സ്കൂൾബസിൽ മലയാളി ബാലികയുടെ ദാരുണാന്ത്യം : സമഗ്രാന്വേഷണം
text_fieldsദോഹ: ഖത്തറിൽ സ്കൂൾബസിൽ ഉറങ്ങിപ്പോയ മലയാളി ബാലിക മരിച്ച സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ.
ഞായറാഴ്ച കുട്ടിയുടെ മരണം റിപ്പോർട്ട് ചെയ്തതിനു പിന്നാലെ വിദ്യാഭ്യാസ മന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ആഭ്യന്തര മന്ത്രാലയവും ആരോഗ്യമന്ത്രാലയവും സംഭവത്തിൽ അന്വേഷണം നടത്തുന്നുണ്ട്. റിപ്പോർട്ടിന്റെയും ഫോറൻസിക് പരിശോധന ഫലത്തിന്റെയും അടിസ്ഥാനത്തിലാവും തുടർനടപടി.
കോട്ടയം ചിങ്ങവനം കൊച്ചുപറമ്പിൽ അഭിലാഷ് ചാക്കോ-സൗമ്യ ദമ്പതികളുടെ മകളായ മിൻസ മറിയം ജേക്കബാണ് (നാലു വയസ്സ്) ഞായറാഴ്ച സ്കൂൾബസിൽ മരിച്ചത്. ദോഹ അൽവക്റയിലെ സ്പ്രിങ് ഫീൽഡ് കിൻറർഗാർട്ടൻ കെ.ജി ഒന്ന് വിദ്യാർഥിനിയായ മിൻസ രാവിലെ വീട്ടിൽനിന്ന് സ്കൂളിലേക്കുള്ള യാത്രയിൽ ഉറങ്ങിപ്പോയിരുന്നു. എന്നാൽ, മുഴുവൻ കുട്ടികളും ബസിൽനിന്ന് ഇറങ്ങിയോ എന്നുറപ്പാക്കാതെ ഡ്രൈവർ വാഹനം പാർക്ക്ചെയ്ത് ഡോർ അടച്ച് പോയത് ദുരന്തത്തിന് കാരണമായി. കടുത്ത ചൂടും വായുസഞ്ചാരമില്ലാത്ത സാഹചര്യവുമായതേടെ ശ്വാസംമുട്ടിയാണ് മരിച്ചതെന്നാണ് സൂചന. 11.30ഓടെ ബസ് തിരികെ എടുക്കാനായി എത്തിയപ്പോഴാണ് കുട്ടിയെ കണ്ടെത്തിയത്. തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
അന്വേഷണം ഉൾപ്പെടെയുള്ള നടപടി പൂർത്തിയാകുന്ന മുറക്ക് ബുധനാഴ്ചയോടെ മൃതദേഹം നാട്ടിലെത്തിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ബന്ധുക്കൾ.
ജാഗ്രത നമ്മുടെ മക്കൾക്ക് വേണ്ടിയാവട്ടെ
സ്കൂളുകൾ മൊബൈൽ ആപ് ഡെവലപ് ചെയ്യുകയും അതിൽ രക്ഷിതാക്കൾക്കും ബസ് ജീവനക്കാർക്കും ക്ലാസ് അധ്യാപകർക്കും അക്സസ് നൽകുകയും ചെയ്യണം. കുട്ടികൾ വീട്ടിൽ നിന്നിറങ്ങുമ്പോൾ രക്ഷിതാക്കൾ തങ്ങളുടെ കുട്ടികൾ സ്കൂളിലേക്ക് ഇറങ്ങിയിട്ടുണ്ട് എന്ന് (യെസ്/നോ) അടയാളപ്പെടുത്തുക. ഉടനെ തന്നെ അതത് ബസ് ജീവനക്കാർക്കും ക്ലാസ് ടീച്ചർക്കുമുള്ള ലിസ്റ്റിൽ അത് രേഖപ്പെടുത്തപ്പെടുന്നു. ബസ് ജീവനക്കാർ ആ കുട്ടി ബസിൽ കയറി എന്നും സ്കൂളിൽ എത്തി ബസിൽ നിന്ന് ഇറങ്ങി എന്നും ആപ്പിലൂടെ രേഖപ്പെടുത്തട്ടെ. അതേ പോലെ ക്ലാസ് ടീച്ചറും ക്ലാസിൽ ഹാജരായത് ആപ്പിലൂടെ രേഖപ്പെടുത്തട്ടെ. കുട്ടികൾ ബസിൽ കുടുങ്ങി പോകുന്നതും, വീട്ടിൽ നിന്ന് പോന്നതിനു ശേഷം സ്കൂളിൽ എത്താതിരിക്കുന്ന അവസ്ഥയും തിരിച്ചുപോരുമ്പോൾ കുട്ടികൾക്ക് ബസ് നഷ്ടമാകുന്ന അവസ്ഥയും ഒക്കെ ഇതിലൂടെ പരിഹരിക്കാം. ഓരോ രക്ഷിതാവിനും തന്റെ കുട്ടിയുടെ മൂവ്മെന്റുകൾ ആപ്പിലൂടെ മനസ്സിലാക്കാനും കഴിയും.
കുട്ടികളെ ഇറക്കിയ ശേഷം ബസ് ലോക്ക് ചെയ്യുന്നതിന് മുമ്പ് എല്ലാ മക്കളും ഇറങ്ങി എന്ന് ബസ് ഡ്രൈവറും സഹായിയും ഉറപ്പ് വരുത്തുകയും റീ-ചെക്ക് ചെയ്തു എന്നും എത്ര കുട്ടികൾ ആണ് കയറേണ്ടിയിരുന്നത്, അതിൽ ആരൊക്കെ കയറി, ആരൊക്കെ ഇറങ്ങി എന്ന് രേഖപ്പെട്ടുത്തി ട്രാൻസ്പോർട്ട് മാനേജർക്ക് നൽകുകയും ചെയ്യുക.
ചെറിയ കുട്ടികൾ (കെ.ജി പ്രത്യേകമായി) ബസ് യാത്രയിൽ സുരക്ഷിതരായാണിരിക്കുന്നത് എന്ന് ഉറപ്പ് വരുത്തുക. ഉയരം കുറഞ്ഞ സീറ്റാകുക, അവർ സീറ്റ് ബെൽറ്റ് നിർബന്ധമായും ധരിച്ചാണ് ഇരിക്കുന്നത് എന്ന് ഉറപ്പ് വരുത്തുക (ഓട്ടത്തിനിടയിൽ കുഞ്ഞുങ്ങൾ വീണ് പോകാനും പരിക്കുകൾ പറ്റാനുമുള്ള സാധ്യതയേറെയാണ്).
ചെറിയ കുട്ടികൾ ബസിൽ കയറിയാൽ ഉടനെ ഉറങ്ങാൻ സാധ്യതയേറെയാണ്. ലക്ഷ്യ സ്ഥലത്ത് എത്തുന്ന സമയത്ത് അവരെ വിളിച്ചുണർത്തുമ്പൾ പരിഭ്രാന്തിയിലും ഉറക്കച്ചടവിലും ആയിരിക്കും കുട്ടികൾ നീങ്ങുക, ഇത് ബസിനുള്ളിലോ ബസിൽ നിന്നിറങ്ങുമ്പോഴോ വീണു പോകാൻ സാധ്യത വർധിപ്പിക്കുന്നു. അതിനാൽ നിർത്തുന്ന സ്ഥലം എത്തുന്നതിന് മുമ്പ് മക്കളെ വിളിക്കുകയും ഇറങ്ങാനുള്ള സാവകാശവും വീണുപോകാതിരിക്കാനുള്ള പ്രത്യേകമായ സംരക്ഷണവും നൽകി ബസിൽ നിന്നും ഇറക്കുക.
സ്കൂൾ ബസുകൾ സ്കൂളിന്റെ ലോഗോയും പേരുകളും ഉള്ളതാകുകയും ഡ്രൈവറും സഹായിയും യൂനിഫോം ധരിക്കുന്നവരുമാകുകയും ചെയ്യുക. ഇത് അപരിചിതർ കുട്ടികളെ തട്ടിക്കൊണ്ട് പോകാനുള്ള സാധ്യത കുറെയൊക്കെ ഇല്ലാതാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

