2022ലേക്കുള്ള പരിശീലനം, ക്ലബ് ഫുട്ബാൾ കൊടിയിറങ്ങി
text_fieldsക്ലബ് ലോകകപ്പിൽ രണ്ടാം സ്ഥാനക്കാരായ ടൈഗേഴ്സ് യു.എ.എൻ.എൽ
ദോഹ: നിരവധി ലോക കായികമേളകൾ, കഴിഞ്ഞ വർഷത്തെയും ഈ വർഷത്തേയും ഫിഫ ക്ലബ് ഫുട്ബാൾ ലോകകപ്പുകൾ. 2022ലെ ലോകകപ്പ് തങ്ങൾ എങ്ങനെയാണ് നടത്താൻ പോകുന്നതെന്ന് ലോകത്തെ വിളിച്ചറിയിച്ചാണ് ഖത്തറിൽ കഴിഞ്ഞ ദിവസം ലോക ക്ലബ് ഫുട്ബാൾ ടൂർണമെൻറിന് കൊടിയിറങ്ങിയത്. 2022െൻറ സ്റ്റേഡിയങ്ങളായ എജുക്കേഷൻ സിറ്റിയിലും റയ്യാനിലെ അഹ്മദ് ബിൻ അലി സ്റ്റേഡിയത്തിലുമായാണ് ടൂർണമെൻറ് നടന്നത്. പുതുകാലത്ത്, കോവിഡ് സാഹചര്യത്തിൽ എങ്ങനെ ലോകമേളകൾ സുരക്ഷിതമായി നടത്താമെന്നതിെൻറ തെളിവുകൂടിയാണ് ക്ലബ് ലോകകപ്പിെൻറ വിജയം. സ്റ്റേഡിയങ്ങളിലേക്ക് 30 ശതമാനം കാണികൾക്കേ പ്രവേശനമുണ്ടായിരുന്നുള്ളൂ. ടിക്കെറ്റടുത്തവരെല്ലാം കോവിഡ് ടെസ്റ്റ് നടത്തണമായിരുന്നു. ഇതിനെല്ലാം കുറ്റമറ്റ സംവിധാനമാണ് എല്ലായിടത്തും ഒരുക്കിയിരുന്നത്. രണ്ട് സ്റ്റേഡിയങ്ങളിലും പ്രത്യേക മെഡിക്കൽ സംഘത്തെ അടിയന്തര മെഡിക്കൽ ആവശ്യങ്ങൾക്കായി നിയമിച്ചിരുന്നു.
കഴിഞ്ഞ വർഷത്തെ പോലെ ഫാൻസോണുകളടക്കം പൊതുപരിപാടികൾ ഒന്നും ഉണ്ടായിരുന്നില്ല. 2020 ഡിസംബറിലായിരുന്നു ടൂർണമെൻറ് തീരുമാനിച്ചത്. കോവിഡ് കാരണം ഫെബ്രുവരിയിലേക്ക് മാറ്റി.
അൽ ദുഹൈൽ എസ്.സി (ആതിഥേയർ), അൽ അഹ്ലി എസ്.സി (ആഫ്രിക്ക), എഫ്.സി ബയേൺ മ്യൂണിക് (യൂറോപ്), ഉൽസൻ ഹ്യൂണ്ടായ് എഫ്.സി (ഏഷ്യ), ടൈഗേഴ്സ് യു.എ.എൻ.എ (വടക്കേ അമേരിക്ക), പാൽമിറാസ് (ലാറ്റിൻ അമേരിക്ക) എന്നിവരാണ് മാറ്റുരച്ചത്.
ഖത്തർ സ്റ്റാർസ് ലീഗ് ചാമ്പ്യൻമാരെന്ന നിലയിലാണ് അൽ ദുഹൈൽ പങ്കെടുത്തത്. എജുക്കേഷൻ സിറ്റിയിൽ നടന്ന ഫൈനലിൽ യൂറോപ്യൻ ചാമ്പ്യൻമാരായ ബേയൺ മ്യൂണിക് മറുപടിയില്ലാത്ത ഒരു ഗോളിനാണ് വടക്കേ അമേരിക്കൻ ക്ലബായ ടൈഗേഴ്സ് യു.എ.എൻ.എല്ലിനെ തോൽപിച്ച് ക്ലബ് കിരീടം ചൂടിയത്.
2022 ലോകകപ്പ് നടത്തിപ്പിെൻറ പരിശീലനമായാണ് ഖത്തർ ക്ലബ് ലോകകപ്പിനെ കണ്ടിരുന്നത്. അടുത്തവർഷം നവംബർ 21ന് ദോഹ സമയം ഉച്ചക്ക് ഒന്നിന് അൽബെയ്ത് സ്റ്റേഡിയത്തിലാണ് ലോകകപ്പിന് കിക്കോഫ്. ഖത്തർ ദേശീയദിനമായ ഡിസംബർ 18ന് വൈകീട്ട് ആറിന് ലുസൈൽ സ്റ്റേഡിയത്തിലാണ് ഫൈനൽ പോരാട്ടം. ഗ്രൂപ് ഘട്ടത്തിൽ ദിവസം നാല് മത്സരങ്ങളാണുണ്ടാവുക.
60,000 പേർക്കിരിക്കാവുന്ന അൽബയ്ത് സ്റ്റേഡിയത്തിെൻറ വിസ്മയക്കാഴ്ചകളിലേക്ക് കൂടിയായിരിക്കും 2022 ലോകകപ്പിെൻറ ഉദ്ഘാടന മത്സരം മിഴിതുറക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ടെൻറിെൻറ മാതൃകയിലാണ് അൽബയ്ത് സ്റ്റേഡിയം. നിർമാണപ്രവൃത്തികൾ അവസാനഘട്ടത്തിലാണ്.
ഉച്ച തിരിഞ്ഞ് 1.00, 4.00 വൈകീട്ട് 7.00, രാത്രി 10.00 എന്നിങ്ങനെയാണ് ഗ്രൂപ് മത്സരങ്ങളുടെ കിക്കോഫ് സമയം. ടീമുകൾക്ക് വിശ്രമിക്കാൻ ആവശ്യമായ സമയം കിട്ടുന്ന തരത്തിൽ 12 ദിവസമായാണ് ഗ്രൂപ് ഘട്ടം നടക്കുക. ദിവസം നാല് മത്സരം. നോക്കൗട്ട് റൗണ്ട് മത്സരങ്ങൾ വൈകീട്ട് 6.00നും 10.00നും നടക്കും. മൂന്നാം സ്ഥാനക്കാരെ കണ്ടെത്തുന്നതിനായുള്ള പ്ലേ ഓഫ് മത്സരത്തിന് ഖലീഫ രാജ്യാന്തര സ്റ്റേഡിയം വേദിയാകും. ഡിസംബർ 17നാണ് മത്സരം. ലുസൈൽ സ്റ്റേഡിയത്തിൽ ദോഹ സമയം വൈകീട്ട് ആറിനാണ് ഫൈനലിന് വിസിലുയരുക. 80,000 കാണികൾക്ക് ഇരിക്കാൻ ശേഷിയുള്ളതാണ് ലുസൈൽ സ്റ്റേഡിയം. ഖത്തറിലെ എല്ലാ ലോകകപ്പ് സ്റ്റേഡിയങ്ങളും അടുത്തടുത്തായാണ് സ്ഥിതി ചെയ്യുന്നത്. ഇതിനാൽ, റോഡുമാർഗം തന്നെ സ്റ്റേഡിയങ്ങളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയുമെന്ന സൗകര്യം കൂടിയുണ്ട്.
ലോകകപ്പ് ഫൈനൽ റൗണ്ടിലേക്കുള്ള യോഗ്യതാ റൗണ്ട് അവസാനിക്കുന്ന 2022 മാർച്ച് അവസാനത്തോടെ പങ്കെടുക്കുന്ന ടീമുകളുടെ അവസാന ചിത്രം തെളിയും. മാർച്ചിന് ശേഷമായിരിക്കും ടീമുകളുടെ ഗ്രൂപ് നറുക്കെടുപ്പ്. ലോകകപ്പ് ടിക്കറ്റുകൾ FIFA.com/tickets എന്ന വെബ്സൈറ്റ് വഴി മാത്രമായിരിക്കും വിൽപന നടത്തുക. മത്സരങ്ങളുടെ സമയം, ടിക്കറ്റ് നിരക്ക് തുടങ്ങിയ വിവരങ്ങൾ പിന്നീട് പുറത്തുവിടും.
ആകെ എട്ട് സ്റ്റേഡിയങ്ങളാണ് ഖത്തർ ലോകകപ്പിനായി ഒരുക്കുന്നത്. ഇതിൽ ഖലീഫ, അൽ ജനൂബ്, എജുക്കേഷൻ സിറ്റി, റയ്യാൻ സ്റ്റേഡിയങ്ങൾ ഉദ്ഘാടനം ചെയ്തുകഴിഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.