ഭാവിയിലെ നീതിക്കായുള്ള പോരാട്ടങ്ങളിലേക്ക്
text_fieldsഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ ചരിത്രത്താളുകളിൽ ആവേശഭരിതമായ അധ്യായങ്ങൾ കുറിച്ചവരാണ് നമ്മുടെ വിദ്യാർഥി സമൂഹം. അഹിംസയിൽ ഊന്നിയ സത്യഗ്രഹങ്ങളിൽ നിന്ന് വിപ്ലവാത്മകമായ മുന്നേറ്റങ്ങൾ വരെ, വിദ്യാർഥികളുടെ പങ്കാളിത്തം നിർണായകമായിരുന്നു. ബ്രിട്ടീഷ് ഭരണത്തിന്റെ അടിച്ചമർത്തലുകൾക്കെതിരെ മാതൃരാജ്യത്തിന്റെ മോചനത്തിനായി ശബ്ദമുയർത്തിയ ബാല്യക്കാരിൽ നിന്ന് സർവകലാശാലാ വിദ്യാർഥികൾ വരെ സ്വാതന്ത്ര്യത്തിന്റെ തീപ്പൊരി ഹൃദയത്തിൽ സൂക്ഷിച്ചിരുന്നു. അന്ന് പോരാട്ടം
വിദേശാധിപത്യത്തിനെതിരെയായിരുന്നു എങ്കിൽ ഇന്ന് സ്വാതന്ത്ര്യത്തിന്റെ 79ാം വാർഷികത്തിലേക്ക് രാജ്യം കടക്കുമ്പോൾ, പുതിയ തലമുറ നേരിടുന്ന വെല്ലുവിളികൾ മറ്റൊരു രൂപത്തിലാണ്. രാഷ്ട്രീയ സ്വാതന്ത്ര്യം നേടിയെങ്കിലും സാമൂഹികവും വിദ്യാഭ്യാസപരവുമായ നീതി എല്ലാവർക്കും ഒരുപോലെ ലഭിച്ചിട്ടുണ്ടോ -എന്ന ചോദ്യം നാം സ്വയം ചോദിക്കേണ്ട സമയമാണിത്.
വിദ്യാഭ്യാസമാണ് ഒരു രാജ്യത്തിന്റെ ഭാവിയെ നിർണയിക്കുന്ന ഏറ്റവും ശക്തമായ ഉപകരണം. എന്നാൽ, വിദ്യാഭ്യാസരംഗത്ത് ഇന്ന് ഉയരുന്ന ചില സംഭവങ്ങൾ ആശങ്കപ്പെടുത്തുന്നതാണ്. പ്രവേശന പരീക്ഷകളിലെ ക്രമക്കേടുകൾ, ചോദ്യപേപ്പർ ചോർച്ച സംബന്ധിച്ച ആരോപണങ്ങൾ, പരീക്ഷാ സംവിധാനത്തിലെ സുതാര്യതയെക്കുറിച്ചുള്ള സംശയങ്ങൾ എന്നിവ ലക്ഷക്കണക്കിന് വിദ്യാർഥികളുടെ ഭാവിയെ ബാധിക്കുന്നു.
തകരുന്നത് പരീക്ഷാഫലങ്ങൾ മാത്രമല്ല, സ്വപ്നങ്ങളാണ്.
നീറ്റ് പോലുള്ള ദേശീയ പ്രവേശന പരീക്ഷകൾ ലക്ഷക്കണക്കിന് വിദ്യാർഥികളുടെ ജീവിതത്തിലെ നിർണായക ഘട്ടങ്ങളാണ്. വർഷങ്ങളോളം പഠിച്ച്, മാതാപിതാക്കളുടെ സാമ്പത്തികവും മാനസികവുമായ പിന്തുണയോടെ മുന്നേറുന്ന വിദ്യാർഥികളുടെ പ്രതീക്ഷകളാണ് പരീക്ഷാ ക്രമക്കേടുകൾ തകർക്കുന്നത്. പ്രത്യേകിച്ച് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ വിദ്യാർഥികൾക്ക് ഇത്തരം പരീക്ഷകൾ ജീവിതം മാറ്റാനുള്ള അവസരമാണ്. പണമോ സ്വാധീനമോ ഇല്ലാത്ത ഒരു വിദ്യാർഥിക്ക് തന്റെ കഴിവും കഠിനാധ്വാനവും മാത്രം ആശ്രയിച്ച് മുന്നേറാൻ കഴിയുന്ന മത്സരവേദിയാണ് ജനാധിപത്യ വിദ്യാഭ്യാസ സംവിധാനത്തിന്റെ അടിസ്ഥാനലക്ഷ്യം. ആ വേദിയുടെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യപ്പെടുമ്പോൾ നഷ്ടപ്പെടുന്നത് ഒരു പരീക്ഷയുടെ വിശ്വാസ്യത മാത്രമല്ല, ഒരു തലമുറയുടെ പ്രതീക്ഷകൾ തന്നെയാണ്.
അതുപോലെ രാജ്യം ഏറെ ഗൗരവത്തോടെ കാണേണ്ട വിഷയമായി മാറുകയാണ് അടച്ചുപൂട്ടപ്പെടുന്ന സർക്കാർ വിദ്യാലയങ്ങൾ. സർക്കാർ സ്കൂളുകളുടെ എണ്ണം കുറയുന്നതിനെ കുറിച്ച് അടുത്തകാലത്ത് പുറത്തുവന്ന നീതി ആയോഗ് റിപ്പോർട്ട് ആശങ്കപ്പെടുത്തുന്നതാണ്. കഴിഞ്ഞ ഒരു ദശകത്തിനിടെ രാജ്യത്ത് ഏകദേശം 94,000 സർക്കാർ സ്കൂളുകൾ അടച്ചുപൂട്ടിയിട്ടുണ്ട്. ഇതിന്റെ ഫലമായി സർക്കാർ സ്കൂളുകളിലെ വിദ്യാർഥികളുടെ എണ്ണത്തിൽ ഏകദേശം 2.26 കോടി പേരുടെ കുറവുണ്ടായി. വിവിധ സംസ്ഥാനങ്ങളിൽ സ്കൂൾ യുക്തീകരണം എന്ന പേരിലാണ് അടച്ചുപൂട്ടുന്നത്. ദേശീയ വിദ്യാഭ്യാസ നയം ഇത്തരം യുക്തീകരണത്തെ പിന്തുണക്കുന്നു.
സ്കൂളുകളുടെ എണ്ണം കുറയുന്നതിനെ ജനസംഖ്യയിലെ സ്വാഭാവിക മാറ്റം, നഗരങ്ങളിലേക്കുള്ള കുടിയേറ്റം തുടങ്ങിയവ കൊണ്ട് മാത്രം വിശദീകരിക്കാനാകില്ല. മറിച്ച്, ഏറ്റവും ദരിദ്രരായ കുട്ടികൾ അതിവസിക്കുന്ന പ്രദേശങ്ങളിലുള്ള സ്കൂളുകളുടെ എണ്ണം കുറയുന്നതിന് പല കാരണങ്ങളും ഉണ്ടാകാം. എന്നാൽ, വിദ്യാഭ്യാസം ഏറ്റവും കൂടുതൽ ആവശ്യമുള്ള പിന്നാക്ക പ്രദേശങ്ങളിലെ സർക്കാർ സ്കൂളുകൾ ഇല്ലാതാകുന്നത് ഗൗരവമായി പരിശോധിക്കേണ്ട വിഷയമാണ്.
ഒരു ദരിദ്ര കുടുംബത്തിലെ കുട്ടിക്ക് വീട്ടിനടുത്ത് ലഭിക്കുന്ന സർക്കാർ സ്കൂൾ വെറുമൊരു കെട്ടിടമല്ല. മറിച്ച്, അത് ആ കുട്ടിയുടെ വിദ്യാഭ്യാസത്തിലേക്കുള്ള വാതിലാണ്. ആ വാതിൽ അടയുമ്പോൾ, സ്കൂളിലെത്താനുള്ള ദൂരവും യാത്രാച്ചെലവും വർധിക്കുന്നതിലൂടെ പല കുട്ടികളും വിദ്യാഭ്യാസത്തിൽ നിന്ന് അകന്നുപോകാനുള്ള സാധ്യതയുണ്ട്. ഭരണപരമായ നടപടിയുടെ പേരിൽ പൊതുവിദ്യാഭ്യാസത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ ദുർബലമാകുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് സർക്കാരുകളുടെ ഉത്തരവാദിത്തമാണ്.
ആ ഉത്തരവാദിത്തത്തോട് സർക്കാൻ എത്രത്തോളം നീതി പുലർത്തി എന്ന ചോദ്യം ഉയർന്ന് വരികയാണ്. രാജ്യത്തിന്റെ ശാസ്ത്ര -സാങ്കേതിക വളർച്ചയുമായി ബന്ധപ്പെട്ട മറ്റൊരു ആശങ്കയും നാം ചർച്ച ചെയ്യപ്പെടുകയാണ്. ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയായ ഐ.എസ്.ആർ.ഒ ഉൾപ്പെടെയുള്ള ഗവേഷണ സ്ഥാപനങ്ങളിൽ നിന്ന് ശാസ്ത്രജ്ഞർ രാജിവെക്കുന്നുവെന്ന റിപ്പോർട്ടുകൾ ഇടക്കിടെ പുറത്തു വന്നുകൊണ്ടിരിക്കുന്നു.
ഓരോ രാജിയും വ്യക്തിപരമായ കാരണങ്ങളാൽ സംഭവിച്ചേക്കാം. എന്നാൽ, ഗവേഷണ സ്ഥാപനങ്ങളിൽ നിന്ന് പരിചയസമ്പന്നരായ ശാസ്ത്രപ്രതിഭകൾ വിട്ടുപോകുന്ന പ്രവണത ദേശീയ തലത്തിൽ ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്.
ശാസ്ത്രജ്ഞർക്ക് ശമ്പളം മാത്രമല്ല ആവശ്യം. ഗവേഷണത്തിനുള്ള സ്വാതന്ത്ര്യം, പ്രഫഷണൽ അന്തസ്സ്, പുതിയ ആശയങ്ങൾ പരീക്ഷിക്കാനുള്ള അവസരം, ഭരണപരമായ അനാവശ്യ ഇടപെടലുകളിൽ നിന്ന് മോചനം എന്നിവയും അത്രതന്നെ പ്രധാനമാണ്. രാജ്യത്തിന്റെ ഏറ്റവും മികച്ച ശാസ്ത്രപ്രതിഭകൾ വളരാനും പ്രവർത്തിക്കാനും ആഗ്രഹിക്കുന്ന അന്തരീക്ഷം ഇവയെല്ലാം ഗവേഷണ സ്ഥാപനങ്ങളിൽ ഉറപ്പാക്കാൻ കഴിയുന്നുണ്ടോ എന്ന ചോദ്യം നാം ചോദിച്ച് കൊണ്ടേയിരിക്കണം.
ഭഗത് സിങ്ങും, ലാലാ ലജ്പത് റായിയും ഉൾപ്പെടെയുള്ള ദേശീയ നേതാക്കൾ സ്വന്തം യുവത്വം രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി സമർപ്പിച്ചു. അവരുടെ തലമുറയുടെ സ്വപ്നം രാഷ്ട്രീയ സ്വാതന്ത്ര്യം മാത്രമായിരുന്നില്ല. നീതിയും സമത്വവും അവസരസമത്വവും മനുഷ്യന്റെ അന്തസ്സും ഉറപ്പാക്കുന്ന ഒരു ഇന്ത്യയായിരുന്നു.
ഇന്ന് വിദ്യാർഥികൾക്ക് മുന്നിലുള്ള പോരാട്ടം വ്യത്യസ്തമാണ്. അവർക്ക് തോക്കിനും ലാത്തിക്കും മുന്നിൽ നിൽക്കേണ്ടി വരണമെന്നില്ല. പക്ഷേ അനീതിക്കെതിരെ ശബ്ദമുയർത്തേണ്ടിവരുന്നു. സുതാര്യമായ പരീക്ഷക്കും നീതിപൂർവമായ പ്രവേശനത്തിനും ഗുണമേന്മയുള്ള പൊതുവിദ്യാഭ്യാസത്തിനും തുല്യാവസരങ്ങൾക്കും വേണ്ടി അവർ സംസാരിക്കേണ്ടിവരുന്നു. അതുകൊണ്ടുതന്നെ സ്വാതന്ത്ര്യദിനം ഒരു ആഘോഷദിനം മാത്രമാകരുത്. രാജ്യത്തെ ഓരോ കുട്ടിക്കും ഗുണമേന്മയുള്ള വിദ്യാഭ്യാസം ലഭിക്കുന്നുണ്ടോ? പണമില്ലാത്ത വിദ്യാർഥിക്കും കഴിവിന്റെ അടിസ്ഥാനത്തിൽ മുന്നേറാൻ കഴിയുന്നുണ്ടോ? പരീക്ഷാ സംവിധാനത്തിൽ പൂർണ വിശ്വാസം പുലർത്താൻ കഴിയുന്നുണ്ടോ? നമ്മുടെ ശാസ്ത്രപ്രതിഭകൾക്ക് സ്വതന്ത്രമായി ഗവേഷണം നടത്താനുള്ള അന്തരീക്ഷമുണ്ടോ? എന്നിങ്ങനെ നിരവധി ചോദ്യങ്ങൾ നാം ചർച്ച ചെയ്യണം. ഒരു രാജ്യത്തെ ഓരോ പൗരനും, പ്രത്യേകിച്ച് യുവതലമുറക്കും, നീതി, തുല്യാവസരം, വിദ്യാഭ്യാസാവകാശം, അഭിപ്രായ സ്വാതന്ത്ര്യം, മാന്യമായ ഭാവി എന്നിവ ഉറപ്പാക്കപ്പെടുമ്പോഴാണ് സ്വാതന്ത്ര്യം അർത്ഥവത്താകുന്നത്.
ഇന്നലെ ബ്രിട്ടീഷ് ഭരണത്തിനെതിരെ വിദ്യാർഥികൾ ഉയർത്തിയ ശബ്ദം സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായിരുന്നു. ഇന്ന് വിദ്യാഭ്യാസത്തിലെ അനീതിക്കെതിരെയും അവസരങ്ങളുടെ അസമത്വത്തിനെതിരെയും അവർ ഉയർത്തുന്ന ശബ്ദം ജനാധിപത്യത്തിന്റെ ശക്തിയാണ്. ഈ സ്വാതന്ത്ര്യദിനത്തിൽ വിദ്യാർഥികളുടെ ശബ്ദത്തെ അടിച്ചമർത്തുകയല്ല, കേൾക്കുകയാണ് വേണ്ടത്.
അടുത്ത തലമുറയുടെ സ്വപ്നങ്ങൾ സുരക്ഷിതമാകുമ്പോഴാണ് ഇന്ത്യയുടെ സ്വാതന്ത്ര്യം പൂർണമാകുന്നത്. ആ സ്വാതന്ത്ര്യത്തിന്റെ കാവൽക്കാരായി ഇന്നത്തെ വിദ്യാർഥികളെ മാറ്റിയെടുക്കുക എന്നത് നമ്മുടെ കൂട്ടായ ഉത്തരവാദിത്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

