ഇന്ന് അന്താരാഷ്ട്ര ഹൃദയദിനം: ആരോഗ്യമുള്ള ഹൃദയത്തിനായി ഹൃദയപൂർവം
text_fieldsപ്രായമേറിയ ആളുകൾക്ക് മാത്രം കണ്ടുവന്നിരുന്ന ഹൃദ്രോഗങ്ങൾ ഇന്ന് ചെറുപ്പക്കാരിലും വളരെ അധികമായി കണ്ടുവരുന്നു. അസുഖം നേരത്തേ കണ്ടെത്താനും ചികിത്സ നടത്താനുമുള്ള സൗകര്യങ്ങൾ വളരെ അധികം ഉണ്ടായിട്ടും അസുഖബാധിതരുടെ എണ്ണവും മരണവും ഏറുന്നത് വിരോധാഭാസമാണ്. ഇതെല്ലാം ചൂണ്ടിക്കാണിക്കുന്നത് നമ്മൾ ഹൃദ്രോഗങ്ങൾക്കെതിരെ നടത്തുന്ന അവബോധവും പ്രവർത്തനങ്ങളും ലക്ഷ്യത്തിൽ എത്തിച്ചേരുന്നില്ല എന്നതുതന്നെയാണ്.
ലോകത്താകമാനം പ്രതിവർഷം ഉദ്ദേശം 17.9 ദശലക്ഷം മരണങ്ങൾക്ക് ഹൃദയസംബന്ധമായ രോഗങ്ങൾ കാരണമാകാറുണ്ട്. മാറ്റം വരുത്തുവാൻ സാധിക്കാത്തവ (പ്രായം, ലിംഗം, വംശം, കുടുംബ ചരിത്രം), മാറ്റം വരുത്തുവാൻ സാധിക്കുന്നവ (രക്താതിസമ്മർദം, പുകവലി, പ്രമേഹം, ഡിസ്ലിപിഡെമിയ, ശാരീരികമായ നിഷ്ക്രിയത്വം, തെറ്റായ ഭക്ഷണക്രമം, കൃത്യമല്ലാത്ത ഉറക്കം, മാനസികസമ്മർദം) എന്നിങ്ങനെ പ്രധാനമായും രണ്ടുവിധം കാരണങ്ങളാണ് ഹൃദയസംബന്ധമായ രോഗങ്ങളിലേക്ക് നയിക്കുന്നത്. ഇതിൽ മാറ്റംവരുത്തുവാൻ സാധിക്കുന്ന കാരണങ്ങൾ മനസ്സിലാക്കി കൃത്യമായ രീതിയിൽ ആവശ്യമായ ക്രമീകരണങ്ങൾ നടത്തിയാൽ ഒരു പരിധിവരെ ഹൃദ്രോഗങ്ങളെ പ്രതിരോധിക്കാൻ സാധിക്കും.
ജീവിതശൈലിയിലും ഭക്ഷണക്രമത്തിലും ആവശ്യമായ മാറ്റങ്ങൾ വരുത്തുകയും ഒപ്പം ആവശ്യമായ മരുന്നുകളും പരിശോധനകളും ചികിത്സയും കൃത്യമായി ഉപയോഗിക്കുകയും വേണം. മുമ്പ് നിലവിലുണ്ടായിരുന്ന ജീവിതരീതിയിൽ മാറ്റംവരുത്തേണ്ടി വന്നതിനെ കുറിച്ച് കൃത്യമായി അവബോധം ഉണ്ടായിരിക്കുകയും ജീവിതരീതിയിൽ ഇനി പാലിക്കേണ്ട ചിട്ടകളെ ബോധവാനായിരിക്കുകയും വേണം.
ജീവിതരീതിയിൽ വന്നിട്ടുള്ള തെറ്റായ ശീലങ്ങൾ മനസ്സിലാക്കി വേണ്ട മാറ്റങ്ങൾ വരുത്തുന്നത് ഒപ്പം മനുഷ്യശരീരത്തിന്റെ ഘടനയെയും പ്രവർത്തനങ്ങളെ കുറിച്ചും അവബോധം ഉണ്ടായിരിക്കണം. ഏറെ സങ്കീർണമായ ഒരുപാട് പ്രവർത്തനങ്ങൾ ഒരേസമയം നടക്കുന്ന ഒരു എൻജിനീയറിങ് അത്ഭുതമാണ് മനുഷ്യശരീരം. ഒപ്പം ഓരോ ഭാഗത്തിനും അതിന്റേതായ പ്രവർത്തനവും പ്രാധാന്യവുമുണ്ട്. ശരീരത്തിന്റെ ഈ ഘടനയുടെ പ്രധാന ലക്ഷ്യം വിവിധസാഹചര്യങ്ങളിൽ അതിജീവിക്കുക എന്നതാണ്. ഫിസിയോളജിക്കൽ അഡാപ്റ്റേഷൻ ഉടനടിയാണ്, അതേസമയം ജനിതക പൊരുത്തപ്പെടുത്തലുകൾക്ക് ദശലക്ഷക്കണക്കിന് വർഷങ്ങൾ ആവശ്യമായി വരും. ഭക്ഷണക്രമം, ശാരീരിക പ്രവർത്തനങ്ങൾ, ഉറക്കം, മാനസികസമ്മർദം നിയന്ത്രിക്കൽ എന്നീ മേഖലകളിൽ മനുഷ്യന്റെ രൂപകൽപനയെ അവഗണിച്ചതിന്റെ അനന്തരഫലമായാണ് ആധുനിക കാലത്തെ മിക്ക രോഗങ്ങളും ഉണ്ടാകുന്നത്.
ഭക്ഷണക്രമം
ഭക്ഷണക്രമത്തെ കുറിച്ചു തന്നെ അനവധി ഉപദേശങ്ങൾ മെഡിക്കൽ ചികിത്സാരംഗത്ത് ലഭ്യമാണ്. എന്നിരുന്നാലും എല്ലാ അസുഖങ്ങൾക്കും അനുയോജ്യമായ ഒരു ഭക്ഷണക്രമീകരണം സാധ്യമല്ല. ഭക്ഷണം സംഭരിച്ചുവയ്ക്കുവാൻ സാധിക്കുന്ന ശരീര ഘടന കാരണം ആളുകൾ കൂടുതൽ അളവിൽ ഭക്ഷണം കഴിക്കുവാൻ ആരംഭിച്ചു. അമിതമായി ഭക്ഷണം കഴിക്കുന്നത് കാരണം ശരീരത്തിൽ കൂടുതൽ ഗ്ലൂക്കോസ് വർധിക്കുകയും തുടർന്ന് ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കുന്നതിനും സംഭരിച്ചുവെക്കുന്നതിനായും കൂടുതൽ ഇൻസുലിൻ ഉൽപാദിപ്പിക്കപ്പെടുകയും ചെയ്തു. അമിതമായ ഗ്ലൂക്കോസും ഇൻസുലിനും ശരീരത്തിന് ദോഷകരമാണ്. ഇത് വീക്കം, രക്തം കട്ടപിടിക്കാനുള്ള സന്ദർഭങ്ങൾ, അമിതവണ്ണം, ഹൈപ്പർടെൻഷൻ, പ്രമേഹം, ഡിസ്ലിപിഡെമിയ, കാൻസറുകൾ എന്നിവക്ക് കാരണമാകും.
ഗ്ലൂക്കോസിനേക്കാൾ ശരീരത്തിന് കൂടുതൽ ഹാനികരം ഫ്രക്ടോസ് ആണ്. ഇത് ഡയറ്ററി ഷുഗറിന്റെ 50 ശതമാനത്തോളം വരും. ഫ്രക്ടോസിനെ ആവശ്യാനുസരണം നിയന്ത്രിക്കുന്ന അവയവമാണ് കരൾ. അമിതമായി ഫ്രക്ടോസ് അടങ്ങിയിട്ടുള്ള ഭക്ഷണക്രമം കരളിനെ തകരാറിലാക്കും. അതുപോലെ ചില ഭക്ഷണങ്ങൾ പരസ്പരപൂരകങ്ങളാണ്.
അമിതമായി ഭക്ഷണം കഴിക്കുന്നത്, പഞ്ചസാര അധികമുള്ളവ, സംസ്കരിച്ച ഭക്ഷണം, ട്രാൻസ് ഫാറ്റുകൾ, ഉയർന്ന തോതിൽ ഒമേഗ ആറ് അടങ്ങിയിട്ടുള്ള ഭക്ഷണം എന്നിവ ഒഴിവാക്കുക. ഇൻസുലിന്റെ അമിതമായ അളവ് ശരീരത്തിൽ നിയന്ത്രിക്കുന്നതിനായി ഭക്ഷണം കഴിക്കുന്നതിനിടയിലുള്ള ഇടവേളകളുടെ ദൈർഘ്യം വർധിപ്പിക്കുക എന്നത് വളരെ പ്രയോഗകരമായ നിർദേശമാണ്. ഇതിനായി ഇന്റർമിറ്റെന്റ് ഫാസ്റ്റിങ്, ടെം റെസ്ട്രിക്റ്റഡ് ഫീഡിങ് തുടങ്ങിയ മാർഗങ്ങൾ സ്വീകരിക്കാം. എന്നാൽ, ഇവ എല്ലാവർക്കും ഒരുപോലെ ചെയ്യാൻ സാധിക്കില്ല. പ്രത്യേകിച്ച് പ്രായമായവർ, ടൈപ്പ് വൺ പ്രമേഹബാധിതർ, കുട്ടികൾ, മറ്റു ഭക്ഷണം കഴിക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ തകരാറുള്ളവർ എന്നിവരെല്ലാം ഒരു ഡോക്ടറുടെ നിർദേശം അനുസരിച്ച് മാത്രമേ ഇന്റർമിറ്റെന്റ് ഫാസ്റ്റിങ്, ടെം റെസ്ട്രിക്റ്റഡ് ഫീഡിങ് എന്നിവ ആരംഭിക്കാവൂ. അതുപോലെ എല്ലാ സാഹചര്യത്തിലും വിവിധ ഭക്ഷണങ്ങളിൽനിന്നും ശരീരം ഒരുപോലെ ഊർജ്ജം ഒരുപോലെ സംഭരിക്കുന്നില്ല എന്നത് പ്രത്യേകം ശ്രദ്ധിക്കുക.
വ്യായാമം
ശരീരഭാരം കുറക്കുന്നതിനും മസിലുകൾ പെരുപ്പിക്കുന്നതിനുമുള്ള മാർഗമായാണ് പലരും വ്യായാമത്തെ കാണുന്നത്. എന്നാൽ, അമിതവണ്ണം കുറക്കുന്നതിനും മറ്റ് അസുഖങ്ങൾ നിയന്ത്രിക്കുന്നതുമുള്ള ഒരു അവിഭാജ്യഘടകം കൂടിയാണ് വ്യായാമം. ഭക്ഷണക്രമത്തിൽ ചെറിയ പാളിച്ചകൾ ഉണ്ടെങ്കിൽപോലും അതു പരിഹരിക്കാൻ കൃത്യമായിട്ടുള്ള വ്യായാമത്തിലൂടെ സാധിക്കും. അതുപോലെ വ്യായാമത്തിൽ ഏർപ്പെടുന്നതിന് മുമ്പ് പ്രധാനമായും അതിന്റെ നാല് പ്രധാനവശങ്ങളെ കുറിച്ച് അറിഞ്ഞിരിക്കേണ്ടതുണ്ട്.
എയറോബിക് വ്യായാമം: കുറഞ്ഞത് 150 മിനിറ്റുള്ള മിതമായ തീവ്രതയിലെ (ഉദാഹരണമായി വ്യായാമം ചെയ്യുന്നതിനിടയിൽ സംസാരിക്കാം എന്നാൽ, കൂടുതൽ സ്ട്രെയിൻ എടുത്ത് പാടുകൾ പോലുള്ള കാര്യങ്ങൾ ഇല്ലാതെയുള്ള) വ്യായാമമാണ് നിർദേശിക്കുന്നത്. ഇത് ദിവസേനെ അരമണിക്കൂർ എന്ന വിധത്തിൽ ആഴ്ചയിൽ അഞ്ചു ദിവസമായി പരിമിതപ്പെടുത്താം. അതുപോലെ അസുഖബാധിതരും ആദ്യമായി തുടങ്ങുന്നവരും ഒരു വിദഗ്ധന്റെ ഉപദേശം അനുസരിച്ച് വേണം വ്യായാമം ആരംഭിക്കാൻ. അത്തരക്കാർക്ക് ചെറിയതോതിൽ തുടങ്ങി ക്രമേണ ലക്ഷ്യം കൈവരിക്കാം.
റെസിസ്റ്റൻസ് പരിശീലനം: നെഞ്ചിന്റെ പിൻഭാഗം, ഉദരം എന്നിവയുടെ പ്രധാന പേശികൾക്ക് വേണ്ടിയുള്ള വ്യായാമം. ഇത് കുറഞ്ഞത് പത്തു തവണയുടെ രണ്ടു സെറ്റായി ആഴ്ചയിൽ കുറഞ്ഞത് രണ്ട് പ്രാവശ്യം ചെയ്യുക.
സ്ട്രെച്ചിങ്: ശരീരത്തിലെ എല്ലാ പ്രധാന സന്ധികൾക്കു വേണ്ടിയും ചെയ്യണം. ഓരോ സ്ട്രെച്ചും നാല് ആവർത്തനങ്ങളോടെ 15 സെക്കൻഡ് നേരം ചെയ്യണം.
ബാലൻസിങ്: യോഗ, തായ് ചി പോലുള്ള വ്യായാമമുറകൾ ചെയ്യുന്നത് ശരീരത്തിന്റെ ഘടന നിലനിർത്തുന്നതിന് ഏറെ സഹായകരമാണ്. കൂടാതെ വ്യായാമം ചെയ്യുന്നത് ശരീരഭാരം കുറക്കുന്നത് വഴി ഇൻസുലിന്റെ പ്രവർത്തനം നല്ലരീതിയിൽ നടക്കുന്നതിനും മനസികസമ്മർദം നിയന്ത്രിക്കുന്നതിനും കാൻസർ പോലുള്ള അസുഖങ്ങൾ പ്രതിരോധിക്കുന്നതിനും സഹായിക്കും.
ഉറക്കം
ശരീരത്തിലെ ആവശ്യമില്ലാത്ത ടോക്സിനുകളെ കളയുന്നതിനും ഡി.എൻ.എയുടെ പ്രവർത്തനം കൃത്യമായി നടക്കുന്നതിനും ഉറക്കം കൂടിയേ തീരൂ. തിരക്കേറിയ ജീവിതസാഹചര്യത്തിൽ കൃത്യമായ ഉറക്കത്തിന്റെ പ്രാധാന്യം അത്രയും വലുതാണ്. കൃത്യമായി ഉറക്കം ഇല്ലാത്തത് അമിതവണ്ണം, പ്രമേഹം, കാർഡിയോവാസ്കുലാർ രോഗങ്ങൾ, മാനസികാവസ്ഥ തകരാറുകൾ, അർബുദങ്ങൾ എന്നിവക്കും കാരണമാകാറുണ്ട്. ആരോഗ്യമുള്ള ശരീരത്തിന് ദിവസവും കുറഞ്ഞത് ഏഴു മണിക്കൂർ ഉറക്കം കൂടിയേ തീരൂ. കൃത്യമായ ഉറക്കം ലഭിക്കാനായി ജീവിതരീതികളിൽ ഒരുപാട് മാറ്റങ്ങൾ പുലർത്താവുന്നതാണ്. പ്രത്യേകിച്ച് ഉറങ്ങുവാൻവേണ്ടി മാത്രം കിടക്ക ഉപയോഗിക്കുക. രാത്രി ഉറങ്ങുന്ന സമയവും ഉണരുന്ന സമയവും കൃത്യമായി പാലിക്കുക. അനുയോജ്യമായി മുറിയിലെ താപനില നിലനിർത്തുക. ഉറക്കത്തിന് മുമ്പ് ചൂടുള്ള ഷവർ, കുറഞ്ഞ ശബ്ദം ക്രമീകരിക്കുക, രാത്രി വൈകിയുള്ള ഭക്ഷണങ്ങൾ ഒഴിവാക്കുക, അമിതമായി ഉപ്പിട്ട ഭക്ഷണം കഴിക്കുന്നതും രാത്രിയിൽ കഫീൻ അടങ്ങിയ പാനീയങ്ങൾ എന്നിവ ഒഴിവാക്കുകയും ചെയ്യുക. കിടക്കുന്നതിന് മുമ്പായി മെലറ്റോണിൻ സപ്രഷന് കാരണമാകാൻ സാധ്യതയുള്ള ശക്തമായ വെളിച്ചവും നീലനിറത്തിലുള്ള വെളിച്ചവും ഏൽക്കുന്നത് ഒഴിവാക്കുക. ലൈറ്റ് മ്യൂസിക് കേൾക്കുന്നത് മാനസിക ഉല്ലാസം വർധിപ്പിക്കുകയും സ്ട്രെസ് കുറക്കുകയും ചെയ്യും. ഉറക്കമില്ലായ്മ വിദഗ്ധരുടെ സഹായത്തോടെ ഒരു പരിധി വരെ പരിഹരിക്കാൻ സാധിക്കും.
മാനസിക പിരിമുറുക്കം
ചെറിയ കാരണങ്ങൾ മതി ആളുകളെ മാനസിക പിരിമുറുക്കത്തിലേക്ക് നയിക്കാൻ. എന്നാൽ അത്തരം കാരണങ്ങൾ കൃത്യമായി കണ്ടെത്തി വേണ്ടവിധം പരിഹരിച്ചാൽ പിരിമുറുക്കം കുറക്കാൻ സാധിക്കും. വിട്ടുമാറാത്ത സമ്മർദം ലഹരിവസ്തുക്കളുടെ ഉപയോഗത്തിലേക്കും ഉത്കണ്ഠ, വിഷാദം എന്നിവയിലേക്കും നയിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. അത് പിന്നീട് ഹൃദയ സംബന്ധമായ രോഗങ്ങളിലേക്ക് നയിച്ചേക്കാം. വിദഗ്ധ സഹായം തേടുകയാണ് അത്തരം സന്ദർഭങ്ങളിൽ പ്രധാനമായി ചെയ്യേണ്ടത്. ജീവിത ശൈലിയിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുക.
മാനസികപിരിമുറുക്കം നൽകുന്ന കാര്യങ്ങളേക്കാൾ സന്തോഷവും സമാധാനവും നൽകുന്ന കാര്യങ്ങളെ കുറിച്ച് ചിന്തിക്കാൻ ശ്രമിക്കുക. പരസ്പരം സഹായിക്കുന്നതിലൂടെയും സ്നേഹിക്കുന്നതിലൂടെയും സാമൂഹികസേവനങ്ങളിലൂടെയും ലഭിക്കുന്ന സംതൃപ്തി മാനസികപിരിമുറുക്കം കുറയ്ക്കുവാൻ സഹായിക്കും. മയക്കുമരുന്ന് ദുരുപയോഗത്തിൽ നിന്നും മറ്റു ദുഃസ്വഭാവങ്ങളിൽനിന്നും മുക്തമാകുന്നതിനായി വിദഗ്ധരുടെ സഹായം തേടുക.
ആരോഗ്യകരമായ ജീവിതത്തിനായി വിദഗ്ധർ നിർദേശിക്കുന്ന വിവിധ മാർഗങ്ങളാണ് വിശദീകരിച്ചത്. കൃത്യമായ ഇടവേളകളിൽ നടത്തുന്ന പരിശോധനകളും ആവശ്യമായ ചികിത്സയും ജീവിതശൈലിയിൽ വരുത്തുന്ന മാറ്റങ്ങളും രോഗലക്ഷണങ്ങൾ നേരത്തേ മനസ്സിലാക്കുന്നതും പെെട്ടന്ന് ഭേദമാകുന്നതിനും സഹായിക്കും. നെഞ്ചുവേദന, ശ്വസനത്തിനുള്ള ബുദ്ധിമുട്ടുകൾ, വേഗത്തിലുള്ള ഹൃദയമിടിപ്പ്, ബോധക്ഷയം, കാലിൽ വീക്കം, വേദന എന്നിവയെല്ലാം ഹൃദ്രോഗ ലക്ഷണങ്ങളാണ്.
ശരീരം മുഴുവൻ രക്തം പമ്പ് ചെയ്യുന്ന ഒരു അവയവം എന്നതിലുപരിയാണ് ഹൃദയത്തിന്റെ പ്രവർത്തനം. ഇത് ഉപബോധമനസ്സിന്റെ ഭാഗം കൂടിയാണ്. നമ്മുടെ ജീവിതരീതികളിൽ വന്നിട്ടുള്ള മാറ്റങ്ങളും കടന്നുപോകുന്ന ചുറ്റുപാടുകളും എല്ലാം ഹൃദയാരോഗ്യത്തിന് വളരെ പ്രധാനമാണ്. എല്ലാ വർഷവും സെപ്റ്റംബർ മാസത്തിലെ 29നാണ് ലോകവ്യാപകമായി ലോക ഹൃദയദിനമായി ആചരിക്കുന്നത്. 'എല്ലാവരുടെയും ഹൃദയത്തിനുവേണ്ടി ഹൃദയം ഉപയോഗിക്കുക' എന്നതാണ് ഈ വർഷത്തെ മുദ്രാവാക്യം.
ഡോ. ജോജി മാത്യൂസ് (MBBS, MD, DNB (cardiology), Dip. IBLM)
(ഹൃദ്രോഗ വിദഗ്ധൻ- ആസ്റ്റർ മെഡിക്കൽ സെന്റർ -അൽ ഹിലാൽ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

