മലിനജല ടാങ്കറുകളെ നിരീക്ഷിക്കാൻ ട്രാക്കിങ് സിസ്റ്റം
text_fieldsമലിനജലം കൊണ്ടുപോകുന്ന ടാങ്കർ
ദോഹ: മലിനജലം കൊണ്ടുപോകുന്ന ടാങ്കറുകളെ നിരീക്ഷിക്കാനുള്ള സാങ്കേതിക സംവിധാനവുമായി പൊതുമരാമത്ത് വിഭാഗമായ അശ്ഗാൽ. ശുദ്ധീകരണ പ്ലാൻറിലേക്കും തിരിച്ചുമുള്ള ടാങ്കറുകളുടെ യാത്രയും പ്രവർത്തനവും അറിയാനുള്ള ട്രാക്കിങ് സംവിധാനം ഘടിപ്പിക്കുന്നതിന്റെ നടപടിക്രമങ്ങൾ ഉടൻ ആരംഭിക്കും. വർഷാവസാനം നടക്കുന്ന ഫിഫ ലോകകപ്പിന്റെ കൂടി പശ്ചാത്തലത്തിൽ മലിന ജലവാഹകരായ ടാങ്കറുകളുടെ പ്രവർത്തനം കൂടുതൽ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ് പ്രധാനം. ട്രാക്കിങ് സിസ്റ്റം ഘടിപ്പിക്കുന്നതോടെ കൺട്രോൾ സെന്ററിൽ ഇരുന്നാൽ വാഹനത്തിന്റെ യാത്രയും വെള്ളം എത്തിക്കുന്ന സ്ഥലവും കൃത്യമായി അറിയാൻ സാധിക്കും.
കൂടാതെ ഖത്തറിലുടനീളം ടാങ്കറുകള്‍ സഞ്ചരിക്കുന്ന സ്ഥലങ്ങളും ശുദ്ധീകരണ പ്ലാന്റുകളുടെ സാമീപ്യവും നിര്‍ണയിക്കുന്നതിലൂടെ യാത്രാദൂരം കുറക്കാനും ഈ സംവിധാനം സഹായകമാകും. എല്ലാ ടാങ്കറുകൾക്കും ട്രാക്കിങ് ഉപകരണം നിർബന്ധമായിരിക്കുമെന്നും വ്യക്തമാക്കി. മാർച്ച് ഒന്നു മുതൽ ഉപകരണം ഘടിപ്പിക്കുന്നതിന് അപേക്ഷകൾ സ്വീകരിച്ചുതുടങ്ങും. ആഗസ്റ്റ് ഒന്ന് മുതൽ ട്രാക്കിങ് ഉപകരണം ഘടിപ്പിക്കാത്ത ടാങ്കറുകൾക്ക് പ്ലാന്റുകളിലേക്ക് പ്രവേശനം അനുവദിക്കില്ല.
ശുദ്ധീകരണ പ്ലാന്റുകളിലേക്കും മറ്റും മലിനജലം എത്തിക്കുന്ന ടാങ്കറുകൾ ശരിയായ സ്ഥലങ്ങളിൽ തന്നെയാണോ വെള്ളം എത്തിക്കുന്നത് എന്നും നിർദിഷ്ട പ്ലാന്റിൽ തന്നെയാണോ പ്രവർത്തിക്കുന്നത് എന്നും നിരീക്ഷിക്കുന്നതിനുവേണ്ടിയാണ് ട്രാക്കിങ് ഉപകരണം ഘടിപ്പിക്കുന്നത്.
നിരോധിത പ്രദേശങ്ങളില്‍ വെള്ളം ഒഴിവാക്കുന്നത് തടയുകയും പുതിയ പദ്ധതിയുടെ ലക്ഷ്യമാണ്.
മാർച്ച് ഒന്നിന് അപേക്ഷാ നടപടികൾ ആരംഭിക്കുന്നതോടെ ടാങ്കർ ഉടമകൾക്കും കമ്പനികൾക്കും ട്രാക്കിങ് സിസ്റ്റം സ്ഥാപിക്കാൻ പരമാവധി അഞ്ചു മാസമാണ് സമയം നൽകുന്നത്. ആഗസ്റ്റ് ഒന്നിന് മുമ്പായി അപേക്ഷ നൽകുകയും സിസ്റ്റം ഇൻസ്റ്റാൾ ചെയ്യുകയും വേണം. ആഗസ്റ്റിന് ശേഷം അപേക്ഷ നൽകാനോ ടാങ്കർ പെർമിറ്റ് പുതുക്കാനോ കഴിയില്ല. തുടർന്ന് ഈ ഉപകരണം ഘടിപ്പിച്ച ടാങ്കറുകൾക്ക് മാത്രമായിരിക്കും ശുചീകരണ പ്ലാന്റുകളിൽനിന്ന് വെള്ളം നിറക്കാനും പുറത്തേക്ക് പോകാനും കഴിയുക. ഇല്ലാത്ത വാഹനങ്ങൾക്ക് പ്ലാന്റുകളിലേക്ക് പ്രവേശനവും ഉണ്ടായിരിക്കില്ല. അപേക്ഷ സമർപ്പിക്കുന്നവർക്ക് സൽവ റോഡ് ബ്രാഞ്ചിലെ അശ്ഗാൽ ഉപഭോക്തൃ സേവനകേന്ദ്രം വഴി സിം കാർഡ് നൽകും. സിം ലഭിക്കുമ്പോൾ, ടാങ്കർ ഉടമ ഫോറം പൂരിപ്പിച്ച്, ആവശ്യമായ രേഖകൾ സഹിതം avltankersupport@ashghal.gov.qa. എന്ന വിലാസത്തിലേക്ക് ഇ-മെയിൽ ചെയ്യേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്, അശ്ഗാലിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കുകയോ അല്ലെങ്കില്‍ 188 എന്ന നമ്പറില്‍ വിളിക്കുകയോ ചെയ്യണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. കമ്പനിയുടെ പേര്, ടാങ്കർ നമ്പർ, വാഹന നമ്പർ, മൊബൈൽ-ഇമെയിൽ വിശദാംശങ്ങൾ, ഇൻസ്റ്റാൾ ചെയ്ത ഉപകരണത്തിന്റെ വിശദാംശങ്ങൾ, സിംകാർഡ് നമ്പർ, സർവിസ് റിക്വസ്റ്റ് നമ്പർ എന്നിവ അപേക്ഷക്കൊപ്പം നൽകണം.
അംഗീകൃത ട്രാക്കിങ് ഉപകരണങ്ങളുടെ പേരുവിവരങ്ങളും അശ്ഗാൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
രാജ്യത്തിന്റെ പരിസ്ഥിതി സുരക്ഷകൂടി കണക്കിലെടുത്താണ് മലിനജല ടാങ്കറുകൾക്ക് ട്രാക്കിങ് സംവിധാനം ഒരുക്കാൻ തീരുമാനമെടുത്തത്.