഴ്ചതന്നെ ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുർറഹ്മാൻ ആൽ ഥാനി വിവിധ രാജ്യങ്ങളുടെ വിദേശകാര്യമന്ത്രിമാരുമായി ചർച്ച നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

