ഇന്ന് ദേശീയ കായിക ദിനം
text_fieldsദോഹ: ഇന്ന് ദേശീയ കായിക ദിനം, പൊതുഅവധി. കോവിഡ് സാഹചര്യത്തിൽ നിയന്ത്രണങ്ങളോടെയാണ് ഇത്തവണത്തെ കായിക ദിനാഘോഷം നടക്കുന്നത്. കായികമേഖലയെ ജനകീയവത്കരിക്കുന്നതിെൻറ ഭാഗമായാണ് എല്ലാവർഷവും ഫെബ്രുവരിയിലെ രണ്ടാമത്തെ ചൊവ്വാഴ്ച ദേശീയ കായികദിനമായി ആചരിക്കുന്നത്.
2011ലെ 80ാം നമ്പർ അമീരി ഉത്തരവ് പ്രകാരമാണിത്. 2012ലാണ് ആദ്യമായി രാജ്യം ദേശീയ കായിക ദിനം കൊണ്ടാടിയത്. കായിക മേഖലയുടെ േപ്രാത്സാഹനവും ആരോഗ്യമുള്ള ജനതയെ വാർത്തെടുക്കുകയുമാണ് ലക്ഷ്യം. വംശ-ദേശ-ഭാഷ ഭേദമന്യേ ജനങ്ങളെ ഒരു കുടക്കീഴിൽ കൊണ്ടുവരാനും ഈ ദിനം പ്രയോജനപ്പെടുന്നു. കോവിഡിെൻറ രണ്ടാംവരവ് തടയുന്നതിെൻറ ഭാഗമായി ആരോഗ്യ മന്ത്രാലയം രാജ്യത്ത് നിയന്ത്രണങ്ങൾ പുനഃസ്ഥാപിച്ചിട്ടുണ്ട്. ഇതിനാൽ കായികദിനത്തിൽ വ്യക്തിഗത ഇനങ്ങൾ മാത്രമേ അനുവദിക്കുകയുള്ളൂ.
ഓട്ടം, സൈക്ലിങ്, നീന്തൽ എന്നിവ നടത്താം. എന്നാൽ ഫുട്ബാൾ, ക്രിക്കറ്റ്, വോളിബാൾ പോലുള്ള ഗ്രൂപ് ഇനങ്ങൾ പാടില്ല. കുറേയധികം ടീമുകൾ ഒരു നിശ്ചിത സ്ഥലത്ത് പങ്കെടുക്കുന്ന തരത്തിലുള്ള ഇനങ്ങളും അനുവദിക്കില്ല. കായികദിനത്തിൽ നടക്കുന്ന പരിപാടികൾ കാണാൻ പൊതുജനങ്ങളെ അനുവദിക്കുകയുമില്ല. ഇൻഡോർ പരിപാടികൾ ഒന്നും അനുവദിക്കില്ല. എല്ലാ പരിപാടികളും പുറത്തുവെച്ച് നടത്തുന്നവ ആയിരിക്കണം. സ്കൂളുകൾ, ക്ലബുകൾ എന്നിവിടങ്ങളിൽ കായിക പരിപാടികൾ അനുവദിക്കില്ല.കായിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ എല്ലാ കോവിഡ് പ്രതിരോധ മാർഗങ്ങളും സ്വീകരിക്കണം.
60 വയസ്സിൽ കൂടുതലുള്ളവർ പോലെയുള്ള രോഗപ്രതിരോധ ശേഷി കുറഞ്ഞവർ കായിക ഇനങ്ങളിൽ പങ്കെടുക്കുന്നതിൽനിന്ന് ഒഴിഞ്ഞുനിൽക്കണം. ജനിതകമാറ്റം വന്ന കൂടുതൽ ശേഷിയുള്ള കൊറോണ വൈറസ് രാജ്യത്ത് എത്തിയതായി അധികൃതർ പറയുന്നു. ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് രോഗം കൂടുതൽ വേഗത്തിൽ പടർത്താൻ കഴിവുള്ള ഇനം വൈറസാണിത്. ഈ സാഹചര്യം കൂടുതൽ സങ്കീർണമാണെന്നും പ്രതിരോധ നടപടികളിൽ ജാഗ്രത പാലിക്കുകയാണ് ഏറ്റവും പ്രധാനപ്പെട്ടതെന്നും അധികൃതർ പറയുന്നു.
വ്യായാമം ശീലമാക്കാം; അനുയോജ്യമായ ഭക്ഷണവും
ദോഹ: വ്യായാമത്തിന് മുമ്പും ശേഷവും കഴിക്കാന്‍ അനുയോജ്യമായ ഭക്ഷണങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ നൽകി ആരോഗ്യ മന്ത്രാലയം. ദേശീയ കായികദിനവുമായി ബന്ധപ്പെട്ടാണിത്. വ്യായാമ വേളയില്‍ ഏറ്റവും കൂടുതല്‍ കലോറി എരിയുന്നത് എങ്ങനെയെന്നും ശരീരഭാരം കുറക്കാനും പേശികള്‍ വേഗത്തില്‍ ചലിക്കാനുള്ള മാര്‍ഗങ്ങളുമാണ് കൂടുതല്‍ പേര്‍ക്കും അറിയേണ്ടതെന്നാണ് ആരോഗ്യ മന്ത്രാലയത്തിലെ നദ നാസര്‍ ജബർ പറയുന്നത്.
വ്യക്തികള്‍ വ്യത്യസ്തരായതിനാല്‍ നിരവധി ഘടകങ്ങള്‍ കണക്കിലെടുത്താണ് വ്യായാമത്തിൽ ഓരോ കാര്യവും നിര്‍വഹിക്കേണ്ടത്. അങ്ങനെയാണെങ്കിലും ശരിയായ സമയത്ത് ഭക്ഷണം കഴിക്കുന്നത് വ്യായാമത്തിന് അനുയോജ്യമായ ഫലങ്ങളാണ് തരിക. വ്യായാമ വേളയില്‍ മികവ് പ്രകടിപ്പിക്കാനും ഊർജം വര്‍ധിപ്പിക്കാനും കാര്‍ബോഹൈഡ്രേറ്റുകളാണ് ഉപകാരപ്പെടുക. സങ്കീര്‍ണവും ലളിതവുമായ കാര്‍ബോഹൈഡ്രേറ്റുകള്‍ കലര്‍ത്തുകയെന്ന കാര്യം പ്രധാനപ്പെട്ടതാണ്.
സാധാരണഗതിയില്‍ വ്യായാമത്തിന് ഒന്നുമുതല്‍ നാലുമണിക്കൂര്‍ മുമ്പുവരെ ശരീരത്തിന് ആവശ്യമായ ഇന്ധനം നൽകേണ്ടതുണ്ട്, അതായത് ഭക്ഷണം. ഭക്ഷണത്തെ ശരീരം ഏതുരീതിയിലാണ് സ്വീകരിക്കുന്നത് എന്നതിനനുസരിച്ചാണ് മുന്‍കൂട്ടിയുള്ള സമയം നിശ്ചയിക്കേണ്ടത്. സങ്കീര്‍ണമായ കാര്‍ബോഹൈഡ്രേറ്റിന് ഗോതമ്പ് ടോസ്റ്റും ലളിത കാര്‍ബോഹൈഡ്രേറ്റിന് പഴങ്ങളുമാണ് നല്ലത്. പേശി നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ കാര്‍ബോഹൈഡ്രേറ്റും പ്രോട്ടീനും അടങ്ങിയ ഭക്ഷണം സംയോജിപ്പിക്കുന്നത് കൂടുതല്‍ കലോറി എരിയുന്നതിനും ഊർജസ്വലത നിലനിര്‍ത്തുന്നതിനും പേശികളുടെ ഭാരം കുറക്കുന്നതിനും സഹായിക്കും. ഒപ്പം ആവശ്യമായ പോഷകങ്ങളും ലഭിക്കും.
ഒരു ടേബിള്‍സ്പൂണ്‍ നിലക്കടല ബട്ടറും പഴവും, ഫ്രഷ് ബെറിയും ഓട്സും, ആപ്പിളും ഗ്രീക്ക് യോഗര്‍ട്ടും ബദാമും ചേര്‍ത്തും വ്യായാമത്തിനുമുമ്പ് കഴിക്കുന്നത് നന്നായിരിക്കും. വ്യായാമത്തിന് മുമ്പും വ്യായാമം ചെയ്തുകൊണ്ടിരിക്കെയും ശേഷവും ശരീരത്തിലെ ജലാംശം നിലനിര്‍ത്താനും ശ്രദ്ധിക്കണം. വ്യായാമത്തിന് രണ്ടുമുതല്‍ മൂന്നു മണിക്കൂര്‍ മുമ്പെങ്കിലും 500 മുതല്‍ 600 മില്ലിവരെ വെള്ളം കുടിക്കണം. വ്യായാമ സമയത്ത് ഓരോ പത്തുമുതല്‍ 20 മിനിറ്റിലും 200 മുതല്‍ 300 മില്ലി വെള്ളം കുടിക്കണം. വ്യായാമം പൂര്‍ത്തിയാക്കി 30 മിനിറ്റിനുള്ളില്‍ 250 മില്ലി വെള്ളം കുടിക്കാന്‍ വിദഗ്ധര്‍ ശിപാര്‍ശ ചെയ്യുന്നു. ചൂടുള്ള കാലാവസ്ഥയിലാണ് വ്യായാമമെങ്കില്‍ കൂടുതല്‍ വെള്ളം കുടിക്കേണ്ടതുണ്ട്. ഊര്‍ജ സ്രോതസ്സ് തിരികെ പിടിക്കാന്‍ വ്യായാമത്തിന് മുപ്പത് മിനിറ്റുമുതല്‍ ഒരു മണിക്കൂറിനകം പ്രോട്ടീനും കാര്‍ബോഹൈഡ്രേറ്റും സംയോജിപ്പിക്കുന്ന എന്തെങ്കിലും കഴിക്കുകയോ കുടിക്കുകയോ ചെയ്യുന്നത് നന്നാവും.
ജേര്‍ണല്‍ ഓഫ് ഇൻറര്‍നാഷനല്‍ സൊസൈറ്റി ഓഫ് സ്പോര്‍ട്സ് മെഡിസിന് പറയുന്നതനുസരിച്ച് പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം, അല്പം കാര്‍ബോഹൈഡ്രേറ്റ് എന്നിവ വ്യായാമം ചെയ്തയുടന്‍ കഴിക്കുന്നത് നന്നാവും. വ്യായാമത്തിനുശേഷം ഇളം ഒലിവ് ഓയിലും വിനാഗിരിയും ചേര്‍ത്ത വറുത്ത ചിക്കന്‍ എന്നിവ ചേര്‍ത്തുള്ള സാലഡ്, രണ്ടു ടേബിള്‍സ്പൂണ്‍ അസംസ്കൃത നിലക്കടല വെണ്ണ ചേര്‍ത്ത ഗോതമ്പ് റൊട്ടി രണ്ടു കഷണം, വേവിച്ച പച്ചക്കറികളുള്ള ഗ്രില്‍ ചെയ്ത ചിക്കന്‍ അല്ലെങ്കില്‍ സാല്‍മണ്‍, കൊഴുപ്പുകുറഞ്ഞ പാല് ഉപയോഗിച്ചുള്ള വെജി ഓംലെറ്റ് എന്നിവയും കഴിക്കാവുന്നതാണ്.
നിത്യേനയുള്ള വ്യായാമം അസുഖസാധ്യത ഏറെ കുറക്കും
സ്ഥിരമായുള്ള വ്യായാമം അസുഖങ്ങൾ വരാനുള്ള സാധ്യത പരമാവധി കുറക്കുമെന്ന് പ്രൈമറി ഹെൽത്ത് കെയർ കോർപറേഷൻ (പി.എച്ച്.സി.സി) അറിയിച്ചു. ഹൃദയസംബന്ധമായ അസുഖങ്ങളും പക്ഷാഘാതവും 35 ശതമാനം വരെ കുറക്കാനാകും. ഇത്തരം അസുഖങ്ങൾ മൂലമുള്ള മരണം 30 ശതമാനം വെര കുറക്കാനുമാകും. ടൈപ് രണ്ട് പ്രമേഹത്തിനുള്ള സാധ്യത 50 ശതമാനം കുറക്കാം. മലാശയ അർബുദത്തിെൻറ സാധ്യത 50 ശതമാനവും സ്തനാർബുദസാധ്യത 20 ശതമാനമായും കുറക്കാൻ നിത്യേനയുള്ള വ്യായാമത്തിലൂടെ സാധിക്കുമെന്നും അധികൃതർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

