ട്രംപ് ഖത്തറിൽ; 20,000 കോടി ഡോളറിന്റെ ബോയിങ് കരാർ
text_fieldsഹമദ് വിമാനത്താവളത്തിലെത്തിയ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി സ്വീകരിക്കുന്നു
ദോഹ: ഗസ്സ വെടിനിർത്തൽ ചർച്ചകൾ വീണ്ടും സജീവമായ അന്തരീക്ഷത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഖത്തർ സന്ദർശനം. രണ്ടു ദിവസത്തെ സൗദി സന്ദർശനം പൂർത്തിയാക്കി ബുധനാഴ്ച ഉച്ചയോടെ ദോഹ ഹമദ് വിമാനത്താവളത്തിലെത്തിയ ട്രംപിനെ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി നേരിട്ടെത്തിയാണ് സ്വീകരിച്ചത്. ചുവപ്പുപരവതാനി വിരിച്ച് രാജകീയമായി ഒരുക്കിയ സ്വീകരണ ചടങ്ങിനു ശേഷം, അമിരി ദിവാനിൽ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയും ട്രംപും കൂടിക്കാഴ്ച നടത്തി.
20,000 കോടി ഡോളറിന്റെ ബോയിങ് വിമാന കരാറിൽ ഖത്തറും അമേരിക്കയും ഒപ്പുവെച്ചു. ഖത്തർ എയർവേസിനുവേണ്ടി 160 വിമാനങ്ങൾ ബോയിങ്ങിൽനിന്ന് വാങ്ങുന്നത് സംബന്ധിച്ചാണ് കരാർ. ഖത്തർ പ്രതിരോധ, സാങ്കേതിക മേഖലകളിലെ സഹകരണം സംബന്ധിച്ചും കൂടിക്കാഴ്ചയിൽ കരാറിലെത്തി.
അതേസമയം, കരാർ ഒപ്പുവെക്കലിനു ശേഷം സംസാരിച്ച ഡോണൾഡ് ട്രംപ് ഗസ്സയിലെ വെടിനിർത്തലുമായി ബന്ധപ്പെട്ട് പരാമർശങ്ങളൊന്നും നടത്തിയില്ല.
ഗസ്സ വെടിനിർത്തൽ ചർച്ചകൾ ഏതാനും ദിവസങ്ങളിലായി ദോഹയിലും മറ്റുമായി പുരോഗമിക്കുന്നതിനിടെയാണ് ട്രംപിന്റെ സന്ദർശനം. ബുധനാഴ്ച രാത്രി ലുസൈലിൽ അമീറിന്റെ ഔദ്യോഗിക വിരുന്നിൽ പങ്കെടുക്കുന്ന ട്രംപ് പര്യടനത്തിലെ മൂന്നാമത്തെ രാജ്യമായ യു.എ.ഇയിലേക്ക് തിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

