തണുപ്പുകുപ്പായത്തിലേക്ക്...
text_fieldsഖത്തറിലെ ഇൻഡസ്ട്രിയൽ ഏരിയയിൽനിന്നുള്ള ദൃശ്യം
ദോഹ: സ്വിച്ചിട്ട പോലെ തണുപ്പുകുപ്പായത്തിനുള്ളിലേക്ക് വലിഞ്ഞുതുടങ്ങി ഖത്തറിലെ ജീവിതം. ഒരു മാസത്തിലേറെയായി തുടരുന്ന കാലാവസ്ഥാ മാറ്റത്തിന്റെ സൂചനകൾക്കിടയിൽ ചൂടും തണുപ്പും ഏറിയും കുറഞ്ഞും നിൽക്കുകയായിരുന്നെങ്കിലും വ്യാഴാഴ്ച വൈകീട്ടോടെ ഖത്തറിലെ കാലാവസ്ഥ അടിമുടി മാറിയ മട്ടാണ്. ശക്തമായ കാറ്റിനൊപ്പം കൂളിരുകൂടി എത്തിയതോടെ ഡിസംബർ പിറക്കുന്നത് തണുപ്പുകാലത്തിലേക്ക്.
കഴിഞ്ഞ മൂന്നു ദിവസങ്ങളിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും തണുപ്പ് അനുഭവപ്പെട്ടു തുടങ്ങിയതോടെ സ്വദേശികളും പ്രവാസികളും ഉൾപ്പെടെ ജനങ്ങളും ജീവിത രീതികൾ മാറ്റിപ്പിടിച്ചുതുടങ്ങി. വൈകുന്നേരങ്ങളിലും രാത്രിയും പുറത്തിറങ്ങുമ്പോൾ തണുപ്പുകുപ്പായം പതിയെ അണിഞ്ഞുതുടങ്ങുകയായി.
താമസ സ്ഥലങ്ങളിൽ എയർകണ്ടീഷന്റെ ജോലി കുറച്ചും, വീടുകളിൽ കുളിമുറികളിൽ ഹീറ്റർ സജീവമാക്കിയുമെല്ലാം തണുപ്പിനെ ഉൾക്കൊണ്ടു തുടങ്ങുകയായി.
വെള്ളിയാഴ്ച രാജ്യത്തെ ഏറ്റവും കുറഞ്ഞ താപനില അബുസംറയിൽ രേഖപ്പെടുത്തി. 15 ഡിഗ്രി സെൽഷ്യസായിരുന്നു ഇവിടെ കുറഞ്ഞ താപനില. ദോഹ, വക്റ, മിസൈദ്, ഷെഹാനിയ തുടങ്ങിയ മേഖലകളിൽ 18ഉം, ഷെഹാനിയയിൽ 17ഉം ഡിഗ്രി താപനിലയിലെത്തി. ദോഹയിൽ രേഖപ്പെടുത്തിയ 24 ഡിഗ്രിയായിരുന്നു കഴിഞ്ഞ ദിവസത്തെ ഏറ്റവും കൂടിയ താപനില. ദോഹ എയർപോർട്ട്, വക്റ, മിസൈദ് തുടങ്ങിയ മേഖലകളിൽ 24ലെത്തി.
വ്യാഴാഴ്ച രാജ്യത്തിന്റെ വിവിധ മേഖലകളിൽ മഴയും പെയ്തു. റൗദത് അൽ ഫറാസിൽ 9.8 മില്ലിമീറ്റർ മഴ ലഭിച്ചതായി ഖത്തർ കാലാവസ്ഥ വിഭാഗം അറിയിച്ചു. രാജ്യം തണുപ്പിലേക്ക് നീങ്ങിയതോടെ വിപണിയിൽ അനുബന്ധ ഉൽപന്നങ്ങളും സജീവമായി. തണുപ്പ് കുപ്പായങ്ങൾ, ബ്ലാങ്കറ്റ് തുടങ്ങിയ ടെക്സ്റ്റൈൽ വിപണിയിൽ വമ്പൻ ഓഫറുകളും ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

