ടാങ്കറുകൾക്ക് ട്രാക്കിങ്; ആഗസ്റ്റ് ഒന്ന് മുതൽ നിർബന്ധം
text_fieldsദോഹ: മലിനജലം കൊണ്ടുപോവുന്ന ടാങ്കറുകളിൽ ട്രാക്കിങ് ഉപകരണം ആഗസ്റ്റ് ഒന്നിന് മുമ്പായി സ്ഥാപിക്കാൻ ഓർമപ്പെടുത്തി പൊതുമരാമത്ത് വിഭാഗമായ അശ്ഗാൽ. കഴിഞ്ഞ ഫെബ്രുവരിയിൽ പ്രഖ്യാപിച്ച പുതിയ നടപടികളുടെ അടിസ്ഥാനത്തിൽ മാർച്ച് ഒന്ന് മുതൽ ട്രാക്കിങ് ഉപകരണം ഘടിപ്പിക്കാനുള്ള അപേക്ഷ സ്വീകരിച്ചു തുടങ്ങിയിരുന്നു. ആഗസ്റ്റ് ഒന്ന് മുതൽ ട്രാക്കിങ് ഉപകരണം ഘടിപ്പിക്കാത്ത ടാങ്കറുകൾക്ക് പ്ലാന്റുകളിലേക്ക് പ്രവേശനം അനുവദിക്കില്ല. അതിനുമുമ്പായി തങ്ങളുടെ ടാങ്കറുകളിൽ ട്രാക്കിങ് സംവിധാനം ഘടിപ്പിച്ചതായി ഉറപ്പാക്കണമെന്ന് അശ്ഗാൽ കഴിഞ്ഞ ദിവസം പുറത്തുവിട്ട വാർത്തക്കുറിപ്പിൽ വ്യക്തമാക്കി.
ശുദ്ധീകരണ പ്ലാൻറിലേക്കും തിരിച്ചുമുള്ള ടാങ്കറുകളുടെ യാത്രയും പ്രവർത്തനവും അറിയാനുള്ള ട്രാക്കിങ് സംവിധാനമാണ് ഇത്. എല്ലാ ടാങ്കറുകൾക്കും അടുത്ത മാസം മുതൽ ട്രാക്കിങ് ഉപകരണം നിർബന്ധമായിരിക്കും. ശുദ്ധീകരണ പ്ലാന്റുകളിലേക്കും മറ്റും മലിന ജലം എത്തിക്കുന്ന ടാങ്കറുകൾ ശരിയായ സ്ഥലങ്ങളിൽ തന്നെയാണോ വെള്ളം എത്തിക്കുന്നത് എന്നും നിർദിഷ്ട പ്ലാന്റിൽ തന്നെയാണോ പ്രവർത്തിക്കുന്നത് എന്നും നിരീക്ഷിക്കുന്നതിനുവേണ്ടിയാണ് ട്രാക്കിങ് ഉപകരണം ഘടിപ്പിക്കുന്നത്.
നിരോധിത പ്രദേശങ്ങളില്‍ വെള്ളം ഒഴിവാക്കുന്നത് തടയുകയും പുതിയ പദ്ധതിയുടെ ലക്ഷ്യമാണ്. വർഷാവസാനം നടക്കുന്ന ഫിഫ ലോകകപ്പിന്റെ കൂടി പശ്ചാത്തലത്തിൽ മലിനജലവാഹകരായ ടാങ്കറുകളുടെ പ്രവർത്തനം കൂടുതൽ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ് പ്രധാനം. ട്രാക്കിങ് സിസ്റ്റം ഘടിപ്പിക്കുന്നതോടെ കൺട്രോൾ സെന്ററിൽ ഇരുന്നാൽ വാഹനത്തിന്റെ യാത്രയും വെള്ളം എത്തിക്കുന്ന സ്ഥലവും കൃത്യമായി അറിയാൻ സാധിക്കും.
കൂടാതെ ഖത്തറിലുടനീളം ടാങ്കറുകള്‍ സഞ്ചരിക്കുന്ന സ്ഥലങ്ങളും ശുദ്ധീകരണ പ്ലാന്റുകളുടെ സാമീപ്യവും നിര്‍ണയിക്കുന്നതിലൂടെ യാത്രാ ദൂരം കുറയ്ക്കാനും ഈ സംവിധാനം സഹായകമാകും. ആഗസ്റ്റിനുശേഷം അപേക്ഷ നൽകാനോ ടാങ്കർ പെർമിറ്റ് പുതുക്കാനോ കഴിയില്ല. തുടർന്ന് ഈ ഉപകരണം ഘടിപ്പിച്ച ടാങ്കറുകൾക്ക് മാത്രമായിരിക്കും ശുചീകരണ പ്ലാന്റുകളിൽ നിന്നും വെള്ളം നിറക്കാനും പുറത്തേക്ക് പോകാനും കഴിയുക. അപേക്ഷ സമർപ്പിക്കുന്നവർക്ക് സൽവ റോഡ് ബ്രാഞ്ചിലെ അശ്ഗാൽ ഉപഭോക്തൃ സേവന കേന്ദ്രം വഴി സിം കാർഡ് നൽകും. സിം ലഭിക്കുമ്പോൾ, ടാങ്കർ ഉടമ ഫോം പൂരിപ്പിച്ച്, ആവശ്യമായ രേഖകൾ സഹിതം avltankersupport@ashghal.gov.qa. എന്ന വിലാസത്തിലേക്ക് ഇമെയിൽ ചെയ്യേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്, അശ്ഗാലിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കുകയോ അല്ലെങ്കില്‍ 188 എന്ന നമ്പറില്‍ വിളിക്കുകയോ ചെയ്യണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. കമ്പനിയുടെ പേര്, ടാങ്കർ നമ്പർ, വാഹന നമ്പർ, മൊബൈൽ-ഇമെയിൽ വിശദാംശങ്ങൾ, ഇൻസ്റ്റാൾ ചെയ്ത ഉപകരണത്തിന്റെ വിശദാംശങ്ങൾ, സിംകാർഡ് നമ്പർ, സർവീസ് റിക്വസ്റ്റ് നമ്പർ എന്നിവ അപേക്ഷക്കൊപ്പം നൽകണം.
അംഗീകൃത ട്രാക്കിങ് ഉപകരണങ്ങളുടെ പേരു വിവരങ്ങളും അശ്ഗാൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
