മലയാളത്തിന് ഇന്ന് വായനദിനം; വായനയുടെ കൂടൊരുക്കി റീഡേഴ്സ് നെസ്റ്റ്
text_fieldsഐ.സി.ബി.എഫ് റീഡേഴ്സ് നെസ്റ്റിലേക്ക് ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി ഈഷ് സിംഗാൾ സംഭാവന നൽകിയ പുസ്തകങ്ങൾ ഭാരവാഹികൾ ഏറ്റുവാങ്ങുന്നു
ദോഹ: ഖത്തറിലെ ഇന്ത്യൻ പ്രവാസിസമൂഹത്തിന് എന്തിനും ഏതിനും ധൈര്യമായി കയറിച്ചെന്ന് സഹായം ചോദിക്കാനുള്ള ഇടമാണ് തുമാമയിലെ ഇന്ത്യൻ കമ്യൂണിറ്റി ബെനവലന്റ് ഫോറം (ഐ.സി.ബി.എഫ്) ആസ്ഥാനം. തൊഴിൽ പ്രശ്നങ്ങളും നിയമ സങ്കീർണതകളും മുതൽ പ്രവാസികളുടെ നീറുന്ന ആശങ്കകൾക്കെല്ലാം ഇവിടെ ഉത്തരമുണ്ട്. ഖത്തറിലെ ഇന്ത്യൻ എംബസിയുടെ അപെക്സ് ബോഡിയെന്ന നിലയിൽ 40 വർഷമായി സാമൂഹിക ക്ഷേമ മേഖലയിലെ നിറസാന്നിധ്യമായ ഐ.സി.ബി.എഫ് പ്രവാസികൾക്കായി അവതരിപ്പിച്ച മറ്റൊരു പദ്ധതിയാണ് റീഡേഴ്സ് നെസ്റ്റ് എന്ന വായന ലോകം.
ഐ.സി.ബി.എഫിലെ റീഡേഴ്സ് നെസ്റ്റ് ലൈബ്രറി
പ്രവാസി ഇൻഷുറൻസും, കൗൺസലിങ് ഹൗസും, വിവിധ ബോധവത്കരണ പരിപാടികളും, കോൺസുലാർ സേവനങ്ങളും മുതൽ ശ്രദ്ധേയമായ നാലു പതിറ്റാണ്ട് പൂർത്തിയാക്കിയതിന്റെ ഭാഗമായി കഴിഞ്ഞ വർഷമാണ് തുമാമയിലെ ഐ.സി.ബി.എഫ് ആസ്ഥാനത്ത് വായനയുടെ കൂടായി ‘റീഡേഴ്സ് നെസ്റ്റ്’ ആരംഭിച്ചത്. ഐ.സി.ബി.എഫിന്റെ കഴിഞ്ഞ ഭരണസമിതി അംഗങ്ങൾ മുൻകൈയെടുത്ത് പൂർത്തിയാക്കിയ ലൈബ്രറി ഡിസംബർ 22ന് ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി ഈഷ് സിംഗാൾ ഉദ്ഘാടനം ചെയ്ത് വായനക്കാർക്കായി തുറന്നുനൽകിയതു മുതൽ ഖത്തറിൽ വായനയുടെ പുതുകേന്ദ്രമായിമാറി.വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ട് ഖത്തറിലെ ജയിലുകളിൽ കഴിയുന്ന ഇന്ത്യക്കാർക്ക് വായനയിലൂടെ അറിവിന്റെ പുതുലോകം തുറന്നു നൽകുന്നതിനായി ആവിഷ്കരിച്ച പദ്ധതികളുടെ തുടർച്ചയായിരുന്നു ‘റീഡേഴ്സ് നെസ്റ്റി’ലൂടെ സാക്ഷാത്കരിക്കപ്പെട്ടതെന്ന് ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു.
എംബസി ഉദ്യോഗസ്ഥരും ഐ.സി.ബി.എഫ് ഭാരവാഹികളും എല്ലാ ആഴ്ചകളിലും നടത്തുന്ന ജയിൽ സന്ദർശനത്തിൽ തടവുകാർ ഉന്നയിക്കുന്ന പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു അവർക്ക് വായിക്കാൻ പുസ്തകങ്ങൾ എത്തിക്കുകയെന്നത്. ആദ്യമൊക്കെ, പലയിടങ്ങളിൽനിന്നായി സമാഹരിക്കുന്ന പുസ്തകങ്ങളായിരുന്നു തടവുകാർക്ക് വായിക്കാൻ നൽകിയത്. ഈ ആവശ്യം പതിവായി ഉയർന്നതോടെയാണ് ഐ.സി.ബി.എഫിന് കീഴിൽ ഒരു ലൈബ്രറി ആരംഭിച്ചാലോ എന്ന ചിന്ത സജീവമായത്. എംബസി ഷെൽട്ടറിൽ അഭയം തേടുന്നവർ, ഐ.സി.ബി.എഫിലെ കോൺസുലാർ സർവിസുകൾക്ക് വന്ന് കാത്തിരിക്കുന്നവർ തുടങ്ങിയവർക്കും വായനയുടെ വാതിൽ തുറന്നു നൽകാൻ കഴിയുമെന്ന ആലോചന ലൈബ്രറിയിലേക്കുള നീക്കം സജീവമാക്കി. മുൻ ഭരണ സമിതിയിലെ അംഗങ്ങളായ പ്രസിഡന്റ് ഷാനവാസ് ബാവ, സഹഭാരവാഹികളായ ദീപക് ഷെട്ടി, വർക്കി ബോബൻ, ടി.കെ മുഹമ്മദ് കുഞ്ഞി, സറീന അഹദ് എന്നിവർ ചേർന്നായിരുന്നു ലൈബ്രറിയുടെ ഷെൽഫുകൾ ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയത്.
ഇന്ത്യൻ കമ്യൂണിറ്റിയിലെ അംഗങ്ങൾ വിവിധ ഭാഷയിലുള്ള പുസ്തകങ്ങൾ സംഭാവനയായി നൽകിയതോടെ ‘റീഡേഴ്സ് നെസ്റ്റ്’ സമ്പന്നമായി. ഇപ്പോൾ ജയിൽ സന്ദർശനത്തിൽ കാര്യമായിത്തന്നെ പുസ്തകങ്ങൾ എത്തിക്കാൻ കഴിയുന്നതോടൊപ്പം ദിവസേന നിരവധി പേർ പുസ്തകങ്ങൾ തേടിയുമെത്തുന്നു. ഖത്തറിലെ ഇന്ത്യൻ കമ്യൂണിറ്റിയിൽനിന്നുള്ള ആർക്കും വായിക്കാൻ പുസ്തകങ്ങൾ എടുക്കാവുന്നതാണ്. കുട്ടികളും മുതിർന്നവരും ഉൾപ്പെടെ നിരവധി പേരാണ് റീഡേഴ്സ് നെസ്റ്റിൽ പുതിയ പുസ്തകങ്ങൾ അന്വേഷിച്ച് എത്തുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു. ഉച്ച 12 മുതൽ രാത്രി എട്ട് വരെ ലൈബ്രറി സജീവമാണ്. വിവിധ ഭാഷകളിലായി 1600ഓളം പുസ്തകങ്ങളുടെ ശേഖരമാണ് റീഡേഴ്സ് നെസ്റ്റിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

