ചാർട്ടർ വിമാനങ്ങളിൽ സഞ്ചാരികൾ ടൂറിസം വളർച്ചക്ക് കരുത്തായി ചാർട്ടർ പദ്ധതി
text_fieldsഫ്ലൈ അരിസ്താൻ ചാർട്ടർ വിമാനം ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെത്തിയപ്പോൾ (ഫയൽ ചിത്രം)
ദോഹ: പതിവ് വിനോദസഞ്ചാര പദ്ധതികൾക്ക് പകരമായി ചാർട്ടർ വിമാനങ്ങൾ ഉപയോഗിച്ചുള്ള ടൂറിസം പാക്കേജുകൾ സഞ്ചാരികളുടെ വരവിന് കൂടുതൽ ഉത്തേജകമായെന്ന് ഖത്തർ ടൂറിസം സി.ഒ.ഒ ബെർതോൾഡ് ട്രങ്കൽ. ടൂറിസം മേഖലക്ക് ഏറെ ആകർഷകമായ പദ്ധതിയായി ചാർട്ടർ ബിസിനസ് സംരംഭം സ്വീകരിക്കപ്പെട്ടതായി ട്രെങ്കൽ പ്രതികരിച്ചു.
‘ഞങ്ങൾ പുതിയൊരു പദ്ധതി ആവിഷ്കരിച്ചു. ആകർഷകമായ സംരംഭമായി അത് വളർന്ന് കൊണ്ടിരിക്കുകയാണ്. ചാർട്ടർ ചെയ്ത വിമാനങ്ങളിൽ വിദേശരാജ്യങ്ങളിൽനിന്നെത്തുന്ന യാത്രക്കാർക്ക് ഒരാഴ്ച മുഴുവൻ ദോഹയിൽ ചെലവഴിക്കാൻ അനുവദിക്കുന്നതിനാൽ രാജ്യത്തിന്റെ വിനോദസഞ്ചാരമേഖല കൂടുതൽ കരുത്തുപ്രാപിക്കുന്നു’ -അദ്ദേഹം വിശദീകരിച്ചു. വരും മാസങ്ങളിലും ശൈത്യകാലത്തും ചാർട്ടർ ബിസിനസ് വിപുലീകരിക്കാൻ പദ്ധതിയുണ്ടെന്നും ക്യൂ.ടി സി.ഒ.ഒ പറഞ്ഞു.
ഫ്ലൈ അരിസ്താനുമായി സഹകരിച്ച് കസാഖ്നിസ്താലെ രണ്ട് നഗരങ്ങളിലേക്കും പുറത്തേക്കുമായി ആഴ്ചയിൽ നാല് വാണിജ്യ ഫ്ലൈറ്റുകളാണ് പ്രഖ്യാപിച്ചത്. കസാഖ്സ്താനിലെ ഏറ്റവും വലിയ ടൂർ ഓപറേറ്റർമാരിൽ ഒരാളായ കസുനിയനുമായുള്ള പങ്കാളിത്തം, ഖത്തറിൽ വിനോദസഞ്ചാരികളെ ആകർഷിക്കാൻ ലക്ഷ്യമിട്ടുള്ളതായിരുന്നു.
ഈവർഷം ജനുവരി മുതൽ മാർച്ച് വരെയായിരുന്നു ചാർട്ടർ ഫ്ലൈറ്റുകൾ പ്രവർത്തിച്ചിരുന്നത്.2030ഓടെ ആറ് ദശലക്ഷത്തിലധികം അന്താരാഷ്ട്ര സന്ദർശകരെ ആകർഷിക്കുകയെന്ന ഖത്തർ ടൂറിസത്തിന്റെ തന്ത്രപ്രധാന പദ്ധതിയുടെ ഭാഗമായാണ് ഈ നീക്കം.
ദോഹയുടെ സമ്പന്നമായ കലകൾ, സംസ്കാരം, റീട്ടെയിൽ ഓഫറുകൾ തുടങ്ങിയവ അടുത്തറിയാനും അനുഭവിക്കാനും താൽപര്യമുള്ള വിനോദസഞ്ചാരികളുടെ പ്രാഥമിക സ്രോതസ്സായി ഖത്തർ ടൂറിസം കണ്ടെത്തിയ 15 ടാർഗറ്റ് മാർക്കറ്റുകളിലൊന്ന് കസാഖ്സ്താനായിരുന്നു. കസാഖ്സ്താനിൽനിന്ന് കസുനിയൻ വാഗ്ദാനം ചെയ്യുന്ന ചാർട്ടർ ഫ്ലൈറ്റുൾപ്പെടുന്ന ട്രാവൽ പാക്കേജിൽ കടൽതീരത്തെ താമസസൗകര്യങ്ങളും ഉൾപ്പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

