ടൂറിസം മേഖലയിൽ കുതിപ്പ്; 51 ലക്ഷം സന്ദർശകർ
text_fieldsദോഹ: ആഗോള ടൂറിസം രംഗത്ത് കരുത്തുറ്റ സാന്നിധ്യമായി ഖത്തർ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി 51 ലക്ഷത്തിലധികം സന്ദർശകരാണ് ഈ വർഷം ഖത്തറിലെത്തിയത്. ഇതിൽ ജി.സി.സി രാഷ്ട്രങ്ങളിൽനിന്നാണ് ഏറ്റവും കൂടുതൽ സഞ്ചാരികളെത്തിയത്. വർഷം മുഴുവൻ നീളുന്ന വൈവിധ്യമാർന്ന പരിപാടികളും സൗഹൃദാന്തരീക്ഷവുമാണ് സഞ്ചാരികളെ ഖത്തറിലേക്ക് ആകർഷിക്കുന്നതെന്ന് ഖത്തർ ടൂറിസം അറിയിച്ചു. ഫിഫ അറബ് കപ്പ്, ഫോർമുല വൺ ഖത്തർ ഗ്രാൻഡ് പ്രി അടക്കമുള്ള അന്താരാഷ്ട്ര കായിക മത്സരങ്ങളും സാംസ്കാരിക ആഘോഷങ്ങളുമാണ് സഞ്ചാരികളെ രാജ്യത്തേക്ക് ആകർഷിച്ചത്.
ലോകനിലവാരത്തിലുള്ള വിവിധ ഫെസ്റ്റിവലുകൾ, പ്രദർശനങ്ങൾ, കായിക മത്സരങ്ങൾ എന്നിവയിലൂടെ സംസ്കാരം, വിനോദം, നവീനത എന്നിവയുടെ സമന്വയമാണ് ഖത്തർ കാഴ്ചവെക്കുന്നത്. അന്താരാഷ്ട്ര സമ്മേളനങ്ങൾ മുതൽ ആഡംബര വിരുന്നുകള്‍ വരെ നീളുന്ന വൈവിധ്യമാർന്ന പരിപാടികളും സഞ്ചാരികള്‍ക്ക് അവിസ്മരണീയമായ അനുഭവം ഒരുക്കുന്നു. ടൂറിസം മേഖലയിലെ സൗകര്യങ്ങൾ, ഹോസ്പിറ്റാലിറ്റി, ഡെസ്റ്റിനേഷൻ മാർക്കറ്റിങ് എന്നിവയിൽ രാജ്യം നടത്തുന്ന നിക്ഷേപങ്ങളുടെ വിജയമാണ് സന്ദർശകരുടെ വലിയ തോതിലുള്ള വർധനയെ സൂചിപ്പിക്കുന്നത്.
നാഷനൽ ടൂറിസം സ്ട്രാറ്റജി 2030ന്റെ ഭാഗമായി വലിയ പുരോഗതിയാണ് ഖത്തർ കൈവരിക്കുന്നത്. ഇതിൽ പ്രധാനമാണ് 2000 കോടി ഖത്തർ റിയാൽ ചെലവിൽ വികസിപ്പിക്കുന്ന സിമൈസ്മ തീരദേശ വിനോദസഞ്ചാര പദ്ധതി. വിനോദസഞ്ചാര മേഖലയിലെ സുസ്ഥിര വികസനത്തിനുള്ള ഖത്തറിന്റെ പ്രതിബദ്ധതയുടെ അടയാളമായി ഈ പദ്ധതി മാറും.
ഖത്തറിന്റെ ടൂറിസം മേഖലയിൽ റെക്കോഡുകളുടെ വർഷമായിരുന്നു 2025. 97 ലക്ഷത്തിലധികം ഹോട്ടൽ മുറികളാണ് ബുക്ക് ചെയ്യപ്പെട്ടത്. ഫിഫ ലോകകപ്പിന് ശേഷം രാജ്യം കൈവരിച്ച അടിസ്ഥാന സൗകര്യ വികസനവും വൈവിധ്യമാർന്ന പരിപാടികളും വിനോദസഞ്ചാര മേഖലക്ക് കരുത്തേകി. 2025ന്റെ ആദ്യ പകുതിയിൽ സന്ദർശകരുടെ എണ്ണത്തിൽ മുൻ വർഷത്തെ അപേക്ഷിച്ച് മൂന്ന് ശതമാനം വർധനയാണുണ്ടായത്. സന്ദർശകരിൽ 36 ശതമാനം പേരും ജി.സി.സി രാജ്യങ്ങളിൽനിന്നുള്ളവരാണ്. യൂറോപ്പിൽനിന്ന് 26 ശതമാനവും ഏഷ്യ -ഓഷ്യാനിയ മേഖലയിൽനിന്ന് 22 ശതമാനവും സന്ദർശകരാണ് എത്തിയത്.
2026ലെ ജി.സി.സി വിനോദസഞ്ചാര തലസ്ഥാനമായി ദോഹയെ കഴിഞ്ഞ ദിവസം ഔദ്യോഗികമായി തിരഞ്ഞെടുത്തിരുന്നു. ഇതിന്റെ ഭാഗമായി പ്രത്യേക പ്രമോഷനുകളും സാംസ്കാരിക -വിനോദ പരിപാടികളും ദോഹയിൽ അരങ്ങേറും. ജി.സി.സി രാജ്യങ്ങൾ തമ്മിലുള്ള സഹകരണം ശക്തമാക്കാനും മേഖലയിലെ പ്രധാന ടൂറിസം കേന്ദ്രമായി ദോഹയെ നിലനിർത്താനും ഇത് സഹായിക്കും.
ഖത്തറിന്റെ ആഭ്യന്തര ഉൽപാദനത്തിൽ ടൂറിസം മേഖല വലിയ സംഭാവനയാണ് നൽകുന്നത്. 2024ൽ 5500 കോടി ഖത്തർ റിയാലാണ് ഈ മേഖലയിൽനിന്നുള്ള വരുമാനം (ജി.ഡി.പിയുടെ എട്ട് ശതമാനം). 2023നെ അപേക്ഷിച്ച് 14 ശതമാനം വർധനയാണുണ്ടായത്. 2030ഓടെ ടൂറിസം മേഖലയിൽനിന്നുള്ള വിഹിതം ജി.ഡി.പിയുടെ 12 ശതമാനമായി ഉയർത്താനാണ് ഖത്തർ ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

