മാസ്റ്റർ പ്ലാനിൽ നഗരഗതാഗതം സ്മാർട്ടാകും
text_fieldsപൊതുഗതാഗത മാർഗമായ ട്രാം സർവിസ്
ദോഹ: ഖത്തറിന്റെ ഗതാഗത മേഖലയെ അടിമുടി ആധുനികവത്കരിക്കുന്ന ട്രാൻസ്പോർട്ട് മാസ്റ്റർ പ്ലാനിലൂടെ രാജ്യത്തിന് ഏറ്റവും മികച്ച നഗരഗതാഗത സംവിധാനം കൈവരിക്കുകയാണ് ലക്ഷ്യമിടുന്നതെന്ന് ഗതാഗത മന്ത്രാലയം.
ഖത്തറിന്റെ സാമ്പത്തിക, സാമൂഹിക വികസനത്തിന് ഇത് വലിയ സംഭാവന നൽകുമെന്നും അഭിപ്രായപ്പെട്ടു. ഖത്തർ ദേശീയ വിഷൻ 2030ന്റെ ഭാഗമായുള്ള അടിസ്ഥാന സൗകര്യ വികസനത്തിനും ജീവിതനിലവാരം ഉയർത്തുന്നതിനുമുള്ള പ്രധാന സ്തംഭങ്ങളിലൊന്നാണ് ഗതാഗത മാസ്റ്റർ പ്ലാൻ.
പ്രാദേശിക സമൂഹത്തിന്റെ ആവശ്യങ്ങൾ നിറവേറ്റുന്ന സംയോജിതവും ഫലപ്രദവും സുരക്ഷിതവുമായ ഗതാഗത സംവിധാനം സ്ഥാപിക്കുകയാണ് മാസ്റ്റർ പ്ലാൻ ലക്ഷ്യമിടുന്നതെന്ന് മന്ത്രാലയം എക്സ് പ്ലാറ്റ്ഫോമിൽ വ്യക്തമാക്കി. സ്മാർട്ട്, സുസ്ഥിര ഗതാഗതരംഗത്ത് മുൻനിരയിലുള്ള രാജ്യങ്ങളിൽ ഖത്തറിന്റെ സ്ഥാനം ഉറപ്പാക്കുന്നതാണ് ഖത്തർ പൊതുഗതാഗത മാസ്റ്റർ പ്ലാനെന്ന് ഈയിടെ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.
കാര്യക്ഷമവും മത്സരാധിഷ്ഠിതവുമായ പൊതുഗതാഗത സംവിധാനം സൃഷ്ടിക്കുന്നതിനുള്ള പദ്ധതി ആരംഭിച്ചതായും മന്ത്രാലയം അറിയിച്ചിരുന്നു.പ്രവേശനക്ഷമതയും വ്യാപ്തിയും മെച്ചപ്പെടുത്തുക, സേവന വിശ്വാസ്യത ഉയർത്തുക, നൂതന ഗതാഗത സംവിധാനങ്ങൾ തേടുക എന്നിവയും മാസ്റ്റർ പ്ലാനിന്റെ ലക്ഷ്യങ്ങളിൽ ഉൾപ്പെടുന്നു.
വാഹനപ്പെരുപ്പം, തിരക്ക്, പാരിസ്ഥിതിക ആഘാതം എന്നിവയുമായി ബന്ധപ്പെട്ട വെല്ലുവിളികൾ നേരിടുന്നതിനുള്ള മാർഗങ്ങളും മാസ്റ്റർ പ്ലാൻ തേടും. മികച്ച പരിഹാരങ്ങൾക്കായി സ്വകാര്യ വാഹനങ്ങളുടെയും പൊതുഗതാഗതത്തിന്റെയും ഗതാഗതക്കുരുക്ക്, കാർബൺ പുറന്തള്ളൽ, കാലാവസ്ഥയിൽ അവയുടെ സ്വാധീനം എന്നിവയുമായി ബന്ധപ്പെട്ട് മാസ്റ്റർ പ്ലാൻ പ്രത്യേകം പഠിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

