മരുഭൂമിയിൽ തണൽ വിരിക്കുന്ന അൽ അൻസാബിന് ആദരം
text_fieldsദേശീയ പരിസ്ഥിതിദിനത്തിൽ അലി അൽ അൻസാബിന്റെ തോട്ടത്തിൽ മൈന്‍റ് ട്യൂൺ ഇക്കോ വേവ്സ് പ്രവർത്തകർ മരം നടുന്നു
ദോഹ: മരുഭൂമിയെ പച്ചപ്പണിയിച്ച്, ചെറുചെറു കാടുകളാക്കി വളർത്തിയെടുക്കുന്ന ഖത്തറിന്‍റെ പരിസ്ഥിതിപ്രവർത്തകൻ അലി അൽ അൻസാബിന് ദേശീയ പരിസ്ഥിതിദിനത്തിൽ ആദരവുമായി മൈന്‍റ് ട്യൂൺ എക്കോ വൈവ്സ് പ്രവർത്തകർ. അബൂസംറ - ദൂഖാൻ റോഡിലെ വിജനമായ മരുഭൂമികയിലാണ് അലി അൽ അൻസാബ് മരങ്ങൾ വെച്ചുപിടിപ്പിച്ച് ഹരിതവത്കരണം നടത്തുന്നത്.
അദ്ദേഹത്തിന്‍റെ തോട്ടത്തിൽ പ്രവർത്തകർ വൃക്ഷത്തൈകൾ നട്ടു. ലോക പരിസ്ഥിതിദിനത്തിലും ഇതേ തോട്ടത്തിൽ വൃക്ഷത്തൈകൾ നട്ടിരുന്നു.
സ്വദേശികളും വിദേശികളുമായ പരിസ്ഥിതിപ്രവർത്തകർ, മാധ്യമപ്രവർത്തകർ, വിദ്യാർഥികൾ തുടങ്ങിയവർ ഖത്തറിന്‍റെ പരമ്പരാഗത വൃക്ഷത്തൈകൾ ഇവിടെ നട്ടിട്ടുണ്ട്. മരം വെച്ചുപിടിപ്പിച്ച സംഘടനകൾ, വ്യക്തികൾ എന്നിവരുടെ പേരെഴുതിയ ഫലകവും അലി അൽ അൻസാബ് ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. ഖത്തറിലെ വിവിധ സ്കൂളുകളിലും ഇത്തരം വൃക്ഷങ്ങൾ നട്ടുപിടിപ്പിക്കുന്നതിന് അദ്ദേഹം നേതൃത്വം നൽകുന്നു. പുതിയതലമുറക്ക് ആവേശമാണ് അദ്ദേഹമെന്ന് ചടങ്ങിൽ പങ്കെടുത്ത മുഹമ്മദ് അൽ കുവാരി പറഞ്ഞു. ഖത്തറിന്‍റെ ദേശീയ വൃക്ഷമായ സിദ്ര, തണൽമരങ്ങൾ, മരുഭൂമിയിലെ പൂച്ചെടികൾ, ലിസിയം ഷാവി ഉൾപ്പെടെ നിരവധി മരങ്ങളാണ് തോട്ടത്തിൽ ഉള്ളത്.
ഇക്കോ വേവ്സ് ഖത്തർ സെക്രട്ടറി അബ്ദുല്ല പൊയിൽ അലി അൽ ഹൻസബിന് ഉപഹാരം നൽകി. മൈൻഡ് ട്യൂൺ വേവ്സ് ഗ്ലോബൽ സെക്രട്ടറി ജനറൽ വി.സി. മശ്ഹൂദ് ഉദ്ഘാടനം ചെയ്തു.
ലോക കേരളസഭാംഗം അബ്ദുൽ റഊഫ് കൊണ്ടോട്ടി, വൈസ് ചെയർമാൻ അബ്ദുൽ മുത്തലിബ് മട്ടന്നൂർ, ഷമീർ, ബഷീർ നന്മണ്ട, അബ്ദുല്ല, ഷാജിറ അബ്ദുല്ല തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

